കാസർഗോഡ് നീലേശ്വരത്ത് വെടിക്കെട്ട് അപകടത്തിൽ നൂറിലേറെപ്പേർക്ക് പൊള്ളലേറ്റപ്പോൾ നമ്മുടെ പോലീസിന് എന്തൊരു ഉണർവ്വ്! അപകടസ്ഥലത്തേക്ക് പാഞ്ഞെത്തുന്നു.
അനുമതിയും ലൈസൻസും ഇല്ലാതെ, സുരക്ഷാമാനദണ്ഡങ്ങൾ യാതൊന്നും പാലിക്കാതെയാണ് അവിടെ വെടിക്കെട്ട് നടത്തിയതെന്നു കണ്ടെത്തുന്നു. ക്ഷേത്രഭാരവാഹികളെ പ്രതികളാക്കി കേസെടുക്കുന്നു. അറസ്റ്റ് ചെയ്യുന്നു. അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നു പ്രഖ്യാപിക്കുന്നു.
ഇതിനൊക്കെ അവിടെ വെടിക്കെട്ടപകടം നടക്കേണ്ടിവന്നു. ഇതിനുമുമ്പ് ഇവരൊക്കെ എവിടെയായിരുന്നു? ഉറങ്ങുകയായിരുന്നോ? ക്ഷേത്രത്തിൽ വന്ന് ഇവർ നേരത്തേ പരിശോധന നടത്തിയിരുന്നെങ്കിൽ അപകടം സംഭവിക്കുമായിരുന്നോ? അപ്പോൾ ഈ വെടിക്കെട്ടപകടത്തിന് ക്ഷേത്രഭരണസമിതിക്കാർ മാത്രമാണോ കുറ്റക്കാർ? പോലീസും കുറ്റക്കാരല്ലേ? എന്തുകൊണ്ട് അവർക്കെതിരേ ആരും കേസെടുക്കുന്നില്ല? അവർക്കെതിരേ കേസെടുക്കാത്തിടത്തോളംകാലം ഇത്തരം ദുരന്തങ്ങൾ ഇനിയും ഇവിടെ ആവർത്തിക്കും. തീർച്ച.
കണ്ണോളി സുനിൽ, തേലപ്പിള്ളി