‘ദിശാബോധം നഷ്ടപ്പെട്ട കേരളം’ എന്ന തലക്കെട്ടിൽ ഡോ. ജോസ് മാത്യു എഴുതിയ ലേഖനം കേരളത്തിന്റെ നേർചിത്രം വരച്ചുകാട്ടി. സമസ്ത മേഖലയിലും കേരളം ഇന്ന് പിന്നോട്ടടിക്കുകയാണ്.
സംസ്ഥാന ആരോഗ്യവകുപ്പ് അടുത്തകാലത്തു നടത്തിയ, ജീവിതശൈലീ രോഗനിർണയ സ്ക്രീനിംഗിൽ 13.15 ശതമാനം പേർക്ക് രക്താതി മർദവും 8.68 ശതമാനം പേർക്ക് പ്രമേഹവുമുള്ളതായി കണ്ടെത്തി. 46.7 ശതമാനം പേർക്ക് ജീവിതശൈലീ രോഗസാധ്യതയുള്ളതായും കണ്ടെത്തിയിരിക്കുന്നു.
50 ലക്ഷം പേരിൽ സ്ക്രീനിംഗ് നടത്തിയതിൽ 1,10,781 പേർക്ക് കാൻസർ രോഗസാധ്യതയുള്ളതായി കണ്ടെത്തി തുടർപരിശോധനയ്ക്ക് റഫർ ചെയ്തിരിക്കുകയാണ്. ആരോഗ്യ മേഖലയിൽ കേരളം നേരിടുന്ന ഈ വെല്ലുവിളികൾ സർക്കാർ ഗൗരവത്തിലെടുക്കുന്നില്ല.
കേരളത്തിലെ പതിനൊന്നര ലക്ഷം വീടുകളിൽ ആൾത്താമസമില്ല. വൃദ്ധമാതാപിതാക്കൾ തനിച്ചു താമസിക്കുന്ന ഒട്ടേറെ വീടുകളുണ്ട്. പഠനത്തിനും ജോലിക്കുമായി വിദേശത്തേക്ക് കുടിയേറുന്ന യുവതലമുറ തിരിച്ചുവരവ് ആഗ്രഹിക്കുന്നില്ല. പ്രവാസികൾ അയയ്ക്കുന്ന പണമാണ് യഥാർഥത്തിൽ ഇന്ന് കേരളത്തെ താങ്ങിനിർത്തുന്നത്.
കേരളത്തിലെ ദിവസവേതനക്കാരിൽ നല്ലൊരു ഭാഗവും മദ്യത്തിനും ലോട്ടറിയെന്ന ഭാഗ്യപരീക്ഷണത്തിനും അടിമകളാണ്. വൃദ്ധരുടെയും ഇതര സംസ്ഥാന തൊഴിലാളികളുടെയും നാടായി കേരളം മാറുമോ?
സെബാസ്റ്റ്യൻ പാതാന്പുഴ തൊടുപുഴ