കോൽക്കത്തയിൽ വനിതാ ഡോക്ടർ അതിക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് അടുത്തകാലത്താണ്. ഇത്തരം ഭീകരമായ നൂറുകണക്കിന് അതിക്രമങ്ങളാണ് നമ്മുടെ രാജ്യത്ത് ദിവസവും നടക്കുന്നത്. ഒരു രാജ്യത്തിന്റെ സംസ്കാരം നിർണയിക്കുന്നത് ആ രാജ്യത്ത് സ്ത്രീകൾക്കും പെൺകുട്ടികൾക്കും ലഭിക്കുന്ന ബഹുമാനവും സുരക്ഷയുമാണ്. അതിന്റെ അടിസ്ഥാനത്തിൽ പറഞ്ഞാൽ ലോകത്ത് ഇപ്പോൾ നിലനിൽക്കുന്ന മോശം സംസ്കാരങ്ങളിലൊന്ന് നമ്മുടെ രാജ്യത്തിന്റേതാണ് എന്നു പറയേണ്ടിവരും.
എത്രയോ പെൺകുട്ടികളും സ്ത്രീകളുമാണ് നമ്മുടെ രാജ്യത്ത് വർഷംതോറും ക്രൂരമായ ലൈംഗികപീഡനങ്ങൾക്ക് ഇരയാകുന്നതും കൊല്ലപ്പെടുന്നതും. ഇതിനു നമ്മുടെ ഭരണാധികാരികളും ദുർബലമായ നിയമവ്യവസ്ഥയും ഉത്തരവാദികളാണ്. ഗോവിന്ദച്ചാമി എന്ന കൊടും കുറ്റവാളി ഒരു പാവം പെൺകുട്ടിയെ ട്രെയിനിൽനിന്നു തള്ളിയിട്ട് പീഡിപ്പിച്ചു കൊന്നത് മറക്കാനാകുമോ. നമ്മുടെ നിയമങ്ങൾ കുറ്റകൃത്യങ്ങൾ തടയാൻ പ്രാപ്തമല്ല എന്ന സംശയമാണ് ഉയരുന്നത്.
കുറ്റവാളികൾക്കു കഠിനശിക്ഷ ഉറപ്പാക്കുന്നതിന് നിലവിലുള്ള നിയമങ്ങളൊക്കെ പൊളിച്ചെഴുതണം. അതിന് ഉത്തരവാദിത്വമുള്ള അധികാരികളും ജനപ്രതിനിധികളും ഇനിയെങ്കിലും നിസംഗത വെടിഞ്ഞ് ഉണർന്നു പ്രവർത്തിക്കണം. സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരേയുള്ള അതിക്രമങ്ങൾ തടയുന്നതിനു പ്രത്യേക കോടതികൾ സ്ഥാപിക്കണം. വിചാരണകൾ പരമാവധി വേഗത്തിൽ പൂർത്തിയാക്കി ശിക്ഷ വിധിക്കുകയും ശിക്ഷ ഉടനടി നടപ്പാക്കുകയും ചെയ്യണം. എങ്കിൽ മാത്രമേ നമ്മുടെ രാജ്യത്ത് സ്ത്രീകൾക്കും പെൺകുട്ടികൾക്കും സുരക്ഷിതരായി ജീവിക്കാൻ കഴിയൂ.
ബെന്നി സെബാസ്റ്റ്യൻ കുന്നത്തൂർ, ചിറ്റാരിക്കാൽ