സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടത്താതെ വകുപ്പുകൾ സ്വന്തം ഇഷ്ടാനുസരണം നടത്തിവരുന്നത് നിയമവിരുദ്ധവും അത് നിർത്തൽ ചെയ്യാനുള്ള ബാധ്യത സർക്കാരിനുള്ളതുമാണ്.
താത്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് വഴി നടത്തണമെന്ന് ചട്ടമുള്ളപ്പോഴാണ് അത് പാലിക്കാതെ ചില വകുപ്പുകൾ സ്വന്തം നിലയിൽ അഭിമുഖം നടത്തി നിയമനങ്ങൾ നടത്തിവരുന്നത്.
ഓരോ വർഷവുമുണ്ടാകുന്ന ഏകദേശം മുപ്പതിനായിരത്തോളം നിയമനങ്ങളിൽ ഭൂരിഭാഗവും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയല്ലെന്നത് ഗൗരവത്തോടെ കാണേണ്ടതാണ്. വിദ്യാഭ്യാസം, ആരോഗ്യം, തദ്ദേശ ഭരണം, റവന്യു വകുപ്പുകളിലാണ് ഇത്തരം നിയമനങ്ങളേറെയും.
അനേകായിരങ്ങൾ തൊഴിലിനുവേണ്ടി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്പോഴാണ് അവർക്ക് മുൻഗണന നൽകാതെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ നോക്കുകുത്തിയാക്കിയും ഇഷ്ടനിയമനങ്ങൾ നടത്തുന്നത്. ഇത് ഉദ്യോഗാർഥികളോടു ചെയ്യുന്ന വലിയ അനീതിയാണ്.
എംപ്ലോയ്മെന്റ് വഴിയല്ലാതെ നിയമിക്കുന്നതിന് വിലക്കുള്ളപ്പോൾ അതു വകവെയ്ക്കാതെ നിയമനം നടത്തിവരുന്നുവെങ്കിൽ അത് സർക്കാരിന്റെ മൗനാനുവാദമായേ കാണാനാകൂ. താത്കാലിക നിയമനങ്ങളെല്ലാംതന്നെ, അടിയന്തര സാഹചര്യങ്ങളിലൊഴികെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി തന്നെ നടത്തുന്ന കാര്യത്തിൽ സർക്കാർ കർക്കശ നിലപാട് സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.
മുരളീമോഹൻ, മഞ്ചേരി