ഛവി രജാവത്ത്: സോദാ ഗ്രാമത്തിന്‍റെ മുഖച്ഛായ മാറ്റിയ സർപാഞ്ച്
ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വം സർപാഞ്ചിനാണ്. സർപാഞ്ചെന്നാൽ പഞ്ചായത്തിന്‍റെ മുഖ്യൻ എന്നാണർഥം. നമ്മുടെ നാട്ടിലെ പഞ്ചായത്ത് പ്രസിഡന്‍റ് തന്നെ. സർപാഞ്ചിന്‍റെ ശന്പളം മുന്പ് 2000 രൂപയായിരുന്നു. ഇപ്പോൾ 4000 രൂപയാണ്. വനിതാ സർപാഞ്ചായി തെരഞ്ഞെടുക്കപ്പെടാൻ എട്ടാം ക്ലാസെങ്കിലും പാസായിരിക്കണമെന്നുണ്ട്. അതിലുപരി വനിതാ സർപാഞ്ചാണെങ്കിൽ സ്വന്തം വീട്ടിൽ ടോയ് ലെറ്റ് ഉണ്ടായിരിക്കണം.

രാജസ്ഥാനിലെ സോദാ ഗ്രമത്തിലെ സർപാഞ്ചാണ് ഛവി രജാവത്. ഇത് രണ്ടാമൂഴമാണ്.
ഇതിത്ര എടുത്തു പറയാനെന്തിരിക്കുന്നുവെന്നാണോ? പറയാം.

2010-ൽ ആദ്യമായി സർപാഞ്ചാകുന്പോൾ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സർപാഞ്ചായിരുന്നു ഛവി എന്ന എം.ബി.എ ബിരുദധാരിണി. എയർടെല്ലിലെ ഉയർന്ന മാനേജ്മെന്‍റ് ജോലി വിട്ടെറിഞ്ഞ് ജനിച്ചു വളർന്ന സോദാ ഗ്രാമത്തിന്‍റെ ഭരണനേതൃത്വം ഏറ്റെടുക്കാൻ എത്തുകയായിരുന്നു ഛവി. പരന്പരാഗത രാജസ്ഥാനി വേഷത്തിൽ നിന്നു ഭിന്നമായി ജീൻസും ലെഗിംഗ്സും കുർത്തയും ടോപ്പും സ്നീക്കേഴ്സുമൊക്കെയാണ് സാധാരണ വേഷം. എന്നാൽ അതുകൊണ്ട് ഗ്രാമവാസികൾക്ക് തങ്ങളുടെ സർപാഞ്ചിനോട് ഒരകൽച്ച തോന്നുന്നില്ല. കാരണം തങ്ങളുടെ ഗ്രാമത്തിൽ ജനിച്ച്, ഇവിടെ കളിച്ചു വളർന്ന കുട്ടിയാണല്ലോ അവൾ.

സോദായുടെ പ്രശ്നങ്ങൾ

രാജസ്ഥാനിലെ "ടോംഗ് ജില്ലയിലെ മാൽപുര തഹസീൽ. മാൽപുരയിലെ ഒരു ചെറിയ ഗ്രാമമാണ് സോദാ. ഹിന്ദിയും രാജസ്ഥാനിയുമാണ് ഭാഷകൾ.

ജില്ലാ തലസ്ഥാനത്തിന് ഉദ്ദേശം 45 കിലോമീറ്റർ പടിഞ്ഞാറു മാറി സോദാ ഗ്രാമം സ്ഥിതി ചെയ്യുന്നു. 2011-ലെ സെൻസസ് അനുസരിച്ച് ജനസംഖ്യ 3960. ഇപ്പോൾ 700-ലധികം വീടുകളുണ്ട്. ജനസംഖ്യയിൽ 48.6 ശതമാനം സ്ത്രീകളാണ്. ഗ്രാമത്തിലെ സാക്ഷരതാനിരക്ക് 60 ശതമാനം. സ്ത്രീകളിൽ 43 ശതമാനത്തിനു മാത്രമേ എഴുതാനും വായിക്കാനും അറിയാവൂ. ബി.ജെ.പി.യും കോണ്‍ഗ്രസുമാണ് മുഖ്യ രാഷ്ട്രീയ പാർട്ടികൾ.

