തുടരാം തുടങ്ങാം എസ്ഐപി
തുടരാം തുടങ്ങാം  എസ്ഐപി
Wednesday, August 22, 2018 4:03 PM IST
ഓഹരി വിപണി സൂചിക ഉയർന്നു നിൽക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും ഉയരത്തിലെന്നു പറയാം. പക്ഷേ നല്ലൊരു പങ്ക് ഓഹരികളുടേയും വില അവയുടെ ചരിത്രത്തിലെ ഏറ്റവും ഉയരത്തിൽനിന്നു വളരെ താഴെയാണ്. പ്രത്യേകിച്ചും മിഡ് കാപ് -സ്മോൾ കാപ് ഓഹരികളുടെ വില. 2018 പിറന്നതിനുശേഷം വന്യമായ വ്യതിയാനമാണ് വിപണിയിൽ കാണുന്നതും. നിരവധി സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും അടുത്തവർഷമാദ്യം നടത്താനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പും വിപണിയുടെ നീക്കത്തെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. പ്രത്യേകിച്ചും പാർലമെന്‍റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിലെല്ലാം തന്നെ ഭരണകക്ഷിയായ ബിജെപിക്കും എൻഡിഎയ്ക്കും തിരിച്ചടി നേരിട്ട സാഹചര്യത്തിൽ. ബിജെപി ഭരണം നടത്തുന്ന പല സംസ്ഥാനങ്ങളിലും അവർക്കെതിരേ ഉയരുന്ന പ്രതിഷേധങ്ങൾ വിപണിയിൽ വന്യമായ വ്യതിയാനങ്ങളാണുണ്ടാക്കുന്നത്.

ഇതോടൊപ്പമാണ് ആഗോള തലത്തിൽ യുഎസും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം, ക്രൂഡോയിൽ വില രാജ്യാന്തര വിപണിയിൽ കുതിച്ചുയരുന്നത്, രൂപയുടെ റിക്കാർഡ് താഴ്ച, ഉയരുന്ന പണപ്പെരുപ്പവും പലിശ നിരക്കുമെല്ലാം വന്യമായ വ്യതിയാനത്തിനു കാരണങ്ങളാണ്. വരും മാസങ്ങളിൽ കുത്തനെയുള്ള ഇറക്കവും കയറ്റവും വിപണിയിലുണ്ടാകാനുള്ള സാധ്യതയേറെയാണ്.

ചില പാഠങ്ങൾ

എല്ലാ നിക്ഷേപാസ്തികളേയും അപേക്ഷിച്ച് ഏറ്റവും കൂടുതൽ റിട്ടേണ്‍ ഓഹരിവിപണി നൽകുന്നവെന്നത് ലോകമെങ്ങും തെളിയിച്ചിട്ടുള്ള കാര്യമാണ്. ഇന്ത്യൻ ഓഹരി വിപണിയുടെ ബാരോമീറ്ററായ സെൻസെക്സിന്‍റെ കാര്യമെടുക്കാം. 1979-ൽ ജന്മമെടുത്തതു മുതൽ ഏറ്റവും കൂടുതൽ റിട്ടേണ്‍ നൽകിയിട്ടുള്ള നിക്ഷേപാസ്തി ഓഹരിയാണ്. 1979 മുതൽ 2018 ജൂലൈ വരെയുള്ള 39 വർഷക്കാലത്ത് സെൻസെക്സ് നൽകിയ വാർഷിക റിട്ടേണ്‍ 16.5 ശതമാനമാണ്. അതായത് 1979-ൽ നിക്ഷേപിച്ച 1000 രൂപ ഇന്ന് 368250 രൂപയായി വളർന്നിരിക്കുന്നുവെന്നർത്ഥം.
സ്വർണം ഈ കാലയളവിൽ നൽകിയ റിട്ടേണ്‍ 9.42 ശതമാനമാണ്. അതായത് 1979-ൽ 10 ഗ്രാം സ്വർണത്തിന് 937 രൂപയായിരുന്നത് ഇപ്പോൾ 31390 രൂപയിലെത്തി നിൽക്കുന്നു. ഭൂമിയുടെ കാര്യവും വ്യത്യസ്തമല്ല. പത്തു ശതമാനത്തിനു ചുറ്റളവിലാണ് ഇതിന്‍റേയും റിട്ടേണ്‍.
ചുരുക്കത്തിൽ ഏതൊരു നിക്ഷേപാസ്തികളും നൽകുന്ന റിട്ടേണിനേയും ദീർഘകാലത്തിൽ ഓഹരി വിപണിയിലെ റിട്ടേണ്‍ വലിയ മാർജിനാണ് പിന്നിലാക്കിയിട്ടുള്ളത്. ഹൃസ്വകാലത്തിൽ വൻ വ്യതിയാനമാണ് ഓഹരി വിപണിയിലെ റിട്ടേണിൽ ദർശിക്കുന്നത്. ദീർഘകാലത്തിൽ സന്പത്ത് ആഗ്രഹിക്കുന്ന ആർക്കും ഓഹരിയെ നിക്ഷേപ ശേഖരത്തിൽനിന്നു മാറ്റി നിർത്താനാവില്ല.

