ജനസംഖ്യാ വളർച്ചയെപ്പറ്റി ജോർജ് കള്ളിവയലില്‍ എഴുതിയ ലേഖനം പഠനനാർഹവും ചിന്തോദ്ദീപകവും ആണ്. ഇത് ഈ കാലഘട്ടത്തിന്റെ വിഷയമാണ്. മനുഷ്യനോട് അധികമൊന്നും ബന്ധപ്പെടാത്ത വിഷയങ്ങളെപ്പറ്റി, നിലവാരമില്ലാത്ത രാഷ്്ട്രീയം എഴുതി പേജുകൾ നിറയ്ക്കുന്ന പത്രങ്ങൾ മാറി ചിന്തിക്കേണ്ടിയിരിക്കുന്നു.
അടുത്തകാലത്തായി വടക്കൻ കൊറിയയിലെ ജോംഗ് ഉന്നും റഷ്യന്‍ പ്രസിഡന്റ് പുടിനും ജനമില്ലെങ്കിൽ കുടുംബങ്ങൾക്ക് വന്നു ഭവിക്കുന്ന ദുരന്തത്തെപ്പറ്റി കേന്ദ്രമന്ത്രി ജോർജ് കുര്യനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി നായിഡുവും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും ഒക്കെ കൂടുതൽ ജനനങ്ങൾ നടക്കേണ്ടതിനെപ്പറ്റിയും പറഞ്ഞത് നമ്മൾ ശ്രദ്ധിച്ചു. അതിനു ചേർന്ന് കണക്ക് അവതരിപ്പിച്ചും ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ജോർജ് എഴുതി.
ജനമാണ് ഏറ്റവും വലിയ സന്പത്ത് എന്ന് മനസിലാക്കിയ ചൈനയും ഇതിനോട് യോജിക്കുന്നു. ജനസംഖ്യ കുറച്ചാൽ ഉത്പാദനം കുറയും. തൊഴിലിടങ്ങൾ ശൂന്യമാകും. ഗവേഷണശാസ്ത്ര വളർച്ചകൾ കുറയും, കൃഷിക്ക് ആൾ ഉണ്ടാവുകയില്ല. സർവ്വോപരി നാട് ഒരു മരുഭൂമിയാകും. ബൈബിൾ പണ്ടേ പറഞ്ഞിട്ടുള്ളതാണ് സന്താനങ്ങൾ വഴി ജനം അനുഗൃഹീതരാകും, മക്കളെക്കൊണ്ട് ആവനാഴി നിറയ്ക്കുന്നവർ ഭാഗ്യവാന്മാര്. രാജ്യത്തിന്റെ ഉത്പാദന പ്രക്രിയയിൽ സാങ്കേതികവളർച്ച എത്രയുണ്ടായാലും ജനമില്ലെങ്കിൽ അവയെല്ലാം യാന്ത്രികമാകും.
ജനസംഖ്യ വർധിപ്പിക്കാൻ ചില രാജ്യങ്ങൾ ഓരോ കുട്ടിക്കും അധിക പണം നൽകുക മാത്രമല്ല ഭാര്യക്കും ഭർത്താവിനും ലീവുകൾ കൂട്ടിക്കൊടുക്കുകയും ചെയ്യുന്നു. ചിലയിടങ്ങളിൽ ജനവാസം വർധിക്കുകയും ചിലയിടങ്ങളിൽ കുറയുകയും ചെയ്യുന്നത് അപകടകരമാണ്.
രാഷ്്ട്രീയമായും രാജ്യത്ത് അസന്തുലിതാവസ്ഥ ഉണ്ടാകും. ജനസംഖ്യ അടിസ്ഥാനത്തിൽ നിയമസഭയും പാർലമെന്റും തിരിക്കുന്പോൾ ചിലയിടങ്ങളിൽ പ്രാതിനിധ്യം വേണ്ടപോലെ ലഭിക്കില്ല. യൂറോപ്പും ജപ്പാനുമൊക്കെ വൃദ്ധരുടെ നാടായി മാറിക്കൊണ്ടിരിക്കുന്നു. രാഷ്്ട്രീയമായും മതപരമായും വേണ്ട പ്രോത്സാഹനങ്ങൾ നൽകി ജനസംഖ്യാ വളർച്ചയിൽ നാം മുന്നിൽ നിന്നാൽ നമുക്കു നന്ന്.
ഫാ. ലൂക്ക് പൂതൃക്കയില്‍