ജപ്തിതടയൽ നിയമം സംബന്ധിച്ച് ജനങ്ങൾക്കിടയിൽ സൃഷ്ടിക്കപ്പെട്ടിട്ടുള്ള തെറ്റിദ്ധാരണകൾ സ്വകാര്യ ചിട്ടിമേഖലയ്ക്ക് മറ്റൊരാഘാതമാകുന്നു. റവന്യു റിക്കവറി നിയമത്തിൽ സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഭേദഗതിയാണ് ജപ്തിതടയൽ നിയമമെന്നു സാമാന്യവത്കരിച്ച് അവതരിപ്പിക്കപ്പെട്ടത്. അതാണ് സ്വകാര്യ ചിട്ടിസ്ഥാപന നടത്തിപ്പുകാരിലും അതിലുപരി ലക്ഷോപലക്ഷം വരുന്ന വരിക്കാരിലും ആശയക്കുഴപ്പവും ആശങ്കയുമുണ്ടാക്കിയിരിക്കുന്നത്.
നിലവിലെ നിയമമനുസരിച്ച് ചിട്ടിപ്പണം സ്വീകരിക്കാത്ത വരിക്കാരൻ തവണ മുടക്കിയാൽ നോട്ടീസ് നൽകി പുറത്താക്കാമെന്നല്ലാതെ മറ്റൊരു നടപടിയും സാധ്യമല്ല. ചിട്ടിപ്പണം സ്വീകരിച്ചവർ തവണയടവ് മുടക്കു വരുത്തിയാൽ ആർബിട്രേഷൻ മുഖേന ബാധ്യത ഈടാക്കിയെടുക്കാൻ വിധി നേടി കോടതി മുഖേന മുടക്കുകാരന്റെ വസ്തു ജപ്തി നടത്തിയോ മറ്റേതെങ്കിലും മാർഗത്തിലൂടെയോ തിരിച്ചുകിട്ടാനുള്ള വഴി തികച്ചും നിയമവിധേയമായി ഫോർമാനു സ്വീകരിക്കാം.
അതിനെ ജപ്തിതടയൽ നിയമമെന്നു പേരുവീണ, റവന്യു റിക്കവറി നിയമഭേദഗതി ഇല്ലാതാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ, ചിട്ടിയിലെ മറ്റു വരിക്കാരുടെ പണം ചിട്ടിപ്പണമായി സ്വീകരിച്ചശേഷം തവണസംഖ്യ മുടക്കു വരുത്തി പ്രതിസന്ധി സൃഷ്ടിക്കുന്നവരിൽനിന്ന് കുടിശിക കോടതി മുഖേന തിരിച്ചുപിടിക്കാൻ, ഈടായോ മറ്റുവിധേനയോ ബാധ്യതക്കാരന് ഉടമസ്ഥാവകാശമുള്ള വസ്തുവിൽ ബാധ്യതയാക്കി ലേലംചെയ്ത് വസൂലാക്കാനുള്ള വഴി റവന്യു റിക്കവറി ഭേദഗതി നിയമംമൂലം ഇല്ലാതായിട്ടില്ല.
ചിട്ടിപ്പണം കൈപ്പറ്റിയവരിൽ തവണ തിരിച്ചടവ് മുടങ്ങിയാലും പ്രശ്നമില്ലെന്ന തെറ്റിദ്ധാരണ സൃഷ്ടിക്കപ്പെടുന്നതു പരമ്പരാഗത സമ്പാദ്യവായ്പാ സംവിധാനമായ ചിട്ടിസംവിധാനത്തെ തളർത്താനും തകർക്കാനും വഴിയൊരുക്കും.
പ്രതിമാസ സമ്പാദ്യപദ്ധതി ചിട്ടിനടത്തിപ്പു സംബന്ധിച്ച് 1982ൽ വന്ന കേന്ദ്രനിയമം 2012ൽ കേരളത്തിൽ പ്രാബല്യത്തിൽ വന്നെങ്കിലും സഹകരണമേഖലയിൽ കേന്ദ്ര ചിട്ടിനിയമം വിഭാവനംചെയ്യുന്ന ചിട്ടി എംഡിഎസ്, ജിഡിഎസ് എന്നീ പേരുകളിൽ സഹകരണബാങ്കുകളും സഹകരണസംഘങ്ങളും വ്യാപകമായി നടത്തുന്നതു തടയണമെന്നാവശ്യപ്പെട്ട് ഓൾ കേരള ചിട്ടി ഫോർമെൻസ് അസോസിയേഷൻ സർക്കാരിൽ സമ്മർദം ചെലുത്തുകയും പ്രക്ഷോഭങ്ങൾ നടത്തിവരികയും ചെയ്തിരുന്നു.
