കെറെയിൽ സിൽവർ ലൈൻ പദ്ധതിക്ക് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ എതിർപ്പും സംഘർഷങ്ങളുമൊക്കെ ജനങ്ങൾക്കും ഭരണകൂടത്തിനും ബോധ്യപ്പെട്ടതാണ്. പോലീസിനെ ഉപയോഗിച്ച് ബലം പ്രയോഗിച്ച് സിൽവർ ലൈൻ പദ്ധതിക്കായി സ്ഥലം ഏറ്റെടുപ്പിന്റെ ഭാഗമായി കല്ലുകൾ സ്ഥാപിക്കാൻ ശ്രമിച്ചിപ്പോൾ ശക്തമായ പ്രതിഷേധം കാരണം അവ ഉപേക്ഷിക്കേണ്ടിവന്നു.
ജനങ്ങളുടെ സ്വത്തിനും വീടിനും ഭീഷണിയാകുന്ന, ജലസ്രോതസുകളും വയലുകളും കൃഷിയിടങ്ങളും നഷ്ടമാകുന്ന ഈ പദ്ധതിക്ക് ആദ്യം മുതൽതന്നെ ജനങ്ങൾ എതിരാണെന്ന് വ്യക്തമായിട്ടുള്ളതാണ്. കനത്ത മഴയും വെള്ളപ്പൊക്കവും വെള്ളക്കെട്ടും തുടർക്കഥയാകുന്ന നമ്മുടെ പ്രദേശത്ത് ഇത്തരമൊരു പരീക്ഷണം ഏറെ ദുരന്തത്തിനു വഴിയൊരുക്കും.
2018ലെ മഹാമാരിയും വെള്ളപ്പൊക്കവും 2019ലെ വെള്ളപ്പൊക്കവും തുടർച്ചയായി ഉണ്ടാകുന്ന ഉരുൾപൊട്ടലും ജനങ്ങൾക്കും അവരുടെ സ്വത്തിനും ഉണ്ടാക്കുന്ന നാശനഷ്ടങ്ങൾ പരിഹരിക്കാൻ ഏറെ പാടുപെടുന്ന ഈ സാഹചര്യത്തിൽ വീണ്ടും വൻ ദുരന്തങ്ങൾ ക്ഷണിച്ചുവരുത്തുന്ന പദ്ധതികൾ ഉപേക്ഷിക്കുന്നതല്ലേ ഒരു ജനാധിപത്യ ജനക്ഷേമ സർക്കാരിന് ജനങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും വലിയ നന്മ?
കേന്ദ്രസർക്കാർ അനുമതി നൽകിയാലും പദ്ധതിക്ക് എന്തൊക്കെ മാറ്റങ്ങൾ വരുത്തിയാലും നാടിന് ഏറെ സാന്പത്തികബാധ്യതയുണ്ടാക്കുന്ന പദ്ധതി വേണ്ടെന്നു വയ്ക്കണം. നിലവിലുള്ള റെയിൽ പാളങ്ങൾ നവീകരിച്ചും സമാന്തരമായി കൂടുതൽ ലൈനുകൾ സ്ഥാപിച്ചും ചെലവ് കുറച്ച് തീവണ്ടികൾ വേഗത്തിൽ ഓടിക്കുന്നതല്ലേ ഉചിതം?
റോയി വർഗീസ് ഇലവുങ്കൽ മുണ്ടിയപ്പള്ളി