ഇൻഷുറൻസ് പോളിസി: അവകാശങ്ങൾ അറിഞ്ഞിരിക്കാം
ഇൻഷുറൻസ് പോളിസി: അവകാശങ്ങൾ അറിഞ്ഞിരിക്കാം
Wednesday, January 16, 2019 3:01 PM IST
ജോലി കിട്ടി ആദ്യ നാളിൽ തന്നെ വരുണ്‍ ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസി എടുത്തു. കൃത്യമായി പ്രീമിയവും അടച്ചുകൊണ്ടിരുന്നു. പക്ഷേ, ക്ലെയിം ചെയ്യാനെത്തിയപ്പോഴാണ് അതു കിട്ടില്ലെന്നും ഇങ്ങനെ ഒരു ഓപ്ഷൻ കന്പനി നൽകുന്ന പോളിസിയിൽ ഇല്ലെന്നും അറിയുന്നത്. ഏജന്‍റ് അന്ന് ഇക്കാര്യങ്ങളൊക്കെ പറഞ്ഞിരുന്നല്ലോ എന്നു പറഞ്ഞ് പ്രതിരോധിക്കാൻ നോക്കിയെങ്കിലും കന്പനി അതൊന്നും അംഗീകരിച്ചതെയില്ല.

പോളിസി ഡോക്കുമെന്‍റിൽ എല്ലാ കാര്യങ്ങളും നൽകിയിട്ടുണ്ടെന്നാണ് കന്പനി വാദിക്കുന്നത്. അതിനെതിരേ വരുണിനു മറുപടിയുണ്ടായില്ല. ഫലം എടുത്ത പോളിസിയുടെ പ്രയോജനം തക്ക സമയത്തു ലഭിക്കാതെ പോയി.

വരുണിനു സംഭവിച്ചതുപോലെ പലപ്പോഴും പലർക്കും സംഭവിക്കാറുണ്ട്. ഏജന്‍റിനെ മാത്രം വിശ്വസിച്ചു പോളിസി എടുക്കന്നതു മൂലം സംഭവിക്കുന്നതാണിത്.

അതിനാൽ പോളിസി എടുക്കുന്നതിനു മുന്പ് തന്‍റെ ആവശ്യം നിറവേറ്റുവാൻ ഇത് ഉപകരിക്കുന്നുണ്ടോയെന്നു ഉറപ്പാക്കണം. പോളിസി എന്താണെന്നും അതുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്തൊക്കെയാണെന്നും പോളിസി ഉടമ നിർബന്ധമായും അറിഞ്ഞിരിക്കണം.
പോളിസി വാങ്ങുന്നതോടെ ഉടമയ്ക്ക് ചില അവകാശങ്ങളൊക്കെ കൈവരുന്നുണ്ട്. അതേപോലെ ഇൻഷുറൻസ് കന്പനിക്ക് ചില കടപ്പാടുകളും.

പോളിസി എടുക്കുംമുന്പേ ഇവ അറിഞ്ഞിരുന്നാൽ ഭാവിയിൽ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോവുക എളുപ്പമാണ്.

പോളിസി ഉടമയുടെ അവകാശങ്ങൾ

പോളിസിയുടെ സവിശേഷതകൾ, ഗ്രേസ് പിരീഡ്, ഫ്രീലുക്ക ്പിരീഡ്, എത്ര ദിവസത്തിനുള്ളിൽ ക്ലെയിം കിട്ടും തുടങ്ങിയ കാര്യങ്ങളെല്ലാം അറിയുവാൻ പോളിസി എടുക്കുന്നതിനു മുന്പുതന്നെ അറിയുവാൻ ഉപഭോക്താവിന് അവകാശമുണ്ട്. പോളിസി സംബന്ധിച്ച എല്ലാ സംശയങ്ങൾക്കും ഉത്തരം നൽകുവാനുള്ള ബാധ്യത ഇൻഷുറൻസ് കന്പനിക്കുമുണ്ട്.
ഇവിടെ തുടങ്ങുകയായായി ഇൻഷുറൻസ് കന്പനിയും പോളിസി ഉടമയുമായുള്ള ബന്ധം.

പോളിസിയുമായി ബന്ധപ്പെട്ട വിവരങ്ങൾ

ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി(ഐആർഡിഎ)യുടെ മാർഗനിർദ്ദേശ പ്രകാരം പോളിസി ഉടമ തന്‍റെ പോളിസയുമായി ബന്ധപ്പെട്ട് ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും കന്പനി നൽകണമെന്നാണ്. ഇൻഷുറൻസ് കന്പനി പോളിസിയുമായും കന്പനിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അടങ്ങിയ രേഖ പോളിസി ഉടമയ്ക്ക് നൽകുകയും ചെയ്യണം.ഉടമ ഇത് വായിച്ചു മനസിലാക്കുകയും ചെയ്യണം.