നാലഞ്ചു സ്കൂളുകളുണ്ട്. രാമനും ലക്ഷ്മിക്കും ഹനുമാനും ക്ഷേത്രങ്ങൾ. രണ്ടു മൂന്നു മുസ്ലിം പള്ളികളുമുണ്ട്.

2010-ലാണ് ഛവി സോദായിലെ സർപാഞ്ചാകുന്നത്. കോർപറേറ്റ് സെക്ടറിലെ നല്ല ശന്പളമുള്ള ജോലി വിട്ട് ഗ്രാമവാസികളിലെ ബഹുഭൂരിപക്ഷത്തിന്‍റെയും അപേക്ഷയനുസരിച്ച് ഗ്രാമമുഖ്യയാകാൻ എത്തിയതാണ് ഛവി. കാരണം തന്‍റെ സ്വന്തം ഗ്രാമനിവാസികളുടെ ആവശ്യം നിരാകരിക്കാൻ അവൾക്കു കഴിഞ്ഞില്ല.

ഗ്രാമത്തിന്‍റെ ഐശ്വര്യം

ജയ്പൂരിലെ ഒരു രജപുത്ര കുടുംബത്തിലാണ് ഛവി ജനിച്ചത്. ആർമി ക്യാപ്റ്റനായ നരേന്ദ്രസിംഗ് രജാവത്തിന്‍റെയും ഹർഷ് ചൗഹാന്‍റെയും മകൾ. ഛവി എന്ന വാക്കിന്‍റെ അർത്ഥം പ്രകാശം, നിറം എന്നൊക്കെയാണ്. നല്ല വെളുത്ത നിറമായിരുന്നു അവൾക്ക്.

അതുകൊണ്ട് വീട്ടിലും നാട്ടിലും ഛവിയെ പ്രിയമായിരുന്നു എല്ലാവർക്കും. മാത്രമോ ചെറുപ്പം മുതൽക്കേ ചടുലമായ പ്രകൃതം. ഒരു കാര്യത്തിനും പിന്നോട്ടില്ല എന്ന മട്ടുകാരി. അവധി ദിവസങ്ങളിൽ ഗ്രാമത്തിലെ കുട്ടികളോപ്പം കളിക്കാനും കൂടും.

സ്കൂൾ വിദ്യാഭ്യാസത്തിന്‍റെ സമയമായപ്പോൾ, മിലിട്ടറി സേവനത്തിനായി ഇന്ത്യയുടെ പലയിടത്തും താമസിക്കേണ്ടി വന്ന പിതാവിനൊപ്പമായിരുന്നു ഛവിയും. അതുകൊണ്ട് പ്രാഥമിക സ്കൂൾ പഠനം ബംഗളരൂവിലായിരുന്നു. പിന്നെ ബിരുദത്തിനായി ഡൽഹിയിലെ പ്രശസ്തമായ ലേഡി ശ്രീരാം കോളേജിൽ ചേർന്നു.

അവിടെ നിന്ന് ഇംഗ്ളീഷ് ഐച്ഛികമായെടുത്ത് ഓണേഴ്സ് ബിരുദം നേടി. തുടർന്ന് എം.എ.യ്ക്കു ചേരണോ മറ്റന്തെങ്കിലും പഠിക്കണമെ എന്നായി ചിന്ത. ഒടുവിൽ പൂനയിലെ ബാലാജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോഡേണ്‍ മാനേജ്മെന്‍റിൽ എം.ബി.എ. പഠനത്തിനു ചേർന്നു. മാർക്കറ്റിംഗ് ആയിരുന്നു സ്പെഷ്യലൈസേഷൻ.