പക്ഷേ, ഭയം, അത്യാഗ്രഹം, അച്ചടക്കമില്ലാത്ത പെരുമാറ്റം തുടങ്ങി പല കാരണങ്ങൾകൊണ്ടും നിക്ഷേപകരിൽ ഭൂരിപക്ഷത്തിനും ഓഹരിവിപണിയിൽനിന്നു സന്പത്തുണ്ടാക്കുവാൻ കഴിയുന്നില്ല. മാത്രവുമല്ല, വളരെ കുറച്ചു കാലത്തേക്ക് ഓഹരിയിൽ നിക്ഷേപിക്കാനെത്തുന്നവർക്കു മിച്ചം നഷ്ടം മാത്രമായിരിക്കും. ഓഹരിയിലെ നിക്ഷേപം സംബന്ധിച്ച അറിവില്ലായ്മയും ഓഹരിയിലെ നിക്ഷേപ പരാജയത്തിന്‍റെ കാരണങ്ങളിലൊന്നാണ്.
ഓഹരിവിപണിയിലെ നേട്ടങ്ങൾ വേണമെന്ന് എല്ലാവർക്കും ആഗ്രഹമുണ്ട്. എന്നാൽ നിക്ഷേപം നടത്താൻ ഭയവുമാണ്. ഓഹരിവിപണിയിൽ നേരിട്ടു നിക്ഷേപം നടത്താതെ ഓഹരിവിപണിയുടെ നേട്ടങ്ങൾ ദീർഘകാലത്തിൽ ആർജിക്കുന്നതിനു സഹായിക്കുന്ന മികച്ച ഓപ്ഷനാണ് മ്യൂച്വൽ ഫണ്ടുകൾ. വൈവിധ്യമാർന്ന ഓഹരികളിൽ നിക്ഷേപം നടത്തുന്ന നിരവധി മ്യൂച്വൽ ഫണ്ട് പദ്ധതികൾ ലഭ്യമാണ്.

മറ്റു വാക്കിൽ പറഞ്ഞാൽ പേടി കൂടാതെ ഓഹരിവിപണിയിൽ പ്രവേശിക്കാനും അതിന്‍റെ നേട്ടങ്ങളുടെ പങ്കുപറ്റാനുമുള്ള നിക്ഷേപമാണ് മ്യൂച്വൽ ഫണ്ട് റൂട്ട്.
അപ്പോഴും ഭയം വിട്ടുമാറാത്തവരുണ്ട്. വിപണിയിൽ ഇടിവുണ്ടാകുന്പോൾ ഓഹരി മ്യൂച്വൽ ഫണ്ട് പദ്ധതികളിലും ഇടിവുണ്ടാവുകയിലെ്ല എന്നാണ് അവരുടെ സംശയം. തീർച്ചയായും എന്നാണ് ഉത്തരം.

എന്നാൽ ഇതിനേയും അതിജീവിക്കാനുള്ള നിക്ഷേപ രീതി ലഭ്യമാണ്. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്‍റ് പ്ലാൻ അഥവാ എസ്ഐപി. സിപ് എന്നും ഇത് അറിയപ്പെടുന്നു.

