കഴിഞ്ഞ ദിവസം രാവിലെ തിരുവനന്തപുരം വരെ എംസി റോഡിലൂടെ യാത്ര ചെയ്യാൻ ഇടയായി. സാധാരണ യാത്രകളൊക്കെ ട്രെയിനിലാണു പതിവ്. പക്ഷേ, ഇത്തവണ യാത്ര കെഎസ്ആർടിസിയിൽ ആയിരുന്നു. പൊതുവേ തിരക്കുള്ള ബസുകൾ ഒഴിവാക്കുന്നതിനാൽ, അല്പം കാത്തിരുന്നു കഴിഞ്ഞപ്പോൾ എത്തിയ സ്വിഫ്റ്റ് ബസിലായിരുന്നു യാത്ര. ഓർമവച്ച കാലം മുതൽ യാത്ര ഇഷ്ടപ്പെടുന്ന വ്യക്തിയായിട്ടും ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട യാത്രകളിലൊന്നായാണ് ഇത് അനുഭവപ്പെട്ടത്!
കെഎസ്ആർടിസി ഒരിക്കലും ഗതിപിടിക്കാത്തതിന്റെ കാരണവും ഈ യാത്രയിൽനിന്നു മനസിലായി. ഫാസ്റ്റ്, സൂപ്പർഫാസ്റ്റ്, സ്വിഫ്റ്റ്, എസി ലോ ഫ്ലോർ തുടങ്ങിയ ബസുകൾക്കു കയറേണ്ട ആവശ്യമില്ലാത്ത കുറെ ബസ് ഡിപ്പോകൾ എംസി റോഡിന്റെ വശങ്ങളിലായുണ്ട്. 15 വർഷം ആയുസുള്ള ബസിന്റെയും 85 കൊല്ലം ആയുസുള്ള മനുഷ്യന്റെയും അഞ്ചു വർഷം വീതം ആയുസ് ഈ ഡിപ്പോകളിൽ ബസുകൾ കയറുന്നതു മൂലം കുറയുമെന്ന് ഇവിടെ പറയുന്നത് അനുഭവത്തിലൂടെയാണ്.
ചടയമംഗലം, കിളിമാനൂർ, വെഞ്ഞാറമൂട് തുടങ്ങിയ ഡിപ്പോൾ ഇതിനുദാഹരണമാണ്. ഇവയിൽ കിളിമാനൂർ ഡിപ്പോയിൽ കയറിയ ബസ് മറിയുമോ എന്നുവരെ യാത്രക്കാർ ഒന്നടങ്കം ഭയപ്പെട്ടു! അത്ര ഭീകരമാണ് അവിടത്തെ അവസ്ഥ. ഈ ഡിപ്പോ കൂടാതെ കിലോമീറ്ററുകൾ അകലെ കിടക്കുന്ന പന്തളം പോലെയുള്ള ഡിപ്പോകളിൽ ബസ് കയറുന്നതു മൂലം എത്ര രൂപയുടെ നഷ്ടമാണ് കെഎസ്ആർടിസിക്ക് ഉണ്ടാവുന്നത്?
രാത്രിയിലെ യാത്രയിൽ ചില ഡിപ്പോകൾ ഒഴിവാക്കുമെങ്കിലും അടൂർ പോലെയുള്ള ഡിപ്പോകളിൽ ഒരാവശ്യവുമില്ലാതെയാണു കയറുന്നത്. രാത്രി യാത്രക്കാരായി എംസി റോഡിന്റെ വശങ്ങളിൽ നിൽക്കുകയായിരുന്ന മുഴുവൻ യാത്രക്കാരും ബസ് ഡിപ്പോയിലേക്കു കയറുന്നതു കണ്ട് ഓടിവരുകയായിരുന്നു. അവിടെയും ഗട്ടറുകളിലും ബംപിലും കയറിയിറങ്ങി നടുവൊടിയത്തക്ക രീതിയിൽ തന്നെയായിരുന്നു കറങ്ങിത്തിരിഞ്ഞു ബസ് നിന്നത്!
ദീർഘദൂര ബസുകൾക്കു നല്ല ഒരു ബസ് ബേ മാത്രം നിർമിച്ചാൽ തന്നെ നമ്മുടെ റോഡുകളിലെ ട്രാഫിക് കുരുക്കുകളും അപകടങ്ങളും അനുബന്ധ ചെലവുകളും കുറയ്ക്കാൻ കഴിയുമെന്ന കാര്യത്തിൽ സംശയമില്ല.
ഇന്ത്യയിൽ ഇപ്പോൾ എത്തിയിട്ടുള്ള ഫ്ലിക്സ് ബസുകൾ അധികം വൈകാതെ കേരളത്തിലുമെത്തും. ഈ പോക്കു പോയാൽ അതോടെ കെഎസ്ആർടിസിയുടെ കാര്യത്തിൽ ഒരു തീരുമാനമാവും!
ജോസ് കെ. തോമസ് തറയിൽ, കുളനട പന്തളം