പോളിസി റദ്ദാക്കാം

ഏജന്‍റ് പറഞ്ഞു പറ്റിച്ചാൽ അല്ലെങ്കിൽ എതെങ്കിലും തരത്തിൽ പറ്റിക്കപ്പെട്ടു എന്നു തോന്നിയാൽ പോളിസി എടുത്ത് 15 ദിവസത്തിനുള്ളിൽ റദ്ദാക്കാനുള്ള അവസരം പോളിസി ഉടമകൾക്കുണ്ട്. ഇങ്ങനെ പോളിസി റദ്ദാക്കിയാൽ അതുവരെ അടച്ച തുക തിരികെ ലഭിക്കും. ചെറിയൊരു തുകയെ ചാർജായി കന്പനി ഈടാക്കുകയുള്ളു.

പ്രീമിയം അടവ്

ലംപ് സം തുകയായി പ്രീമിയം അടയ്ക്കുക എന്നത് പലർക്കും ബുദ്ധിമുട്ടാണ് അതുകൊണ്ടു തന്നെ ഐആർഡിഎ നിശ്ചിത ഇടവേളകളിൽ പ്രീമിയം അടയ്ക്കാനുള്ള അവസരം നൽകുന്നുണ്ട്. പലരും ഇത് അറിയാറില്ല. ഇത്തരം സാധ്യതകൾ ചോദിച്ചു മനസിലാക്കാണം.

ഇൻഷുറൻസ് കന്പനിക്കെതിരെ പരാതി നൽകാം

പോളിസിയിൽ എന്തെങ്കിലും തെറ്റോ മറ്റെന്തെങ്കിലും കുഴപ്പമോ കണ്ടെത്തിയാൽ കന്പനിക്കെതിരെ കേസ് നൽകാനുള്ള അവകാശം ഉപഭോക്താക്കൾക്കുണ്ട്. ഇത്തരം പ്രശ്നങ്ങൾ സാധാരണയായി ഉണ്ടാകുന്നത് പറഞ്ഞ തുകയിൽ കൂടുതൽ പ്രീമിയമായി ഈടാക്കുന്പോഴോ, മച്യൂരിറ്റി കാലാവധി ആകുന്പോൾ കന്പനി ഒഴിവുകഴിവുകൾ പറയുകയോ ചെയ്യുന്പോഴോ ഒക്കെയാണ്. ഇത്തരം സാഹചര്യങ്ങളിൽ കന്പനിക്കെതിരെ കേസ് ഫയൽ ചെയ്യാനുള്ള അവകാശം ഉപഭോക്താവിനുണ്ട്. ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റിയിലാണ് ഇത്തരം പരാതികൾ നൽകേണ്ടത്. ഇൻഷുറൻസ് ഓംബുഡ്സ്മാൻ വഴി ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താം.


പോളിസി എടുക്കും മുന്പ്

ലൈഫ് ഇൻഷുറൻസ് പോളിസികൾ രണ്ടുതരത്തിലുണ്ട്.
1. മരണശേഷം മാത്രം നേട്ടം ലഭിക്കുന്നത്
2. കാലാവധി പൂർത്തിയാകുന്പോൾ നേട്ടം ലഭിക്കുന്നത്. ഇവയിൽ ഏതു പോളിസിയാണ് ആവശ്യം എന്നു നിശ്ചയിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. സ്വയം അതിനു സാധിക്കുന്നില്ലെങ്കിൽ പ്രഫഷണൽ സഹായം തേടാം.

ഇൻഷുറൻസിനെ ഒരു സുരക്ഷാ കവചമായി കാണുകയെന്നതാണ് പ്രധാന സംഗതി. അതായത് പോളിസി ഉടമയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ അയാളുടെ ആശ്രിതരുടെ ഭാവി ധനകാര്യ സുരക്ഷ ഉറപ്പുവരുത്തുകയെന്നതാണ് ഇൻഷുറൻസിന്‍റെ ഉദ്ദേശ്യം. അതിന് ലളിതമായ ടേം ഇൻഷുറൻസ് പ്ലാൻ മാത്രം മതി.