എന്താണ് എസ്ഐപി

ക്രമമായ ഇടവേളകളിൽ ( ആഴ്ച, മാസം, ത്രൈമാസം) നിക്ഷേപം നടത്തുന്ന രീതിയാണ് എസ്ഐപി. ബാങ്കിലെ റിക്കറിംഗ് ഡെപ്പോസിറ്റ് പോലെയന്നു വേണമെങ്കിൽ പറയാം.
ഓരോ മാസവും നിശ്ചിത തുക ഡെപ്പോസിറ്റ് ചെയ്യുന്നതാണല്ലോ റെക്കറിംഗ് ഡെപ്പോസിറ്റ്. എസ്ഐപിയിൽ ഓരോ മാസവും നിശ്ചിത തുക തെരഞ്ഞെടുത്ത ഇക്വിറ്റി മ്യൂച്വൽ ഫണ്ട് പദ്ധതിയിൽ നിക്ഷേപം നടത്തുന്നു. ഓഹരിവിപണിയിലെ ഉയർച്ചതാഴ്ചകൾക്കൊന്നും മുഖംകൊടുക്കാതെ, അച്ചടക്കത്തോടെ, ക്രമമായി എല്ലാ മാസവും നിശ്ചിത തീയതിയിൽ ഈ നിക്ഷേപം നടത്തിക്കൊണ്ടിരിക്കുന്നു.

ഏത് ആസ്തിയിലും എസ്ഐപി രീതിയിൽ നിക്ഷേപം നടത്താമെങ്കിലും ഇക്വിറ്റി മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിനാണ് എസ്ഐപി ഏറ്റവും യോജിച്ചതായി കാണുന്നത്. പ്രതിമാസമോ ത്രൈമാസമോ ആയി ചെറിയ തുകകൾ നിക്ഷേപം നടത്തുവാൻ അനുവദിക്കുന്നവെന്നതാണ് ഇതിന്‍റെ ഏറ്റവും ആകർഷകമായ വശം. അതായത് ഒരോ മാസവും ഒരു നിശ്ചിത ദിവസത്തെ നെറ്റ് അസറ്റ് വാല്യുവിൽ മ്യൂച്വൽ ഫണ്ടിന്‍റെ യൂണിറ്റുകൾ വാങ്ങുന്നു.

വിപണിയുടെ കയറ്റിറക്കങ്ങളിൽ ആശങ്കപ്പെടാതെ വിപണിയുടെ ഉയർച്ചയും താഴ്ചയും ഒരുപോലെ അവസരമാക്കാൻ എസ്ഐപി നിക്ഷേപത്തിലൂടെ സാധിക്കും. സ്ഥിര വരുമാനക്കാർക്കും താരതമ്യേന വരുമാനം കുറഞ്ഞവർക്കും മെച്ചപ്പെട്ട സാന്പത്തിക ശേഷിയുള്ളവർക്കും അവരവരുടെ ചുറ്റുപാടുകൾ അനുസരിച്ച് വ്യത്യസ്ത ക്ലാസുകൾ തെരഞ്ഞെടുക്കാം എന്നത് എസ്ഐപിയുടെ പ്രത്യേകതയാണ്.

ഇപ്പോൾ 100 രൂപ ഉപയോഗിച്ചുപോലും എസ്ഐപി രീതിയിൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം ആരംഭിക്കാം. ദീർഘകാലത്തിൽ ഈ ചെറിയ തുകകൾ വലിയ തുകയായി മാറുന്നു. ഏതു വലിയ ധനകാര്യ ലക്ഷ്യവും ഇതിലൂടെ നേടിയെടുക്കാൻ സാധിക്കും.

നിക്ഷേപം നടത്താനും ബുദ്ധിമുട്ടില്ല. മുൻകൂർ തീയതി വച്ചിട്ടുള്ള ചെക്കുകൾ വഴിയോ ഇസിഎസ് വഴിയോ നിക്ഷേപം നടത്താം. ബാങ്കിൽ പണം സൂക്ഷിച്ചാൽ മതി. ഓട്ടോമാറ്റിക്കായി നിക്ഷേപത്തുക എടുത്തുകൊണ്ടിരിക്കും.

ഇത്തരത്തിൽ ദീർഘകാലത്തിൽ നിക്ഷേപം നടത്തുന്നവരുടെ ആഗ്രഹംപോലെ വലിയ സന്പത്തുണ്ടാക്കാൻ കാലവും പവർ ഓഫ് കോന്പൗണ്ടിംഗും എസ്ഐപിയെ സഹായിക്കാനുമെത്തുന്നു. എത്രയും നേരത്തെ നിക്ഷേപം ആരംഭിക്കുന്നവോ നിക്ഷേപത്തിനു വളരുവാൻ അത്രയും കൂടുതൽ സമയം ലഭിക്കുന്നു.