സോദാ വില്ലേജിന്‍റെ പ്രകാശമാണ് ഛവി. അതുകൊണ്ടു തന്നെ 2015-ൽ സോദാ ഗ്രാമക്കാർ ഛവിയെത്തന്നെ സർപാഞ്ചാക്കിയിരിക്കുകയാണ്.

കോർപറേറ്റ് ലോകത്തിലേക്ക്

മാർക്കറ്റിംഗിൽ എം.ബി.എ. നേടിയ ശേഷം കുറേക്കാലം ടൈംസ് ഓഫ് ഇന്ത്യയിൽ ജോലി നോക്കി. വളരെ വെല്ലുവിളികളുള്ള ജോലിയായിരുന്നു പത്രത്തിലേതെന്ന് ഛവി ഒരു ഇന്‍റർവ്യൂവിൽ പറയുന്നുണ്ട്. പിന്നീട് ഹോസ്പിറ്റാലിറ്റി ബിസിനസിലേക്കു തിരിഞ്ഞു. അങ്ങനെ കാൾസണ്‍ ഗ്രൂപ് ഓഫ് ഹോട്ടൽസിൽ മിഡിൽ ലെവൽ മാനേജരായി. ജയപൂരിൽ അമ്മ നടത്തുന്ന ഹോട്ടലിന്‍റെ പ്രവർത്തനങ്ങളിൽ സഹായിക്കാനുള്ള പരിശീലനം നേടാനാണ് യഥാർഥത്തിൽ ഛവി കാൾസണിൽ ചേർന്നത്. ഒട്ടേറെ പ്രായോഗികപരിചയം അവിടെ നിന്നു ലഭിച്ചു. മൂന്നു നാലു വർഷങ്ങൾക്കു ശേഷം കാൾസണ്‍ വിട്ട്, തിരികെ നാട്ടിലേക്കു മടങ്ങാനിരിക്കുന്പോഴാണ് എയർ ടെല്ലിൽ നിന്ന് കുറേക്കൂടി മെച്ചപ്പെട്ട ഓഫർ ലഭിച്ചത്. എങ്കിൽപ്പിന്നെ ടെലികമ്യൂണിക്കേഷൻ മേഖലയിലെ അനുഭവപരിചയം കൂടിയാകട്ടെ എന്നു വിചാരിച്ച് എയർടെല്ലിലെ ജോലി സ്വീകരിച്ചു.
സർപാഞ്ചാകുന്നു

2010 തുടക്കം. എയർ ടെല്ലിൽ ജോലി നോക്കിക്കൊണ്ടിരിക്കുന്പോഴാണ് ഒരു ദിവസം ഗ്രാമത്തിലെ കുറേ മുതിർന്ന ആളുകൾ ഛവിയെ കാണാനെത്തി. സോദയിൽ നിന്ന് ബസ് പിടിച്ച് എത്തിയതാണ് എല്ലാവരും. അവർ തങ്ങളുടെ ആവശ്യം ഛവിയെ അറിയിച്ചു. ഗ്രാമപഞ്ചായത്ത് ഇലക്ഷൻ വരുന്നു. ഛവി ഗ്രാമത്തിലെ സർപാഞ്ചാകണം.

