ഇടതുപക്ഷം നാഴികയ്ക്ക് നാല്പതുവട്ടം പറയുന്നത് ഞങ്ങൾ ഇരയ്ക്കൊപ്പമാണെന്നാണ്. എന്നാൽ, ഇങ്ങനെ പറയുന്നവരാണ് സിനിമാ മേഖല അടിമുടി ശുദ്ധീകരിക്കാൻ സംഘടിപ്പിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് കൈയിൽ കിട്ടിയിട്ടും അതു പുറത്തു വിടാതെ നാലര വർഷത്തോളം അതിന്മേൽ അടയിരുന്നതും ഒടുവിൽ കോടതിയുടെ നിർദേശത്തെത്തുടർന്ന് പ്രധാന ഭാഗങ്ങൾ മാറ്റിവച്ചശേഷം പുറത്തുവിട്ടതും.
അതുപോലെ, ഇങ്ങനെ പറയുന്നവർ തന്നെയാണ് സിനിമാനടനും എംഎൽഎയുമായ മുകേഷിനെതിരേ ഒന്നിൽ കൂടുതൽ നടികൾ ലൈംഗികാരോപണം വന്നിട്ടും അദ്ദേഹത്തെ എംഎൽഎ സ്ഥാനത്തുനിന്നു മാറ്റിനിർത്താതെ, എല്ലാം കോടതി തീരുമാനിക്കട്ടെ എന്നു പറഞ്ഞുകൊണ്ട് സംരക്ഷിച്ചുകൊണ്ടിരിക്കുന്നതും.
അതുകൊണ്ടു ചോദിക്കട്ടെ; സത്യത്തിൽ ഇവർ ആരുടെ ഒപ്പമാണ്? ഇരയോടൊപ്പമോ അതോ വേട്ടക്കാർക്കൊപ്പമോ? ഇക്കാര്യത്തിൽ ഇവർ ഇരയോടൊപ്പമല്ല, മറിച്ച് വേട്ടക്കാർക്കൊപ്പമാണെന്നേ വിവേകമുള്ളവർക്കു പറയാനാകൂ.
സുനിൽ കണ്ണോളി, തേലപ്പിള്ളി