ചരിത്രം പറയുന്നത് നിക്ഷേപം നടത്തിയാൽ അതിനു വളരാൻ സമയം നൽകണമെന്നാണ്. ബെയർ വിപണിയിൽ ആസ്തികളുടെ മൂല്യം വിലയേക്കാൾ മുന്നിലെത്തും. ആ സമയത്തു നിക്ഷേപം നടത്തിയാൽ ബുൾ വിപണിയിൽ വൻ നേട്ടമാണ് ആ നിക്ഷേപം നേടിത്തരുക. പക്ഷേ ബുൾ- ബെയർ വിപണി സൈക്കിൾ എപ്പോഴാണെന്ന് ആർക്കും പറയുവാനാകില്ല. ചിലപ്പോൾ ബെയർ വിപണി കൂടുതൽ കാലം നീണ്ടു നിൽക്കും. ചിലപ്പോൾ ബുൾ വിപണി നീണ്ടു നിൽക്കും. അതിനാൽ ഏതവസരത്തേയും നേരിടാൻ സാധിക്കത്തക്ക വിധത്തിൽ വിപണിയിൽ നിക്ഷേപം നടത്തിക്കൊണ്ടിരിക്കുകയെന്നതാണ്.

സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്‍റ് പ്ലാനിന്‍റെ പ്രസക്തിയും അവിടെയാണ്. ബുൾ, ബെയർ വിപണികളുടെ എല്ലാ ഘട്ടത്തിലും ഒരേപോലെ നിക്ഷേപം നടത്തുവാൻ എസ്ഐപി സഹായിക്കുന്നു.

ഓഹരി വിപണിക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഉയർച്ചകളേക്കാൾ കൂടുതൽ താഴ്ചകളാണ് വിപണിയിൽ സംഭവിക്കുന്നത്. വിപണി താഴുന്പോൾ നിക്ഷേപകർക്ക് കൂടുതൽ യൂണിറ്റുകൾ ലഭിക്കുന്നു. ഇത് നിക്ഷേപം ആർജിക്കുന്നതിനു വേണ്ട ശരാശരി ചെലവ് താഴ്ത്തുന്നു. ദീർഘകാലത്തിൽ നിക്ഷേപത്തിന്‍റെ ചെലവ് കുറയ്ക്കുവാൻ എസ്ഐപി രീതി സഹായിക്കുന്നു. ഈ പ്രക്രിയയെ റുപ്പീ കോസ്റ്റ് ആവറേജിംഗ് എന്നാണ് വിളിക്കുന്നത്.

ഇന്ത്യൻ മ്യൂച്വൽ ഫണ്ടിലെ എസ്ഐപി നിക്ഷേപത്തിന്‍റെ ചരിത്രം പരിശോധിച്ചാൽ ഇതു മനസിലാകും ( പട്ടിക-1 കാണുക). ഏറ്റവും മോശമായ മ്യൂച്വൽ ഫണ്ടിന്‍റെ പ്രകടനംപോലും ബാങ്ക് എഫ്ഡി, പിപിഎഫ് തുടങ്ങിയവയേക്കാൾ മെച്ചമാണെന്നാണ് അനുഭവം. ദീർഘകാലമൂലധനവളർച്ചാ നികുതിയില്ലെന്നതും മ്യൂച്വൽ ഫണ്ടിനെ ആകർഷകമാക്കുന്നു.

വഴി, നിക്ഷേപം തുടരുക മാത്രം

വിപണിയിലെ കയറ്റവും ഇറക്കവും ആർക്കും പ്രവചിക്കാൻ സാധിക്കുകയില്ല. അതുകൊണ്ടുതന്നെ ഏറ്റവും താഴ്ചയിൽ പ്രവേശിക്കുവാനും ഏറ്റവും ഉയർച്ചയിൽ പുറത്തു കടക്കുവാനും ആർക്കുംതന്നെ സാധിക്കുകയില്ല. സമയം നോക്കി ഓഹരി വിപണിയിൽ നിക്ഷേപം നടത്താൻ സാധിക്കുകയില്ല. അതുകൊണ്ടുതന്നെ ഓഹരി നിക്ഷേപത്തിന് എല്ലാ സമയവും നല്ലതാണ്. പക്ഷേ അതു മ്യൂച്വൽ ഫണ്ടു വഴിയായിരിക്കണം. എസ്ഐപി വഴിയായിരിക്കണം.

