വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ നടത്തുന്ന അതിജീവന സമരത്തിന്റെ ശൈലിക്ക് വരും ദിവസങ്ങളിൽ മാറ്റമുണ്ടാകും. ഇതിന്റെ ഭാഗമായി ഇന്നലെ ചേർന്ന ഫൊറോനാ സമിതികൾ വനിതാ സമരസമിതികൾക്ക് രൂപം നൽകിയതായി സമര നേതാക്കൾ അറിയിച്ചു. 48-ാം ദിവസമായ ഇന്നലെ നിരാഹാര സമരത്തിനൊപ്പം പ്രാർഥനാ ദിനമായിരുന്നെങ്കിലും വിവിധയിടങ്ങളിൽ നിന്ന് ഐക്യദാർഢ്യവുമായെത്തിയവർ സമരത്തിന്റെ ശക്തി കൂട്ടി.
മാമ്പള്ളി ഇടവകയുടെ നേതൃത്വത്തിൽ നൂറ് കണക്കിന് മത്സ്യത്തൊഴിലാളികൾ ഇന്നലെ പിന്തുണയുമായി പന്തലിൽ എത്തി. മാമ്പള്ളി ഇടവക വികാരി ഫാ. ജെസ്റ്റിൽ ജൂഡിന്റെ നേതൃത്വത്തിൽ വിലയേറിയൻ, മേരി, ബിന്ദു , ജെസ്ലെറ്റ്, ക്രിസ്തുദാസ് എന്നിവർ നിരാഹാര സമരം അനുഷ്ഠിച്ചു. മോൺ.ടി. നിക്കോളാസ് ഉദ്ഘാടനം നിർവഹിച്ചു.കേരള കാത്തലിക് ടീച്ചേഴ്സ് ഗൾഫിന്റെ നേതൃത്വത്തിൽ എത്തിയ സംഘത്തെ ബിജു ഓളാട്ടുപുറം ,സി.ടി. വർഗീസ് എന്നിവർ നയിച്ചു.വിജയപുരം രൂപതയിൽ നിന്നും പി.സി. തോമസ് പൊള്ളയിൽ , സിസ്റ്റർ എലിസീറ, എടത്വാവ ഫൊറോനയിലെ സെന്റ് അൽഫോൻസാ സഹൃദയ കൂട്ടായ്മ, ചാക്കോ സ്കറിയ പുന്നപ്ര, സിസ്റ്റർ പൗളിൽ തെരേസ, സിസ്റ്റർ അനൂജ, ഫാ. സജിൽ ഹെക്ടർഎന്നിവർ സമരത്തിന് ഐക്യദാർഢ്യവുമായി സമരപ്പന്തലിൽ എത്തി.സോളമൻ, ഫാ. ജോസ്, ഫാ. ലാബറിൻ , ഫാ. ആഷ്ലിൻ, പാടിക് മൈക്കിൾ, നിക്സൺ ലോപ്പസ്, ജോയി ജെറാൾഡ്, ജോസഫ് ജോൺസൻ . തുടങ്ങിയവർ പ്രസംഗിച്ചു.