ഫലമില്ലാതെ വന്നപ്പോൾ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഹൈക്കോടതിനിർദേശമനുസരിച്ച് സഹകരണ വകുപ്പ് ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവരിൽനിന്നൊക്കെ അഭിപ്രായശേഖരണം നടത്തി റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത പദ്ധതികളെ പ്രതിമാസ സമ്പാദ്യപദ്ധതിയെന്നു പുനർനാമകരണംചെയ്ത് വ്യവസ്ഥകൾ വ്യക്തമാക്കി സഹകരണ വകുപ്പ് 19/2024 ആയി സർക്കുലർ ഇറക്കിയിരിക്കയാണിപ്പോൾ. അതു കാതലായ വിഷയത്തെ അഭിസംബോധന ചെയ്യാതെ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി എംഡിഎസിനെയും ജിഡിഎസിനെയും ഒളിച്ചുകടത്തലാണ്.
കേന്ദ്ര ചിട്ടിനിയമം അനുശാസിക്കുന്ന അതേ ചട്ടക്കൂടിൽ പ്രതിമാസ സമ്പാദ്യപദ്ധതിയെന്ന പേരിൽ അസൽ ചിട്ടിനടത്തിപ്പിനു നിയമസാധുത നൽകിയിരിക്കുകയാണ്. പാർലമെന്റ് പാസാക്കി രാഷ്ട്രപതി ഒപ്പുവച്ച് നിലവിൽ വന്നൊരു നിയമത്തെ ഇപ്രകാരം മറികടന്ന് ഒരു സംസ്ഥാന സർക്കാർ വകുപ്പിന് ഉത്തരവിറക്കാൻ അധികാരമില്ല. ഇത് അനാവശ്യമായൊരു നിയമയുദ്ധത്തിലേക്കു സ്വകാര്യ ചിട്ടി സ്ഥാപനങ്ങളെ വലിച്ചിഴയ്ക്കും.
കേരളത്തിൽ രജിസ്ട്രേഷൻ വകുപ്പ് ഇക്കാര്യം നേരത്തേതന്നെ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. എന്നിട്ടും കക്ഷിരാഷ്ട്രീയ താത്പര്യങ്ങൾക്കു മുൻഗണന നൽകി, സഹകരണമേഖലയിൽ സഹകരണവകുപ്പിനെക്കൊണ്ട് ഇത്തരം നഗ്നമായ നിയമലംഘനം നടത്താൻ വഴിയൊരുക്കിയതിലുള്ള കടുത്ത പ്രതിഷേധം സ്വകാര്യ ചിട്ടി മേഖലയിലുണ്ട്. കേരളത്തിൽ പല സഹകരണസംഘങ്ങളുടെ ബാങ്കുകളും കേന്ദ്ര ചിട്ടിനിയമവും സംസ്ഥാന ചിട്ടി ചട്ടങ്ങളും അനുശാസിക്കുന്ന രീതിയിൽ കുറി നടത്തുന്നുണ്ട്.
വരിക്കാരുടെ സുരക്ഷിതത്വവും സുതാര്യതയും ഉറപ്പാക്കുംവിധം രജിസ്ട്രേഷൻ വകുപ്പിന്റെ കർശന മേൽനോട്ടത്തിൽ നടക്കുന്ന ചിട്ടികളുടെ വ്യാജപതിപ്പായി പ്രതിമാസ സന്പാദ്യപദ്ധതിയെന്ന പേരിൽ (എംഎസ്എസ്) ചിട്ടി നടത്താൻ അനുമതി വ്യവസ്ഥ ചെയ്ത് ഇറക്കിയ ഉത്തരവ് സർക്കാർ പിൻവലിക്കുകതന്നെ വേണം. പൊതുജനങ്ങൾക്കു വേണ്ടത്ര അറിവില്ലാത്ത ഇത്തരം നിയമലംഘന പ്രക്രിയകൾ തുറന്നവതരിപ്പിക്കപ്പെടേണ്ടതുണ്ട്. ഇതിന് ഓൾ കേരള ചിട്ടി ഫോർമെൻസ് അസോസിയേഷൻ പ്രതിജ്ഞാബദ്ധമാണ്.
ജിഡിഎസ്, എംഡിഎസ് പേരുകളിൽ സഹകരണമേഖലയിൽ നടന്ന ക്രമവിരുദ്ധ സാമ്പത്തികതട്ടിപ്പു പ്രവർത്തനങ്ങൾ പ്രതിമാസ സമ്പാദ്യപദ്ധതിയെന്ന പേരിൽ ആവർത്തിക്കാതിരിക്കാനും സഹകരണസംഘങ്ങളും ബാങ്കുകളും കേന്ദ്ര ചിട്ടി നിയമവിധേയമായി മാത്രം സമ്പാദ്യ വായ്പാസംവിധാനം നടത്തുന്നുവെന്ന് ഉറപ്പുവരുത്താനും സർക്കാർ തയാറാകണം.
ഡേവിസ് കണ്ണനായ്ക്കൽ
(ചെയർമാൻ, ഓൾ കേരള ചിട്ടി ഫോർമെൻസ് അസോസിയേഷൻ)