പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ട് ഉറപ്പിക്കപ്പെടുന്പോൾ മാത്രമാണ് നിയമവും ഭരണഘടനയും രാഷ്ട്രീയവും പൊതുപ്രവർത്തനവുമൊക്കെ പുരോഗതിയുടെ ഭാഗമാകുകയുള്ളൂ.
മുറിവേറ്റ മുനന്പം നിവാസികളുടെ ജീവിക്കാനുള്ള മുറവിളി എന്തുകൊണ്ടാണ് ഇതുവരെ പരിഹരിക്കാനാകാത്തത്? 1913 മുതൽ 1923ലും 1954ലും 2013ലുമൊക്കെയായി കാലാകാലങ്ങളിൽ വഖഫ് നിയമം പരിഷ്കരിക്കുകയും വിപുലീകരിക്കുകയുമൊക്കെ ചെയ്തപ്പോഴും വഖഫ് ബോർഡിന്റെ സ്ഥാപിത താത്പര്യങ്ങൾക്കു ക്ഷതമേൽക്കാതെ കാത്തുപോന്നു; അപ്പോഴും പൊതുജനാവകാശ ലംഘനങ്ങൾ ഈ നിയമങ്ങളിലെ ‘സദുദ്ദേശ്യ ആലേഖന’മുള്ള വരികളിൽ അന്തർലീനമായിരുന്നു.
ദൈവത്തിനായും ജീവകാരുണ്യപ്രവർത്തനങ്ങൾക്കായും മാറ്റിവയ്ക്കുന്ന വസ്തുവിൽ ദൈവമക്കൾ ഉൾപ്പെടില്ലേ? ഉപയോഗംകൊണ്ട് സ്ഥാപിച്ചുകിട്ടുന്ന ഉടമവസ്ഥാവകാശത്തിലും നിയമത്തിനുമപ്പുറം മനുഷ്യത്വം എന്നൊന്നില്ലേ? ജാതിമതവർഗവർണ വൈജാത്യങ്ങൾക്കപ്പുറം നാമെല്ലാം ദൈവമക്കളല്ലേ? നമ്മുടെ സൗഹാർദത്തിനും സാഹോദര്യത്തിനും കൂട്ടായ്മയ്ക്കും ജീവിക്കാനുള്ള അവകാശത്തിനും ഭംഗം വരുമോ? ഏതു നിയമത്തിനും ‘ഹൃദയം’ വേണ്ടേ? പണം കൊടുത്ത് തീറുവാങ്ങി വീടുവച്ച് സ്ഥിരതാമസക്കാരായവരെ നിയമത്തിനു മനസിലായില്ലേ? ‘നിലവിളിയോട് ഐക്യദാർഢ്യം’ പ്രഖ്യാപിക്കുന്ന രാഷ്ട്രീയമല്ല, സമൂഹത്തിനു സാന്ത്വനവും സൗഹാർദം നഷ്ടപ്പെടാത്ത സുരക്ഷിതത്വവും ഉണ്ടാകണം.
സമരം മാത്രം തൊഴിലായി മാറുന്ന ജനങ്ങളുടെ കഷ്ടത തിരിച്ചറിയണം. ദൈവത്തിനായി നീക്കിവയ്ക്കുന്നത് ദൈവമക്കളുടെ സംതൃപ്തമായ ജീവിതത്തിന് ഉതകുന്നതാകണം; അതുതന്നെയല്ലേ ജീവകാരുണ്യം? മുനന്പത്തെ സമരപ്പന്തൽ വികസിതമായ നമ്മുടെ സമൂഹത്തിനു ചേരുന്നതല്ല. ചന്ദ്രനിൽനിന്ന് കല്ലും മണ്ണും ഭൂമിയിലെത്തിക്കാൻ ശാസ്ത്രം പാടുപെടുന്പോൾ ഭൂമിയിലെ മണ്ണും കല്ലും ഭൂവാസികൾക്കു ശാസ്ത്രീയവും സാമൂഹികവുമായ സുരക്ഷ ഉറപ്പാക്കുന്നുണ്ടോയെന്നു പഠിക്കണം.
റോബോട്ടിനു പിന്നിലും ദൈവം സൃഷ്ടിച്ച മനുഷ്യന്റെ കഴിവാണെന്നു ശാസ്ത്രവും നിയമവും വഖഫും ഒക്കെ അറിയണം. ജനക്ഷേമവും സ്വൈരജീവിതവും മനുഷ്യത്വവും ശക്തിപ്പെടുന്പോഴേ നമ്മുടെ ‘വസ്തുക്കൾ’ ദൈവികമായും ജീവകാരുണ്യപരമായും നീക്കിവയ്ക്കുന്നതാകുകയുള്ളൂ. മനുഷ്യൻ നിയമത്തിനുവേണ്ടിയാകരുത്; സർവ ഐശ്വര്യത്തിലും ഈശ്വരാധീനതയിലും മനുഷ്യൻ ജീവിക്കുന്നതിലാണ് ദൈവത്തിനു സംതൃപ്തി; നിയമം സ്വാർഥമാകരുത്.
റ്റോം ജോസ്, തഴുവംകുന്ന്