സുരക്ഷയൊരുക്കി തുടങ്ങാം
2018 തുടങ്ങിയപ്പോൾ അരുണ്‍ ഒരു പ്രതിജ്ഞയെടുത്തിരുന്നു. വരുമാനത്തിന്‍റെ നിശ്ചിത ഭാഗം നിക്ഷേപത്തിനും സന്പാദ്യത്തിനുമായി നീക്കിവെയ്ക്കുമെന്ന്. അരുണിന്‍റെ ഈ പ്രതിജ്ഞ കേട്ട കൂട്ടുകാരൻ അവനൊരുപദേശം കൂടി നൽകി ഒരു ആരോഗ്യ ഇൻഷുറൻസും അപകട ഇൻഷുറൻസും കൂടി എടുത്തോളുവെന്ന്. അതിന്‍റെ ആവശ്യമൊന്നും ഇപ്പോ ഇല്ലെന്നായിരുന്നു അരുണിന്‍റെ മറുപടി. കുറച്ചു കൂടി കഴിയട്ടെ അപ്പോ നോക്കാം എന്ന തോന്നലായിരുന്നു ഇതിനു പിന്നിൽ. അങ്ങനെയിരിക്കെയാണ് അരുണിന് ഒരു അപകടമുണ്ടാകുന്നത്. ജോലി സ്ഥലത്തു നിന്നും മടങ്ങും വഴി ബൈക്ക് മറ്റൊരു വാഹനത്തിനിടിച്ചു കാര്യമായി തന്നെ പരുക്കേറ്റ അരുണ്‍ ആശുപത്രിയിലായി. ചികിത്സ ചെലവ് താങ്ങാനാകതെ വന്നതോടെ അതുവരെ തുടങ്ങിയ സന്പാദ്യവും നിക്ഷേപവുമെല്ലാം മുടങ്ങി. വളരെ ആഗ്രഹിച്ചു തുടങ്ങിയതൊക്കെയും വെറുതെയായ അവസ്ഥ. അന്ന് കൂട്ടുകാരൻ പറഞ്ഞതിനെക്കുറിച്ച് അപ്പോൾ അരുണ്‍ ഓർത്തു. ഒരു അപകട ഇൻഷുറൻസ് പോളിസി ഉണ്ടായിരുന്നെങ്കിൽ! ഈ ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ലായിരുന്നു. അന്ന ു കൂട്ടുകാരൻ പറഞ്ഞപ്പോൾ അതങ്ങ് കേട്ടാൽ മതിയായിരുന്നവെന്ന്.
ഇൻഷുറൻസിനെക്കുറിച്ച് കേൾക്കുന്പോഴെ പലരുടെയും മനോഭാവമിതാണ്. ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ല പിന്നെന്തിനാണ് ഒരു ഇൻഷുറൻസ്.കുറച്ചു കൂടി പ്രായമാകട്ടെ അപ്പോൾ എടുക്കാം. എന്നൊക്കെ ചിന്തിച്ചങ്ങനെ പോകും. ധനകാര്യ ആസുത്രണത്തിൽ പ്രാധാന്യത്തോടെ ഇടം കൊടുക്കേണ്ടതാണ് ഇൻഷുറൻസിനും. സന്പാദ്യവും നിക്ഷേപവും പോലെ തന്നെ സ്വത്തിനും ജീവനും സുരക്ഷയൊരുക്കേണ്ടതും അത്യാവശ്യമാണ്. അതുകൊണ്ട് പുതുവർഷത്തിൽ സന്പാദ്യത്തിനും നിക്ഷേപത്തിനുമൊപ്പം ഇൻഷുറൻസിനും പ്രാധാന്യം നൽകാം. അത്യാവശ്യം എടുത്തിരിക്കേണ്ട ഇൻഷുറൻസുകളെക്കുറിച്ചു ചുവടെ നൽകുന്നു.

