ഓണം ആഘോഷിക്കാൻ ഭാഗ്യമില്ലാത്ത ഒരു തലമുറയാണ് ഇന്നുള്ളതും മിക്കവാറും ഇനി ഉണ്ടാകുന്നതും. നമ്മുടെയൊക്കെ ബാല്യകാലത്തേക്ക് തിരിഞ്ഞു നോക്കിയാൽ, അന്നത്തെ ഓണാഘോഷങ്ങൾക്ക് എന്തൊരു ചന്തമായിരുന്നു.
അന്ന് ഊഞ്ഞാലുകൾ ഇല്ലാത്ത വീടുകൾ ഇല്ലായിരുന്നു. ഇന്നാകട്ടെ ഊഞ്ഞാൽ കണി കാണാനില്ലെന്നായിരിക്കുന്നു. ഇടക്കാലത്ത് പ്ലാസ്റ്റിക് കയറിൽ കാർപോർച്ചിൽ നാം ഊഞ്ഞാലുകെട്ടി നോക്കി! ഊഞ്ഞാൽ കെട്ടാൻ പാകത്തിലുള്ള മരങ്ങൾ ഇന്നില്ല.
അന്നൊക്കെ ഒരു പ്രദേശത്തു തന്നെ മൂന്നും നാലും സംഘങ്ങളായി തിരിഞ്ഞ് ഓണക്കളികൾക്ക് നേതൃത്വം കൊടുത്തിരുന്നു. ഓരോ ഓണക്കാലത്തും പ്രാദേശികമായി കൂണുകൾ പോലെ മുളച്ചു പൊന്തുന്ന യുവാക്കളുടെ ക്ലബ്ബുകൾ ഉണ്ടായിരുന്നു. ഓണം ആഘോഷിക്കാൻവേണ്ടി മാത്രമായിരിക്കും ഇവയുടെ രൂപംകൊള്ളൽ. ഓണം കഴിയുന്നതോടെ മിക്കവാറും ക്ലബ്ബുകൾ പിരിച്ചുവിടാതെതന്നെ പിരിഞ്ഞുപോയിരിക്കും.
അന്നൊക്കെ സെറ്റ് സാരിയുടുത്ത സ്ത്രീകളും പുത്തനുടുപ്പിട്ട കുട്ടികളും പാവാടയും ബ്ലൗസുമണിഞ്ഞ കൗമാരസുന്ദരികളും ഓണാഘോഷത്തിന്റെ മാറ്റുകൂട്ടുവാൻ മുൻപന്തിയിൽ ഉണ്ടാവും. ഓണക്കളികളിൽ പ്രായഭേദമന്യേ മത്സരിക്കുവാൻ മടികാട്ടാത്ത മലയാളികൾ അന്നൊരു സവിശേഷ കാഴ്ചയായിരുന്നു. ഗ്രാമഭംഗിയാർന്ന ഏതെല്ലാം തരത്തിലുള്ള മത്സരങ്ങൾ. അത്തരം മത്സരങ്ങൾ പോലും ഇന്ന് അന്യംനിന്നു പോയിരിക്കുന്നു.
കടുവാകളികളാലും ആർപ്പുവിളികളാലും മനുഷ്യമനസുകളെ ആമോദം കൊള്ളിച്ച ഉത്സവാന്തരീക്ഷ കാലമായിരുന്നല്ലോ പഴയ ഓണക്കാലം. ഗൃഹാതുരത്വം തുളുമ്പുന്ന ആ ഓർമകളെ തലോലിച്ചുകൊണ്ടാണ് 40 പിന്നിട്ട ഓരോ മലയാളിയും ഇന്ന് ഓണം ആഘോഷിക്കുന്നത്.
ഓണാഘോഷങ്ങൾ എല്ലാം ഇന്ന് തിരുവോണനാളിലെ ഒരു സദ്യവട്ടത്തിൽ ചുരുങ്ങി. പല കുടുംബങ്ങളും ഇന്ന് ഹോട്ടലുകാർ കൊടുത്തുവിടുന്ന ഇൻസ്റ്റന്റ് ഓണസദ്യ കഴിച്ച് സായുജ്യമടയുന്നു!
പത്രദൃശ്യമാധ്യമങ്ങളിലെ പരസ്യങ്ങളിൽ കാണുന്ന ഓണാഘോഷ ചിത്രങ്ങൾക്കപ്പുറം നാട്ടിൻപുറങ്ങളിൽ പോലും ഇന്ന് പഴയ ഓണാഘോഷത്തിന്റെ സൗന്ദര്യം കാണാൻ സാധിക്കുന്നില്ല.
കാലാന്തരത്തിൽ ഓണാഘോഷത്തിന്റെ നിറംകെടും എന്നതിൽ സംശയം വേണ്ട. എന്നാൽ, അതിലൂടെ അന്യം നിന്നു പോകുന്നത് മലയാളിയുടെയും മലയാളക്കരയുടെയും തനത് ദേശീയ ഉത്സവത്തിന്റെ ആഘോഷത്തിനപ്പുറമുള്ള നന്മകൾ തന്നെയാകും.
കുര്യൻ തൂമ്പുങ്കൽ ചങ്ങനാശേരി