കാലം മാറിയതനുസരിച്ച് കോലവും മാറണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈബ്രറികൾ ഡിജിറ്റൈസ് ചെയ്തു കാലാനുസൃതമായ മാറ്റങ്ങൾ വരുത്തണം. ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി വായനശാലകൾ ആധുനികീകരിക്കണം.
അലമാരകളിൽ സൂക്ഷിച്ചിട്ടുള്ള പുസ്തകങ്ങൾ വായിക്കാനുള്ള അവസരം ലഭ്യമാക്കുക മാത്രമല്ല ഇന്ന് വായനശാലകളുടെ ദൗത്യം. വാർത്തകൾ അപ്ഡേറ്റ് ചെയ്തു മനസിലാക്കാൻ ടിവി, കംപ്യൂട്ടറുകൾ തുടങ്ങിയവ ലൈബ്രറികളിൽ സ്ഥാപിക്കണം. ലൈബ്രറിയിൽ വലിയ ടിവി സ്ക്രീനുകൾ സ്ഥാപിച്ച് എല്ലാവർക്കും കാണാനും കേൾക്കാനുള്ള അവസരം ലഭിക്കണം.
പുസ്തകങ്ങളിലെ കാര്യങ്ങൾ സ്കാനർ ഘടിപ്പിച്ച് സ്ക്രീനിൽ വലിയ രൂപത്തിൽ ദർശിക്കാനുള്ള അവസരം ലഭ്യമാക്കണം. പുറത്തുള്ള ശബ്ദങ്ങൾ വായനക്കാർക്ക് തടസം ഉണ്ടാകാത്തവിധം മുറികൾ ശീതീകരിച്ചു വായനാമുറികളാക്കണം. ആധുനിക സാങ്കേതികവിദ്യകൾ പഠിച്ച ആളുകളെ ലൈബ്രേറിയന്മാരായി നിയമിക്കുകയും വേണം.
ജനങ്ങളിൽനിന്നു പിരിച്ചെടുക്കുന്ന നികുതിക്ക് അനുസൃതമായ സൗകര്യങ്ങൾ ഒരുക്കി വായനശാലകൾ ആധുനികീകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തദ്ദേശ സ്വയംഭരണ വകുപ്പും തയാറാകണം. പൊതുഅവധി ദിനങ്ങളിലും ലൈബ്രറികൾ തുറന്നു പ്രവർത്തിക്കാൻ നടപടി ഉണ്ടാകണം.
വായന ഒരു തുടർപ്രക്രിയയാണ്. അതിന് അവധിയില്ല. അവധി ദിനങ്ങളിലും ലൈബ്രറികൾ തുറന്നു പ്രവർത്തിപ്പിക്കത്തക്ക വിധം ലൈബ്രേറിയന്മാരുടെ ജോലിസമയം ക്രമീകരിക്കണം. ആവശ്യമെങ്കിൽ പുതിയ നിയമനം നടത്തണം.
റോയ് വർഗീസ് ഇലവുങ്കൽ മുണ്ടിയപ്പള്ളി