എന്തുകൊണ്ട് ഞാൻ? സാധാരണ ആണുങ്ങളല്ലേ സർപാഞ്ചാകാറുള്ളത്?’’ അവൾ ആരാഞ്ഞു. 2010-ൽ വിമെൻസ്് റിസർവേഷൻ ബില്ലിലെ വ്യവസ്ഥയനുസരിച്ച് അപ്രാവശ്യം വനിതകൾക്കു വേണ്ടി സംവരണം ചെയ്തിരിക്കുകയാണ് സോദയിലെ സർപാഞ്ച് സ്ഥാനം. ഇപ്പോൾത്തന്നെ പത്തു പതിനഞ്ചു പെണ്ണുങ്ങൾ സർപപാഞ്ചാകാൻ അവിടെ ഒരുങ്ങിയിരിക്കുകയാണ്. ആരെയും ഞങ്ങൾക്ക് വിശ്വാസമില്ല. ജാതിയാണ് തെരഞ്ഞെടുപ്പിലെ മുഖ്യഘടകം. അതു വേണ്ട. അതിനുത്തരമായാണ് ഛവിയെ തേടി ഞങ്ങളെത്തിയിരിക്കുന്നത്.’’ അവർ പറഞ്ഞു. ഛവി സമ്മതിക്കുന്നില്ലെങ്കിൽ ഗ്രാമത്തിൽ നിന്ന് ഇനിയും ധാരാളം ആളുകൾ നിർബന്ധിക്കാൻ എത്തുമെന്നും അവർ കൂട്ടിച്ചേർത്തു.

ഛവി കുടുംബാംഗങ്ങളെല്ലാവരോടും ആലോചിച്ചു. മുത്തച്ഛൻ ബ്രിഗേഡിർ രഘുവീർ സിംഗാണ് അവളെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചത്. സർവീസിൽ മഹാവീരചക്രം നേടിയ അദ്ദേഹം സൈന്യസേവനത്തിനു ശേഷം സോദായിൽ മൂന്നു തവണ ഗ്രാമമുഖ്യനായിരുന്നു.
അങ്ങനെ ഗ്രാമക്കാരുടെ ആഗ്രഹമനുസരിച്ച് ഛവി തെരഞ്ഞെടുപ്പിൽ മത്സരിച്ചു. ജയിച്ചു സർപാഞ്ചായി. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ സർപാഞ്ച്.

വികസനത്തിന്‍റെ നായിക

സർപാഞ്ചായി സ്ഥാനമേറ്റതു മുതൽ തദ്ദേശഭരണത്തിന്‍റെ അകവും പുറവും അവൾക്കു മനസിലായി. വിചാരിക്കുന്നതുപോലെയല്ല കാര്യങ്ങൾ. സർക്കാർ വകുപ്പുകളുടെ സഹകരണം വേണം. ഭിന്ന ചേരികളിലുള്ള രാഷ്ട്രീയക്കാരെ ഒരുമിച്ചു നിർത്തണം.

അച്ഛനെയും മുത്തച്ഛനെയും പോലെ നിസ്വാർത്ഥമായ സേവനം. ലഭിക്കുന്ന ഫണ്ടുകളൊക്കെയും ഗ്രാമീണ ജനങ്ങൾക്കുള്ള ക്ഷേമപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നു. ഫണ്ടു കിട്ടാൻ വൈകുന്പോൾ കോർപറേറ്റ് സ്ഥാപനങ്ങളിൽ നിന്ന് സ്പോണ്‍സർഷിപ് സംഘടിപ്പിക്കും. പണം സ്വകാര്യാവശ്യങ്ങൾക്കുപയോഗിക്കേണ്ട ആവശ്യം ഛവി എന്ന സർപാഞ്ചിനില്ല.