ഇവ ഇപ്പോൾ ഇല്ലെങ്കിൽ ഉണ്ടായിരിക്കണം

1. ആരോഗ്യ ഇൻഷുറൻസ്
ലൈഫ് പോളിസിയില്ലെങ്കിലും ആരോഗ്യ ഇൻഷുറൻസ് ഉണ്ടായിരിക്കണം. ജോലിയും വരുമാനവും ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രായഭേദമന്യേ ആരോഗ്യ ഇൻഷുറൻസ്എടുത്തിരിക്കണം. മാരകമായ ഒരു രോഗമോ അപകടമോ സംഭവിച്ചാൽ വരുന്ന സാന്പത്തിക ബാധ്യത ഇന്നത്തെക്കാലത്ത് വളരെ വലുതാണ്. പത്യേകിച്ച് സ്വാകര്യ മേഖലയിലാണ് ചികിത്സ തേടുന്നതെങ്കിൽ.
ഏറ്റവും കൂടുതൽ വില വർധന ( മെഡിക്കൽ ഇൻഫ്ളേഷൻ) ചികിത്സയും അവയോടനുബന്ധിച്ചുള്ള വിവിധ ടെസ്റ്റുകൾക്കും മരുന്നുകൾക്കുമാണ്. അതുകൊണ്ടുതന്നെ ആരോഗ്യ ഇൻഷുറൻസ് എല്ലാവർക്കും ഏറ്റവും അത്യാവശ്യമാണ്.

ഏറ്റവും ചെറുപ്പത്തിൽതന്നെ ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കാം. എടുത്താൽ മാത്രം പോര മുടങ്ങാതെ പുതുക്കുകയും ചെയ്യണം. വ്യക്തിഗത പോളിസിയോ അല്ലെങ്കിൽ കുടുംബാംഗങ്ങളെക്കൂടി ഉൾപ്പെടുത്തിയിട്ടുള്ള ഫ്ളോട്ടർ പോളിസികളോ ആകാം. ഓരോ മൂന്നു വർഷം കഴിയുന്പോഴും സംഅഷ്വേഡ് തുക കൂടി വർധിപ്പിക്കാൻ ശ്രദ്ധിക്കുക.

2. ലൈഫ്ഇൻഷുറൻസ്
ആരോഗ്യ ഇൻഷുറൻസ് പോലെ തന്നെ പ്രധാനപ്പെട്ടതാണ് ലൈഫ് ഇൻഷുറൻസ്. പ്രത്യേകിച്ചും ആശ്രിതരുള്ളവർ. വരുമാനം നേടുന്ന എല്ലാവരും അവരുടെ ആശ്രിതരുടെ സാന്പത്തിക ഭദ്രതയ്ക്കായി ലൈഫ് ഇൻഷുറൻസ് പോളിസി എടുക്കണം.

വാർഷിക വരുമാനത്തിന്‍റെ 10-15 ഇരട്ടിയെങ്കിലും ഇൻഷുറൻസ് കവറേജ് ഉണ്ടായിരിക്കണം. പോളിസി ഉടമയുടെ അഭാവത്തിലും ആശ്രിതർക്ക് ഇപ്പോൾ ജീവിക്കുന്ന നിലവാരം നിലനിർത്തിക്കൊണ്ടുപോകുവാൻ ഇതാവശ്യമാണ്. കവറേജ് നിശ്ചയിക്കുന്പോൾ പണപ്പെരുപ്പവും കൂടി കണക്കിലെടുക്കുക.

ലൈഫ് കവറേജ് നൽകുന്ന പലതരം പോളിസികളുണ്ട്. ഓരോന്നിനും അതിന്‍റതായ മേന്മകളും പോരായ്മകളുമുണ്ട്. ഇതിൽ ഏതു പോളിസി എടുത്താലും ആവശ്യത്തിനു കവറേജ് ഉറപ്പാക്കുക.