വിപണിയിലെ വന്യമായ വ്യതിയാനങ്ങളെ നേരിടാൻ നേരത്തെ സൂചിപ്പിച്ചതുപോലെ വിപണിയിൽ തുടരുകയേ വഴിയുള്ളു. അതിനുള്ള മികച്ച വഴിയാണ് എസ്ഐപി.
വിപണിയിലെ വ്യതിയാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം ഇട്ടിരിക്കുന്ന ധനകാര്യ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിൽ ഉറച്ചു നിൽക്കുകയുമാണ് ചെയ്യേണ്ടത്. വിപണിയെക്കുറിച്ച് ആലോചിക്കാതെ, ധനകാര്യ ലക്ഷ്യത്തെക്കുറിച്ച് ആലോചിച്ച്, ക്രമമായി നിക്ഷേപം നടത്തിക്കൊണ്ടിരിക്കുക. നിക്ഷേപത്തിനു വളരുവാനുള്ള സമയം കൊടുത്തുകൊണ്ടു ക്ഷമയോടെ കാത്തിരിക്കുക. നിക്ഷേപകനു ഇപ്പോഴത്തെ വിപണി അന്തരീക്ഷത്തിൽ ചെയ്യാനുള്ളത് ഇതു മാത്രമാണ്.


അതുകൊണ്ടു നിലവിലുള്ള നിക്ഷേപം തുടരാം. ഓരോ താഴ്ചയിലും പുതിയവ തുടങ്ങുകയും ചെയ്യാം. ഇതു നിക്ഷേപത്തിന്‍റെ ചെലവു കുറയ്ക്കുന്നു. ദീർഘകാലത്തിൽ സന്പത്ത് വളർത്തുകയും ചെയ്യുന്നു.

യോജിച്ച മ്യൂച്വൽ ഫണ്ട് തെരഞ്ഞെടുക്കാം

നിക്ഷേപത്തിന് ഏതു മ്യൂച്വൽ ഫണ്ട് പദ്ധതി തെരഞ്ഞെടുക്കണമെന്നു ആശയക്കുഴപ്പമുണ്ടോ? അതിനു പരിഹാരമുണ്ട്.

ധനകാര്യ ലക്ഷ്യം നിശ്ചയിച്ചു കഴിഞ്ഞാൽ ഫണ്ടു തെരഞ്ഞെടുക്കുക എളുപ്പമായി. മാത്രവുമല്ല എസ്ഐപി രീതിയിൽ നിക്ഷേപം നടത്തുകയും ചെയ്യാം.

ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ: ദീർഘകാലത്തിൽ സന്പത്തു സ്വരൂപിക്കാനാണ് ഉദ്ദേശ്യമെങ്കിൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുക. വീട് വാങ്ങുക, റിട്ടയർമെന്‍റ് നിധി സമാഹരിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾക്കെല്ലാം ഇക്വിറ്റി ഫണ്ടുകൾ യോജിച്ചതാണ്.
ഓർമിക്കുക, വിപണിയിൽ വന്യമായ വ്യതിയാനങ്ങളുണ്ടാകും. അതിനു ചെവികൊടുക്കാതെ, ക്ഷമയോടെ കാത്തിരിക്കുക.

ഇഎൽഎസ്എസ്: നികുതി ബാധ്യത കുറച്ച് ലഭിക്കുന്ന വരുമാനം സംരക്ഷിക്കാനാണെങ്കിൽ ഇഎൽഎസ്എസ് തെരഞ്ഞെടുക്കുക. സന്പാദ്യം വർധിപ്പിക്കാനും സന്പത്തു വളർത്താനും ഇതു സഹായിക്കും. ഇൻഷുറൻസ്, പിപിഎഫ് എന്നിവയേക്കാൾ വളരെ മികച്ചതാണിവ.

ഡെറ്റ് ഫണ്ടുകൾ: വിനോദ യാത്രയ്ക്കു പോകുക,, ഏതാനും വർഷങ്ങൾക്കുള്ളിൽ ഒരു കാർ വാങ്ങുക തുടങ്ങിയ ചെറിയ കാലയളവിലെ നിക്ഷേപ ലക്ഷ്യങ്ങൾക്കു യോജിച്ചതാണിത്. ബാങ്ക് സ്ഥിരനിക്ഷേപങ്ങളേക്കാൾ മെച്ചപ്പെട്ട റിട്ടേണ്‍ പ്രതീക്ഷിക്കാം.