കുടിവെള്ളം ഗ്രാമീണരുടെ അടിയന്തിരാവശ്യമായിരുന്നു. അതുകൊണ്ട് ആദ്യമായി ഏറ്റെടുത്ത വലിയ പ്രോജക്ട്, ഗ്രാമത്തിലെ വലിയൊരു കുളത്തിന്‍റെ നവീകരണമായിരുന്നു. നൂറ്ഏക്കറോളം വലിപ്പമുള്ള കുളം. വൃത്തിഹീനമായ കുളം ശരിയാക്കിയെടുക്കാൻ ഛവി ഒരു സോഫ്റ്റ് ഡ്രിങ്ക് കന്പനിയുടെ സഹായം തേടി. അവർ 20 ലക്ഷം മുടക്കി. കുളം ശുചിയാക്കിയെടുത്തതോടെ പുതിയ സർപാഞ്ചിനെപ്പറ്റി ഗ്രാമീണർക്ക് മതിപ്പായി. ഗ്രാമത്തിലുള്ളവർ ബാങ്കിംഗ് സൗകര്യം ഉപയോഗിക്കില്ലെന്നായിരുന്നു പൊതുവേ പറഞ്ഞിരുന്നത്. അതുകൊണ്ട് സ്റ്റേറ്റ് ബാങ്ക് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയും എ.ടി.എമ്മും ഗ്രാമത്തിലേക്കു കൊണ്ടു വന്നു. സോദായിലെയും പരിസരപ്രദേശങ്ങളിലെയും ഇരുപതിനായിരത്തിലധികം അക്കൗണ്ടുകൾ ഇപ്പോൾ എസ്.ബി.ഐ.യ്ക്കുണ്ട്. മാത്രമല്ല, പിന്നീട് ബാങ്ക് ഓഫ് ബറോഡയുൾപ്പടെ നാലു ബാങ്കുകൾ കൂടി തങ്ങളുടെ ശാഖകൾ സോദായിൽ തുറന്നു.

അതുകൊണ്ടെന്താ, അഞ്ചുകൊല്ലത്തെ പ്രവർത്തനത്തിൽ സംതൃപ്തരായ ജനങ്ങൾ 2015-ലും ഛവിയെത്തന്നെ തങ്ങളുടെ സർപാഞ്ചായി തെരഞ്ഞെടുത്തു.

നാൽപതിലധികം റോഡുകൾ സഞ്ചാരയോഗ്യമായി ഗ്രാമത്തിലുണ്ടിപ്പോൾ. 900 ലധികം വീടുകളുള്ളതിൽ 800 എണ്ണത്തിലും ടോയ് ലെറ്റ് സൗകര്യവുമുണ്ട്.

കണ്ടു പഠിക്കാൻ

ഭരണം അങ്ങേയറ്റം സുതാര്യമാണ് സോദാ ഗ്രാമപഞ്ചായത്തിൽ. ഗ്രാമവാസികൾക്ക് ആർക്കു വേണമെങ്കിലും പഞ്ചായത്തിലെ പ്രവർത്തനങ്ങളെ സംബന്ധിക്കുന്ന ഏത് രേഖയും പരിശോധിക്കാം. അഴിമതിരഹിതവും സത്യസന്ധവുമായ സേവനം. അതാണ് ഛവിയുടെ മുദ്രാവാക്യം.

സ്തുത്യർഹമായ സേവനത്തിന് ഇന്ത്യൻ പ്രസിഡന്‍റ് നൽകുന്ന ഫസ്റ്റ് ലേഡീസ് നാഷണൽ അവാർഡ്, രാജീവ് ഗാന്ധി യുവശക്തി നാഷണൽ അവാർഡ്, സിഎൻഎൻ-ന്‍റെ യംഗ് ഇന്ത്യൻ ലീഡർ അവാർഡ്, ഗ്രാസ്റൂട്ട്സ് വിമെൻ ഓഫ് ദി ഡെക്കേഡ് അവാർഡ് മുതലായ നിരവധി പുരസ്കാരങ്ങൾ ഛവിയെ തേടിയെത്തി. എല്ലാ പുസ്കാരങ്ങളും സാമൂഹ്യസേവനരംഗത്ത്് തന്‍റെ പ്രവർത്തനം ശക്തിപ്പെടുത്താനുള്ള ഉൗർജമായിട്ടാണ് അവൾ കരുതുന്നത്.
നമ്മുടെ രാഷ്ട്രീയരംഗത്തുള്ളവർക്ക് പലതും കണ്ടുപഠിക്കാനുണ്ട് ഈ യുവതിയിൽ നിന്ന്.

ഡോ. രാജൻ പെരുന്ന