ടേം ഇൻഷുറൻസ്: ഏറ്റവും കുറഞ്ഞ പ്രീമിയത്തിൽ ഉയർന്ന കവറേജ് നേടുവാൻ സഹായിക്കുന്ന പോളിസിയാണിത്. പോളിസി ഉടമയുടെ ആവശ്യത്തിനനുസരിച്ച് 10,20,30 വർഷം എന്നിങ്ങനെ നിശ്ചിത കാലയളവിലേക്ക് പോളിസി തെരഞ്ഞെടുക്കാം. പോളിസി ഉടമയ്ക്ക് മരണം സംഭവിച്ചാൽ ആശ്രിതർക്ക് സം അഷ്വേഡ് തുക ലഭിക്കുന്നു. പോളിസി ഉടമ കാലാവധിയെ അതജീവിച്ചാൽ ഒന്നും ലഭിക്കുകയില്ല.

എൻഡോവ്മെന്‍റ് പോളിസി: സുരക്ഷാ കവറേജിനൊപ്പം സന്പാദ്യ ശീലത്തേയും പ്രോത്സാഹിപ്പിക്കുന്നതാണ് എൻഡോവ്മെന്‍റ് പോളിസികൾ. പ്രീമിയത്തിൽ ഒരു ഭാഗം ലൈഫ് കവറേജിനായി പോകുന്പോൾ മറ്റേ ഭാഗം നിക്ഷേപത്തിലേക്കു പോകുന്നു. പോളിസി കാലാവധി അവസാനിക്കുന്പോൾ നിക്ഷേപ നേട്ടം പോളിസി ഉടമയ്ക്കു ലഭിക്കുന്നു. ടേം ഇൻഷുറൻസിനെ അപേക്ഷിച്ച് ഉയർന്ന തുക കവറേജിനായി വേണ്ടി വരുന്നു. മറ്റു ചില നിക്ഷേപങ്ങളെ അപേക്ഷിച്ച് റിട്ടേണ്‍ കുറവാണ്.

യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ: യുലിപ് എന്നു പരക്കേ അറിയപ്പെടുന്ന യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ ലൈഫ് കവർ നൽകുന്നതിനൊപ്പം പോളിസി ഉടമയ്ക്ക് ബോണ്ട്, ഓഹരികൾ, കടപ്പത്രങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന ആസ്തികളിൽ നിക്ഷേപം നടത്തുവാനും അവസരമൊരുക്കുന്നു.

പോളിസി കാലാവധി പൂർത്തിയാകുന്പോൾ നിക്ഷേപ മൂല്യം തിരികെ നൽകുന്നു. നിക്ഷേപത്തിൽനിന്നുള്ള റിട്ടേണഇന് ഗാരന്‍റിയില്ല.


ഹോൾ ലൈഫ് പോളിസി: നിശ്ചിത കാലത്തേക്കല്ല ഈ പോളിസി. പകരം ആജീവനാന്ത കാലത്തേക്കാണ് ഈ പോളിസികൾ. പോളിസി ഉടമയെുട മരണം വരെയാണ് കവറേജ്. മരണശേഷം നോമിനിക്ക് സംഅഷ്വേഡ് തുക ലഭിക്കും.

ആവശ്യമാണ് ഇവ

അപകട ഇൻഷുറൻസ്: വാഹനം ഉപയോഗിക്കുന്നവരാണ് ഇന്ന് എല്ലാവരും തന്നെ. അതുകൊണ്ടു തന്നെ അപകട ഇൻഷുറൻസും അത്യാവശ്യമാണ്.അപകട മരണം സംഭവിച്ചാൽ മാത്രമല്ല അപകടം വഴി സംഭവിക്കുന്ന സ്ഥിരമോ കുറഞ്ഞ കാലത്തെയ്ക്കുള്ളതോ ആയ അംഗവൈകല്യത്തിനും നഷ്ടപരിഹാരം ലഭിക്കും.

പല ഇൻഷുറൻസ് കന്പനികളും മറ്റ് പോളിസികളോടു കൂടിച്ചേർത്ത് അപകട ഇൻഷുറൻസ് നൽകുന്നുണ്ട്. ആരോഗ്യ പോളിസി, ടേം പോളിസി തുടങ്ങിയവയോടൊപ്പം അപകട ഇൻഷുറൻസ് കവറേജും നൽകുന്ന പോളിസികളുണ്ട്.