ബാലൻസ്ഡ് ഫണ്ടുകൾ: കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ മധ്യകാല ആവശ്യങ്ങൾക്കായി ബാലൻസ്ഡ് ഫണ്ടുകൾ തെരഞ്ഞെടുക്കാം. ഇക്വിറ്റിയിൽ 65 ശതമാനവും ഡെറ്റിൽ 35 ശതമാനവും നിക്ഷേപം നടത്തുന്നവയാണ് ഇത്തരം ഫണ്ടുകൾ. പോസിറ്റീവ് വരുമാനം ഉറപ്പായും ലഭിക്കുന്നു.
മധ്യ, ദീർഘകാല സ്ഥിര നിക്ഷേപങ്ങൾ, പിപിഎഫ് തുടങ്ങയവയേക്കാൾ മെച്ചപ്പെട്ട റിട്ടേണ്‍ പ്രതീക്ഷിക്കാം.

എസ്ഐപി ചെറിയ തുകകളുടെ വലിയ മാജിക്

’ലോംഗർ ദി പിരീയഡ്, മോർ ദ വെൽത്’ എന്ന തത്വമാണ് എസ്ഐപി നിക്ഷേപത്തിന്‍റെ കാതൽ. എല്ലാ മാസവും ഒരു നിശ്ചിത തുക നിശ്ചിത ദിവസം ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്ന രീതി. നിക്ഷേപകാലയളവ് എത്രമാത്രം കൂടുന്നുവോ അത്രത്തോളം റിട്ടേണ്‍ കൂടുന്നതായി കാണാം. അതായത് വലിയ തുകയ്ക്കുള്ള എസ്ഐപികൾ കുറച്ചു കാലത്തേക്ക് തുടരുന്നതിനേക്കാൾ പ്രയോജനപ്രദമാണ് ചെറിയ തുകകൾ ദീർഘകാലത്തേക്ക് എസ്ഐപിയായി നിക്ഷേപിക്കുന്നത്.
നൂറു രൂപ മുതൽ എത്ര തുക വേണമെങ്കിലും നിക്ഷേപിക്കുവാൻ സാധിക്കുന്ന ഇക്വിറ്റി മ്യൂച്വൽ ഫണ്ട് എസ്ഐപികൾ ഇപ്പോൾ ലഭ്യമാണ്.

റുപ്പീ കോസ്റ്റ് ആവറേജിംഗ്

കോസ്റ്റ് ആവറേജിംഗ് എന്ന തത്വമാണ് എസ് ഐ പിയുടെ പിന്നിലുളളത്. വില ഉയരുന്പോൾ കുറഞ്ഞ യൂണിറ്റുകൾ ലഭിക്കുന്നു. വില താഴുന്പോൾ കൂടുതൽ യൂണിറ്റുകളും. ഇത് യൂണിറ്റിന്‍റെ ശരാശരി വില കുറയുവാൻ സഹായിക്കുന്നു.

സാധാരണ നിക്ഷേപം നടത്തുന്നത് മ്യൂച്വൽ ഫണ്ട് പദ്ധതിയുടെ അപ്പോഴത്തെ എൻഎ വിയിലാണ്. ഓഹരി വിലയിലെ മാറ്റം അനുസരിച്ച് മ്യൂച്വൽ ഫണ്ട് യൂണിറ്റുകളുടെ എൻ എ വിയിലും മാറ്റം വരും. എൻ എ വിയിലെ മാറ്റം മൂലം ഒരേ തുകയുപയോഗിച്ച് പല സമയങ്ങളിൽ യൂണിറ്റുകൾ വാങ്ങുന്പോൾ ലഭിക്കുന്ന യൂണിറ്റുകളുടെ എണ്ണം വ്യത്യസ്തമായിരിക്കും.

ആവറേജിംഗ് വഴി കോസറ്റും റിസകും കുറയ്ക്കുവാൻ സാധിക്കുന്നു. എസ് ഐ പി വഴി യൂണിറ്റുകൾ വാങ്ങുന്നതുമൂലം റുപ്പീ കോസ്റ്റ് ആവറേജിംഗിന്‍റെ ആനുകൂല്യം ലഭിക്കുന്നു. വിപണിയുടെ കയറ്റിറക്കങ്ങളിൽ ഒരേപോലെ ഭാഗഭാക്കാകുവാനും എസ് ഐ പി സഹായിക്കുന്നു.

