ലോ കോളജിൽ എസ്എഫ്ഐയുടെ പൂട്ടിയിടൽ ! ഉണ്ടായത് കയ്പേറിയ ദുരനുഭവമെന്ന് അധ്യാപകർ
1278821
Sunday, March 19, 2023 12:15 AM IST
തിരുവനന്തപുരം: ഗവണ്മെന്റ് ലോ കോളജിൽ അധ്യാപകരെ എസ്എഫ്ഐ പ്രവർത്തകർ പൂട്ടിയിട്ട സംഭവം, തങ്ങളുടെ സർവീസ് ജീവിതത്തിൽ ഉണ്ടായ ആദ്യത്തെ ദുരനുഭവമെന്ന് അധ്യാപകർ. തങ്ങൾ പഠിപ്പിച്ച കുട്ടികളുടെ ഭാഗത്ത് നിന്നുണ്ടായ കയ്പേറിയ അനുഭവം വളരെയേറെ വേദനിപ്പിച്ചുവെന്നാണ് അധ്യാപകർ പറയുന്നത്.
കോളജിലെ അസിസ്റ്റന്റ് പ്രഫസർ. ഡോ. സഞ്ജുവിനെ ദേഹോപദ്രമേൽപ്പിക്കുകയും മറ്റ് അധ്യാപകരോടും പ്രിൻസിപ്പലിനോടും പോലും അപമര്യാദയായി പെരുമാറിയതു വളരെ ക്രൂരമായിട്ടായിരുന്നുവെന്നാണ് അധ്യാപകരും ജീവനക്കാരും വ്യക്തമാക്കിയത്. കോളജ് പ്രിൻസിപ്പലിന്റെയും എസ്എഫ്ഐ വിദ്യാർഥികളുടെയും ആക്രമണത്തിൽ പരിക്കേറ്റ ഡോ. സഞ്ജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം രാത്രിയിൽ എസ്എഫ്ഐയിലെ 60 -ഓളം കണ്ടാലറിയാവുന്ന വിദ്യാർഥികൾക്കെതിരെ മ്യൂസിയം പോലീസ് കേസെടുത്തിരുന്നു.
കോളജിൽ പഠിക്കുന്നവരും പുറത്തു നിന്നെത്തിയവരും ഉൾപ്പെടെ വലിയൊരു സംഘമാണ് കോളജിൽ അധ്യാപകരെ എട്ട് മണിക്കൂറിലേറെ നേരം പൂട്ടിയിട്ടത്. വിദ്യാർഥികൾക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നിയമവിരുദ്ധമായി സംഘം ചേരൽ, ദേഹോപദ്രവം ഏൽപ്പിക്കൽ, സംഘർഷം സൃഷ്ടിക്കൽ, അന്യായമായി തടഞ്ഞു വയ്ക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തത്.
അധ്യാപകരുടെയും പ്രിൻസിപ്പലിന്റെയും വിശദമായ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തുമെന്ന് മ്യൂസിയം പോലീസ് വ്യക്തമാക്കി. പ്രതികളെ തിരിച്ചറിയാനായി കോളജിലെ സിസിടിവി കാമറ ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് അന്വേഷിക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെഎസ്യു - എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം നടന്നിരുന്നു. കെഎസ്യു പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ച് 24 എസ്എഫ്ഐ പ്രവർത്തകരെ സ്റ്റാഫ് കൗണ്സിൽ കൂടി സസ്പെന്റ് ചെയ്തിരുന്നു. സസ്പെൻഷൻ പിൻവലിക്കണമെന്നും കെഎസ്യു പ്രവർത്തകർക്കെതിരെയും നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് എസ്എഫ്ഐ പ്രവർത്തകർ കഴിഞ്ഞ ദിവസം കോളജ് പ്രിൻസിപ്പലിനെയും അധ്യാപകരെയും ഉൾപ്പെടെ 20 പേരെ പൂട്ടിയിട്ടത്. വൈകുന്നേരം നാലു മുതൽ രാത്രി പന്ത്രണ്ടു വരെ അധ്യാപകരെ ബന്ദിയാക്കി.
പോലീസ് ഇടപെട്ടാണ് രാത്രി പന്ത്രണ്ടോടെ അധ്യാപകരെ മോചിപ്പിച്ചത്. കോളജിൽ ഭീതിപരത്തിയതോടെ പുറത്തേക്കു കടക്കാൻ ശ്രമിച്ച അധ്യാപകരെയാണ് കോളജിൽ പഠിക്കുന്ന എസ്എഫ്ഐ പ്രവർത്തകരും പുറത്തു നിന്നെത്തിയ എസ്എഫ്ഐ പ്രവർത്തകരും മുറിയിൽ തടഞ്ഞുവച്ച് ലൈറ്റും ഫാനും അണച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തത്.