നവാസ് ഖാൻ മരണത്തോട് മല്ലിട്ടുകിടന്നത് മണിക്കൂറുകൾ
1280018
Wednesday, March 22, 2023 11:54 PM IST
വിഴിഞ്ഞം: നാട്ടുകാരെ ഒന്ന് വിളിക്കാനോ, കടുത്ത വേദനയിൽ ഒന്നു കരയാനോ കഴിയാതെ വിഴിഞ്ഞം മതിപ്പുറം സ്വദേശി നവാസ് ഖാൻ മരണത്തോടു മല്ലടിച്ചത് മണിക്കൂറുകൾ. താമസിക്കുന്ന ഫ്ലാറ്റിന്റെ മൂന്നാം നിലയിൽ നിന്നു താഴേക്കുവീണ് തല തകർന്നു കിടന്ന യുവാവിനെ രാവിലെ നാട്ടുകാർ കാണുമ്പോഴും ജീവനുണ്ടായിരുന്നു. എന്നാൽ ജന്മനാ വിധി പകർന്നു നൽകിയ വൈകല്യം നവാസ് ഖാന് അവസാന നാളിലും വിനയായി.
ബധിരനും മൂകനുമായ ഇയാളുടെ വീഴ്ചയും ഞരക്കങ്ങളും ഒന്നും സമീപത്തെ താമസക്കാരോ തൊട്ടുമുകളിൽ ഉറങ്ങിക്കിടന്ന ഭാര്യയോ മക്കളോ അറിഞ്ഞിരുന്നില്ല. ഒന്ന് ഉറക്കെ വിളിച്ചാൽ പോലും കേൾക്കാവുന്ന ദുരത്തിൽ ഉണ്ടായിരുന്നവരും നവാസ് ഖാനുണ്ടായ ദുരന്തം അറിഞ്ഞതു വൈകി. കിടപ്പാടമില്ലാത്തവർക്കു വേണ്ടി മതിപ്പുറത്ത് സർക്കാർ നിർമിച്ച് നൽകിയ ഫ്ലാറ്റിലാണ് ഇയാളും ഭാര്യയും പത്തും പന്ത്രണ്ടും വയസുള്ള രണ്ട് പെൺമക്കളുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്.
വീട്ടിലെ പട്ടിണിയകറ്റാൻ ചൊവ്വാഴ്ച വൈകുന്നേരം അയൽവാസികളായ മറ്റ് രണ്ടുപേർക്കൊപ്പം വിഴിഞ്ഞത്തു നിന്ന് മീൻ പിടിക്കാനിറങ്ങി. പുലർച്ചെ രണ്ടരയോടെ മടങ്ങിയെത്തിയശേഷം ഫ്ലാറ്റിലെ പടിക്കെട്ടുകൾ കയറി വീട്ടിലേക്കുള്ള നടത്തത്തിനിടയിയിൽ താഴേക്കു പതിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം.
വീഴ്ചയിൽ തലയ്ക്കുള്ളിൽ കാര്യമായ പരിക്കേറ്റിരുന്നെങ്കിലും പുറത്ത് മുറിവില്ലായിരുന്നതു കൊണ്ട് വന്നുകൂടിയവർ ആദ്യം കാര്യത്തെ ഗൗരവമായെടുത്തില്ല.
ഉറങ്ങിക്കിടന്ന ഭാര്യയെയും മക്കളെയും വിവരമറിയിച്ച ശേഷം നാട്ടുകാർ നവാസ് ഖാനെ വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരാവസ്ഥ മനസിലാക്കിയ ഡോക്ടർമാർ മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും അവിടെ എത്തിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ മരണമടയുകയായിരുന്നു.