ക്രിട്ടിക്കൽ ഇൻഷുറൻസ്: അടിസ്ഥാന ആരോഗ്യ ഇൻഷുറൻസും ലൈഫ് ഇൻഷുറൻസും കഴിഞ്ഞാൽ അടുത്ത മുൻഗണന ക്രിട്ടിക്കൽ ഇൻഷുറൻസിനാകട്ടെ. കാരണം മാരക രോഗങ്ങളുടെ വർധനയും അതിന്‍റെ ചികിത്സാച്ചെലവും കുത്തനെ ഉയരുകയാണ്. കുടുംബത്തിന്‍റെ ഫ്ളോട്ടർ പോളിസിക്കൊപ്പം ഒരു ക്രിട്ടിക്കൽ ഇൽനെസ് പ്ലാൻ കൂടി തുടങ്ങാം.

ടോപ് അപ് പോളിസികൾ: അടിസ്ഥാന ആരോഗ്യ ഇൻഷുറൻസ് കവറേജിൽ കൂടുതൽ ചികിത്സാച്ചെലവു വന്നാൽ സഹായകമാണ് ഈ പോളിസി.

ഭാവന വായ്പ ഇൻഷുറൻസ്: വീടു വയ്ക്കാൻ വായ്പ എടുത്തിട്ടുണ്ടെങ്കിൽ തീർച്ചയായും ഭവന വായ്പ ഇൻഷുറൻസ് എടുത്തിരിക്കണം. പോളിസി ഉടമയ്ക്കു മരണം സംഭവിച്ചാൽ ആശ്രിതിർക്ക് പ്രയാസമുണ്ടാക്കാതെ വീടിന്‍റെ ബാധ്യതകൾ ഈ ഇൻഷുറൻസ് നിറവേറ്റിക്കൊള്ളും.
ഭവന വായ്പയ്ക്കു മാത്രമല്ല, മറ്റു വ്യക്തിഗത കടങ്ങൾ എടുത്തിട്ടുണ്ടെങ്കിൽ അതു കൂടി കണക്കിലെടുത്ത് ടേം ഇൻഷുറൻസ് പോളിസി കവറേജ് വർധിപ്പിക്കുക.

മറ്റെല്ലാ ഇൻഷുറൻസുകളും ഓരോരുത്തരുടേയും പ്രീമിയം അടയ്ക്കാനുള്ള ശേഷി, ധനകാര്യ ലക്ഷ്യം തുടങ്ങിയവയെ ആശ്രയിച്ചിരിക്കുന്നതാണ്.

ആരോഗ്യത്തിൽ ശ്രദ്ധിക്കാം ഇൻഷുറൻസിനൊപ്പം

പ്രായം ഏതുമാകട്ടെ. പുതിയവർഷത്തിൽ ആരോഗ്യം നിലനിർത്തുന്നതിനുള്ള നല്ല ആരോഗ്യ ശീലങ്ങൾ പുലർത്തുമെന്നു പ്രതിജ്ഞ എടുക്കുകയും അതു നടപ്പാക്കുവാനും തീരുമാനിക്കാം.
നല്ല ആരോഗ്യ ശീലങ്ങൾ രോഗത്തെ അകറ്റി നിർത്തുന്നതിനൊപ്പം ഇൻഷുറൻസ് പ്രീമിയം കുറച്ചു നിർത്തുകയും ചെയ്യും. ആശുപത്രികളിൽ പോകുന്നതിന്‍റെ എണ്ണം കുറയ്ക്കാം.

ദിവസവും വ്യായാമം ചെയ്യാം. ഇത്തരത്തിൽ വ്യായാമം ചെയ്യുന്നർക്കും പുകവലി, മദ്യാപനം തുടങ്ങിയ ദുശീലങ്ങൾ ഇല്ലാത്തവർക്കും ഇൻഷുറൻസ് കന്പനികൾ പ്രീമിയത്തിൽ കുറവു നൽകാറുണ്ട്. ആരോഗ്യ പോളിസി ക്ലെയിം ഇല്ലെങ്കിൽ പോളിസി ഉടമയ്ക്ക് കന്പനികൾ കവറേജ് കൂട്ടിക്കൊടുക്കാറുണ്ട.്

എല്ലാ വർഷവും മെഡിക്കൽ ചെക്കപ്പ് നടത്തുകയും തിരുത്തലിന് ആവശ്യമായ നടപടികൾ എടുക്കുകയും ചെയ്യുക. പ്രവന്‍റീവ് ഹെൽത്ത് ചെക്കപ്പിന് 5,000 രൂപ വരെ നികുതി ഇളവും സർക്കാർ നൽകുന്നുണ്ട്.