എന്നാൽ ഇൻഷുറൻസ് കന്പനികൾ ഈ ലക്ഷ്യത്തോടു നിക്ഷേപവും കൂട്ടിച്ചേർത്ത് വളരെ വൈവിധ്യമാർന്ന ഉത്പന്നങ്ങൾ പുറത്തിറക്കുന്നു. അങ്ങനെ ഇൻഷുറൻസ് എന്ന ലളിതമായ ആശയത്തെ സങ്കീർണമാക്കിയിരിക്കുകയാണ്. ഇതു മനസിലാകാതെ വരുന്നതാണ് പലപ്പോഴും തർക്കത്തിനും പോളിസി ഉടമയുടെ ഇച്ഛാഭംഗത്തിനു കാരണമാകുന്നത്.
അതിനാൽ ഈ പോളിസി ആവശ്യമുണ്ടോ, തന്‍റെ ലക്ഷ്യത്തിന് ഉതകുമോയെന്നു ഉറപ്പു വരുത്തിയശേഷം മാത്രം പോളിസി എടുക്കുക.

* എത്ര രൂപയുടെ കവറേജ്

വാർഷിക വരുമാനത്തിന്‍റെ പത്ത് ഇരട്ടിയെങ്കിലും സം അഷ്വേഡ് തുകയായി കണക്കാക്കി വേണം പോളിസി എടുക്കാൻ. ഉദാഹരണത്തിന് എട്ടു ലക്ഷം രൂപ വാർഷിക വരുമാനമുള്ള ഒരാൾ കുറഞ്ഞതു 100 ലക്ഷം രൂപയുടെ എങ്കിലും സം അഷ്വേഡ് തുകയായിട്ടുള്ള പ്ലാൻ തെരഞ്ഞെടുക്കണം. പോളിസി ഉടമ മരിച്ചാൽ ആശ്രിതർക്ക് 80 ലക്ഷം രൂപ ലഭിക്കും. ഈ തുക എട്ടു ശതമാനം പലിശയ്ക്ക് ബാങ്കിൽ നിക്ഷേപിച്ചാൽ കുടുംബത്തിന് എട്ടു ലക്ഷം രൂപ പലിശയിനത്തിൽ ലഭിക്കും. അതായത് ഇപ്പോൾ ലഭിക്കുന്ന വരുമാനം. അത് ഇപ്പോഴത്തെ ജീവിത നിലവാരം പുലർത്തിക്കൊണ്ടു പോകുവാൻ സഹായിക്കും.

എന്നാൽ പണത്തിന്‍റെ മൂല്യം ഓരോ വർഷവും താഴേയ്ക്കാണ്. അതിനാൽ പണപ്പെരുപ്പവും കൂടി കണക്കിലെടുത്തുവേണം സം അഷ്വേഡ്തുക നിശ്ചയിക്കാൻ.

*നികുതിയിളവുകൾ

ഇൻഷുറൻസ് പ്രീമിയത്തെ ആദായനികുതി ഇളവുകൾ നേടുവാൻ ഉപയോഗിക്കാൻ സാധിക്കും.
ആദായ നികുതി നിയമത്തില 80 സി പ്രകാരം ലൈഫ് ഇൻഷുറൻസ ്പ്രീമിയം അടവിന് 1.5 ലക്ഷം രൂപ വരെ നികുതിയിളവ് ലഭിക്കും. ആദായ നികുതി നിയമം വിഭാഗം 10 ഡി പ്രാകാരം മച്യൂരിറ്റി തുകയ്ക്കും നികുതി നൽകേണ്ടതില്ല.

ആരോഗ്യ പോളിസിക്ക് അടയ്ക്കുന്ന പ്രീമിയത്തിനും ഇളവുണ്ട്. എന്നാൽ നികുതി നേട്ടങ്ങൾ മാത്രം നോക്കി പോളിസി തെരഞ്ഞെടുക്കരുത്. കാരണം സുരക്ഷിതത്വം ഒരുക്കാനാണ് ഇൻഷുറൻസ് പോളിസികൾ തെരഞ്ഞെടുക്കുന്നത്. നികുതിയിളവു നേടാൻ സഹായിക്കുന്നവയാണെങ്കിലും അനുയോജ്യമായ പോളിസി മാത്രം തെരഞ്ഞെടുക്കുക. അതായതു നികുതിയിളവു കിട്ടുമെന്നു കരുതി ആവശ്യമില്ലാത്ത പോളിസി എടുത്താൻ പണനഷ്ടവും ഇച്ഛാഭംഗവുമായിരിക്കും ഫലം.