റൂപ്പീ കോസ്റ്റ് ആവറേജിംഗിന് ഉദാഹരണം

2017 ഓഗസ്റ്റ് 1 മുതൽ 2018 ജൂലൈ 1 വരെ പ്രതിമാസം 1000 രൂപ വീതം വീതം ആക്സിസ് ലോംഗ് ടേം ഇക്വിറ്റി ഗ്രോത്ത് ഫണ്ടിൽ നടത്തിയ നിക്ഷേപത്തിനു ലഭിച്ച യൂണിറ്റുകൾ പരിശോധിക്കാം
മാസം നിക്ഷേപം എൻഎവി ലഭിച്ച യൂണിറ്റ്
2017 ഓഗസ്റ്റ് 1000 രൂപ 38.698 രൂപ 25.841
2017 സെപ്റ്റംബർ 1000 രൂപ 38.542 രൂപ 25.946
2017 ഒക്ടോബർ 1000 രൂപ 38.847 രൂപ 25.742
2017 നവംബർ 1000 രൂപ 40.095 രൂപ 24.941
2017 ഡിസംബർ 1000 രൂപ 40.045 രൂപ 24.972
2018 ജനുവരി 1000 രൂപ 41.540 രൂപ 24.073
2018 ഫെബ്രുവരി 1000 രൂപ 42.299 രൂപ 23.641
2018 മാർച്ച് 1000 രൂപ 40.929 രൂപ 24.432
2018 ഏപ്രിൽ 1000 രൂപ 41.138 രൂപ 24.308
2018 മേയ് 1000 രൂപ 43.640 രൂപ 22.915
2018 ജൂണ്‍ 1000 രൂപ 43.484 രൂപ 22.997
2018 ജൂലൈ 1000 രൂപ 42.939 രൂപ 23.289
ആകെ 12000 രൂപ -- 293.10

ഒരു വർഷക്കാലത്ത് 293.1 യൂണിറ്റുകൾ വാങ്ങിയെങ്കിലും ഒരു യൂണിറ്റിന്‍റെ ശരാശരി വില 40.941 രൂപയാണ്. അവസാന മാസങ്ങളിൽ വില വലിയ തോതിൽ ഉയർന്നുവെങ്കിലും ആദ്യമാസങ്ങളിലെ കുറഞ്ഞ വില യൂണിറ്റുവില കുറച്ചു നിർത്തുവാൻ സഹായിച്ചു. ദീർഘകാലത്തിൽ വിപണിയിലെ വന്യമായ വ്യതിയാനങ്ങൾ ആവറേജ് ചെയ്യപ്പെടും. അതായത് മാർക്കറ്റിൽ ദീർഘകാലം നിലനില്ക്കുകയെന്നത് ഏറ്റവും പ്രധാനമാണ്!

(മറ്റൊരു കാര്യം: ആക്സിസ് ലോംഗ് ടേം ഇക്വിറ്റി ഗ്രോത്ത് ഫണ്ടിന്‍റെ എൻഎവി ജൂലൈ 24-ന് 45.146 രൂപയാണ്. ഒരുവർഷത്തെ നിക്ഷേപമായ 12,000 രൂപ 13,232 രൂപയായി വളർന്നിരിക്കുന്നു. വാർഷിക റിട്ടേണ്‍ 20.42 ശതമാനം!)