സുരക്ഷയ്ക്കൊപ്പം നികുതിയും ലാഭിക്കാം

ആവശ്യത്തിനുള്ള സുരക്ഷയൊരുക്കുന്നതിനൊപ്പം നികുതി ലാഭിക്കാനും ഇൻഷുറൻസ് പോളിസികൾ ഉപകാരപ്രദമാണ്.

1. ലൈഫ് ഇൻഷുറൻസ് പോളിസികൾ
ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിനാണ് നികുതി കിഴിവ് അനുവദിച്ചിട്ടുള്ളത്. ആദായ നികുതി വിഭാഗം 80 സി പ്രകാരം 1,50,000 രൂപ വരെയുള്ള ലൈഫ് ഇൻഷുറൻസ് പ്രീമിയം അടവിന് നികുതിയിളവ് ലഭിക്കും.

2. ആരോഗ്യ ഇൻഷുറൻസ്
ആദായ നികുതി നിയമത്തിൽ ആരോഗ്യ ഇൻഷുറൻസ് പോളിസികൾക്കു നൽകുന്ന പ്രീമിയത്തിന് 80 ഡി വകുപ്പ് അനുസരിച്ച് നികുതി ഇളവു ലഭിക്കും.

80 ഡി ഹെൽത്ത് ഇൻഷുറൻസ്

എല്ലാ സാന്പത്തിക വർഷവും 25,000 രൂപയുടെ ഇളവ് ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം അടക്കുന്നതിന് ലഭിക്കും. പ്രീമിയം സ്വന്തമായോ, പങ്കാളിക്കോ, കുട്ടികൾക്കോ വേണ്ടിയുള്ളതാകാം. നിങ്ങളോ നിങ്ങളുടെ പങ്കാളിയോ സീനിയർ സിറ്റിസണ്‍(60 വയസോ അതിനു മുകളിലോ) ഉള്ളവരാണെങ്കിൽ അത് 30,000 രൂപയായി ഉയരും.

മാതാപിതാക്കൾക്കു വേണ്ടി ഇൻഷുറൻസ് പോളിസി

മാതാപിതാക്കൾക്കു വേണ്ടിയുള്ള ആരോഗ്യ ഇൻഷുറൻസ് പ്രീമിയം അടവിനും ഓരോ സാന്പത്തിക വർഷവും 25,000 രൂപവരെ ഇളവ് ലഭിക്കും. മാതാപിതാക്കൾ മുതിർന്ന പൗരൻമാരാണെങ്കിൽ ഇത് 30,000 രൂപവരെയായി ഉയരും.

പണമായി അടച്ചാൽ ഇളവില്ല

ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം ബാങ്ക് വഴിയായി മാത്രമേ അടക്കാവൂ. ഇല്ലെങ്കിൽ ഇളവുകൾ ലഭിക്കില്ല.

ചെക്ക്. ഡിമാൻഡ് ഡ്രാഫ്റ്റ്, ക്രെഡിറ്റ് ആൻഡ് ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് തുടങ്ങിയ സംവിധാനങ്ങൾ വഴി. എന്നാൽ പ്രിവന്‍റീവ് ഹെൽത്ത് ചെക്കപ്പിനുള്ള തുക പണമായി അടക്കാവുന്നതാണ്.

പ്രിവന്‍റീവ് ഹെൽത്ത് ചെക്കപ്

പ്രവന്‍റീവ് ഹെൽത്ത് ചെക്കപ്പിന് 5,000 രൂപ വരെ നികുതി ഇളവ് വിഭാഗം 80 ഡി പ്രകാരം ലഭിക്കും.