സിനിമാ രംഗത്തു മാത്രമല്ല, സമൂഹത്തിന്റെ എല്ലാ രംഗത്തും പവർ ഗ്രൂപ്പുകൾ കാൻസർ പോലെ പിടിമുറുക്കുന്നു. അധികാരവും സ്ഥാനവും സ്വാധീനവും എളുപ്പത്തിൽ പിടിച്ചെടുക്കാൻ പവർ ഗ്രൂപ്പിലൂടെ സാധിക്കും. രാഷ്ട്രീയം, മതം, സമുദായം, സംഘടന, തൊഴിൽ തുടങ്ങി എല്ലാ മേഖലകളിലും പവർ ഗ്രൂപ്പുകൾ നുഴഞ്ഞുകയറുന്നു.
തങ്ങളുടെ സ്വാർഥതാത്പര്യങ്ങൾ സംരക്ഷിക്കാൻ, തങ്ങളുടെ തെറ്റുകളെ ചോദ്യം ചെയ്യുന്നവരെ ഒഴിവാക്കാൻ, വിമർശനങ്ങളെ അടിച്ചമർത്താൻ, അനർഹമായ അവസരങ്ങൾ /സ്ഥാനങ്ങൾ നേടാൻ, കഴിവുള്ളവരെ അകറ്റാൻ, ഒരു കഴിവുമില്ലാത്തവർക്ക് സ്ഥാനങ്ങൾ നേടാൻ, തങ്ങളുടെ ചൊല്പടിക്ക് നിൽക്കാത്തവരെ ഒതുക്കാൻ, തകർക്കാൻ എല്ലാം പവർ ഗ്രൂപ്പിലൂടെ വളരെ എളുപ്പത്തിൽ സാധിക്കും.
തങ്ങളുടെ എന്തു തോന്ന്യാസത്തിനും നീതികേടിനും പിന്തുണ നൽകുന്ന കുറച്ചു ശിങ്കിടികളെ എങ്ങനെയെങ്കിലും സ്വാധീനിച്ചു കൂടെനിറുത്തിയാൽ പല രംഗത്തും അവിഹിതമായ പലതും ഇത്തരം പവർ ഗ്രൂപ്പ് കളികളിലൂടെ ചുളുവിൽ കൈക്കലാക്കാം.
യാതൊരു മനഃസാക്ഷിയും ഇല്ലാതെ എന്തു ചതിയും തെമ്മാടിത്തരവും ചെയ്യാൻ മടിയില്ലാത്ത ഈ ദുഷ്ടരെ നേരിടാൻ സാധാരണക്കാർ പലപ്പോഴും മുതിരാറില്ല. പവർ ഗ്രൂപ്പിലെ ആർക്കെതിരേയെങ്കിലും ശബ്ദിച്ചാൽ ഉടനെ അവർ കൂട്ടം ചേർന്ന് ശബ്ദമുയർത്തിയവനെ ആക്രമിക്കും, ഒറ്റപ്പെടുത്തും. അധികാരികൾ പോലും തങ്ങളുടെ നിലനില്പിനായി ഇവരുടെ തോന്ന്യാസങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു.
സിനിമാരംഗത്ത് ഇപ്പോൾ ഉണ്ടായതുപോലുള്ള ഇത്തരം കാര്യങ്ങൾ സംഭവിക്കുമ്പോൾ മാത്രമേ ഇത് പുറത്തു വരുന്നുള്ളൂ. തങ്ങളുടെ ജീവിതം തന്നെ പണയപ്പെടുത്തി അനീതികൾക്കെതിരേ ശബ്ദമുയർത്താൻ കുറച്ചു പേർ ധൈര്യം കാണിച്ചതിനാൽ മാത്രമാണ് സിനിമാ രംഗത്തെ പവർ ഗ്രൂപ്പ് പുറത്തു വന്നത്. അത്തരത്തിൽ ധീരതയോടെ പോരാടാൻ തയാറുള്ളവർ ഉണ്ടാകുന്നതുവരെ ഓരോ രംഗത്തും പവർ ഗ്രൂപ്പുകളുടെ ആധിപത്യം തുടരും.
ജെയിംസ് മുട്ടിക്കൽ, അയ്യന്തോൾ, തൃശൂർ