ഇക്വിറ്റി മ്യൂച്വൽ ഫണ്ടും എസ്ഐപിയും

എസ്ഐപി രീതിയിൽ ഏതു ആസ്തികളിലും നിക്ഷേപം നടത്താം.പക്ഷേ, ദീർഘകാലത്തിൽ ഏറ്റവും മികച്ച റിട്ടേണ്‍ ലഭ്യമാക്കുക ഇക്വിറ്റി മ്യൂച്വൽ ഫണ്ടിലെ നിക്ഷേപമാണ്. റൂപ്പീ കോസ്റ്റ് ആവറേജിംഗ് വഴി റിസ്ക് കുറയ്ക്കുന്നു. നിക്ഷേപത്തിനു വളരുവാൻ സമയവും നൽകുന്നു.
n ഓഹരിയിൽ നിക്ഷേപിക്കുവാനുളള മികച്ച നിക്ഷേപവാഹനമാണ് മ്യൂച്വൽ ഫണ്ട്. കാരണം ഗവേഷണ, വിലിയരുത്തലുകളുടെ അടിസ്ഥാനത്തിൽ വിദഗ്ധരാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തുന്നത്. ഓഹരിയെക്കുറിച്ചും വ്യവസായത്തെക്കുറിച്ചും സന്പദ്ഘടനയെക്കുറിച്ചും അവർ പഠനം നടത്തുകയും അതിന്‍റെ അടിസ്ഥാനത്തിൽ തീരുമാനമെടുത്ത് നിക്ഷേപം നടത്തുകയും ചെയ്യുന്നു. വിപണിയിലെ നീക്കങ്ങൾ സ്ഥിരമായി നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്നു.
n വളരെ വൈവിധ്യമാർന്ന ഓഹരിശേഖരമാണ് മ്യൂച്വൽ ഫണ്ടുകളുടേത്. വിവിധ വ്യവസായമേഖലകളിൽനിന്നുളള വൈവിധ്യമാർന്ന ഓഹരികളാണ് നിക്ഷേപത്തിന് തെരഞ്ഞെടുക്കുന്നത്. അതിനാൽ റിസക് വളരെ വൈവിധ്യവത്കരിച്ചിരിക്കുന്നു. ഒരു നിക്ഷേപകന് വളരെ കുറഞ്ഞ തുകയിൽ വൈവിധ്യവത്കരിച്ച ഓഹരിശേഖരം ലഭിക്കുന്നു. ( മറ്റ് രീതിയിൽ, ഇത്തരത്തിൽ റിസ്ക് വൈവിധ്യവത്കരിക്കുവാൻ വൻതുക നിക്ഷേപകന് വേണ്ടിവരും. ഭൂരിപക്ഷം നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഇതിനു കഴിവുണ്ടായിരിക്കുകയില്ല. കുറഞ്ഞ തുകയിൽ മികച്ച ഓഹരികളിൽ നിക്ഷേപക പങ്കാളിത്തം നേടുവാൻ സാധിക്കുന്നു.
n മ്യൂച്വൽ ഫണ്ട് പദ്ധതികൾ വളരെ സുതാര്യമാണ്, സുരക്ഷിതവുമാണ്. മ്യൂച്വൽ ഫണ്ടിന്‍റെ പ്രവർത്തനം വിവിധ നിയമങ്ങൾ വഴി നിയന്ത്രിക്കപ്പെട്ടിരക്കുന്നു.

n എസ്ഐപി വഴി ഏതു സമയവും മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുവാൻ അനുയോജ്യമാണ്. നിക്ഷേപം എപ്പോൾ നടത്തണമെന്നതിന് എസ് ഐ പിയിൽ വലിയ വില കല്പിക്കുന്നില്ല. വിപണിയുടെ താഴ്ചയിലും ഉയർച്ചയിലും ഒരേപോലെ നിക്ഷേപം നടത്തി വരുന്നു. എവിടെ നിക്ഷേപിക്കണമെന്നതിനും വലിയ പ്രസക്തിയില്ല. കാരണം വളരെ ആഴത്തിലുളള ഗവേഷണത്തിന്‍റെ ഫലമായി വളരെ വൈവിധ്യമാർന്ന ഓഹരികളാണ് നിക്ഷേപത്തിനായി തെരഞ്ഞെടുക്കുന്നത്.

* നിക്ഷേപകന്‍റെ പ്രതിമാസ ബജറ്റിനെ ബാധിക്കാതെ ചെറിയ തുക സന്പാദിക്കുവാനും നിക്ഷേപം നടത്തുവാനും സാധിക്കുന്നു. ചെറിയ തുകയിൽ ( വെറും 100 രൂപയിൽ) ഓഹരി വിപണിയിൽ പങ്കുചേരുവാനും സാധിക്കുന്നു.
* ഇസിഎസ് പോലെ വളരെ ലളിതമായി നിക്ഷേപം നടത്താൻ സാധിക്കുന്നു.
* പവർ ഓഫ് കോന്പൗണ്ടിംഗ് മികച്ച രീതയിൽ പ്രവർത്തിക്കുന്നു. ചെറിയ നിക്ഷേപം ദീർഘകാലത്തിൽ വലിയ സന്പത്തായി മാറ്റുവാൻ സഹായിക്കുന്നു.
* ചെറിയ തുകയിൽ നിക്ഷേപം തുടങ്ങുവാൻ സാധിക്കുന്നു
* സന്പാദ്യം, നിക്ഷേപം എന്നിവയിൽ അച്ചടക്കം നേടുവാൻ നിക്ഷേപകനെ സഹായിക്കുന്നു.
* വളരെ ഫ്ളെക്സിബിൾ ആണ് എസ്ഐപി നിക്ഷേപം. നിക്ഷേപത്തിനു പണം ഇല്ലാതെ വന്നാൽ എസ്ഐപി നിർത്താം. പിഴയൊന്നുമില്ല. തൽക്കാലം നിർത്തിവയ്ക്കുവാനും പിന്നീട് പുനരാരംഭിക്കുവാനും സാധിക്കും. എസ്ഐപിത്തുകയും വ്യത്യസ്തപ്പെടുത്താം.