വാച്ച് പഴയ വാച്ചല്ല
ഒരുകാലത്ത് സമയം നോക്കാന്‍ മാത്രമായിരുന്നു വാച്ച് ഉപയോഗിച്ചിരുന്നത്. എന്നാല്‍ അക്കാലമൊക്കെ പോയി. സ്ത്രീകളെ സംബന്ധിച്ച് വാച്ച് ഇന്ന് ഫാഷന്റെ ഭാഗമാണ്. വ്യത്യസ്ത നിറത്തിലും ആകൃതിയിലും ഡിസൈനുകളിലുമുള്ള വാച്ചുകള്‍ വിപണി കീഴടക്കുകയും ചെയ്തു. ചിലരെ സംബന്ധിച്ച് വാച്ച് കളക്ഷന്‍ ഹോബിയാണ്.

ഫാഷന്റെ ഭാഗമായി കൈത്തണ്ടയില്‍ അണിയാന്‍ വള, ബ്രേസ്‌ലറ്റ്, ചെയിന്‍ തുടങ്ങി പലതും തങ്ങള്‍ക്കുണ്ടെങ്കിലും വാച്ച് സ്ത്രീകളെ സംബന്ധിച്ച് ഇന്നൊരു അവശ്യവസ്തു തന്നെയാണ്. പ്രത്യേകിച്ച് വിദ്യാര്‍ഥികള്‍ക്കും ജോലിക്കാര്‍ക്കും.

വിപുലം, വിവിധം, വാച്ചുകള്‍

വിപുലമായ പരീക്ഷണങ്ങളും പ്രത്യേകിച്ച് ലേഡീസ് വാച്ചുകളില്‍ നടന്നു വരുന്നുണ്ട്. ലെതര്‍, സ്റ്റീല്‍, റബര്‍, ഡിജിറ്റല്‍, കളര്‍ വാച്ചുകള്‍, പ്ലാറ്റിനം വാച്ചുകള്‍ തുടങ്ങി ആകര്‍ഷകങ്ങളായ വിവിധതരം വാച്ചുകളാണിന്ന് വിപണിയിലുള്ളത്. വലിപ്പം കൂടിയ വാച്ചുകള്‍ വരെ ഇന്ന് പുരുഷന്മാരും സ്ത്രീകളും ഒരുപോലെ അണിയുന്നു.

ആദ്യകാലങ്ങളില്‍ ലെതര്‍ വാച്ചായിരുന്നു താരം. എന്നാല്‍ ഇടക്കാലംകൊണ്ട് അതിന്റെ പ്രചാരം ഇടിഞ്ഞു. എന്നാല്‍ പൂര്‍ാധികം ശക്തിയോടെ ലെതര്‍ വാച്ചുകള്‍ വിപണിയിലേക്ക് തിരിച്ചെത്താന്‍ ശ്രമിക്കുന്നുമുണ്ട്. ലെതര്‍ സ്ട്രാപ്പുകള്‍ക്കൊപ്പം സ്റ്റീലുകള്‍ മാറ്റിവയ്ക്കാവുന്ന തരത്തിലുള്ള വാച്ചുകളും വിപണിയിലുണ്ട്. വിവിധ വര്‍ണങ്ങളിലും ലെതര്‍ സ്ട്രാപ്പുകള്‍ ലഭ്യമാണ്.

ഡിജിറ്റല്‍ വാച്ചുകളിന്ന് കോളജ് പിള്ളേരുടെ ഫാഷനായി മാറിയിരിക്കുകയാണ്. സമയം നോക്കാമെന്നതിലുപരി പല ഉപയോഗങ്ങളും ഡിജിറ്റല്‍ വാച്ചുകള്‍ക്കുണ്ട്. റബര്‍ സ്ട്രാപ്പ് വാച്ചുകള്‍ കൂടുതല്‍ ജനകീയമാണ്. ഡിജിറ്റല്‍ വാച്ചുകള്‍ക്കൊപ്പം തന്നെ കിടപിടിക്കുന്നതാണ് റബര്‍ സ്ട്രാപ്പ് വാച്ചുകള്‍. ഇതിന് സമാനമായ ടയര്‍ മെറ്റീരിയലുകളും വിപണിയില്‍ സജീവമാണ്. പ്ലാറ്റിനമായിരുന്നു ഒരു കാലത്ത് വാച്ചുകളുടെ ഹൈലെവല്‍ ഫാഷനെങ്കില്‍ ലേറ്റസ്റ്റ് ട്രെന്‍ഡ് പിങ്ക് ഷേയ്ഡ് ഉള്ള റോസ് ഗോള്‍ഡ് നിറത്തിലുള്ള മെറ്റല്‍ വാച്ചാണ്. എത്‌നിക് വസ്ത്രങ്ങളോടൊപ്പമാണ് ഈ വാച്ച് യോജിക്കുക.


വലിയ സ്ട്രാപ്പും വലിയ ഡയലോടും കൂടിയ സ്‌പോര്‍ട്‌സ് വാച്ചുകളും പെണ്‍കുട്ടികളുടെ കൈകളില്‍ സാധാരണമായികഴിഞ്ഞു. ബോള്‍ഡ് ലുക്ക് നല്‍കുന്നു എന്നതാണ് ഈ വാച്ചുകളുടെ പ്രത്യേകത. കാഷ്വല്‍ ജീന്‍സിനും ഷര്‍ിനുമൊപ്പവും ട്രാക്ക് സ്യൂട്ടിനും ടൈറ്റ്‌സിനും ഒപ്പവും സ്‌പോര്‍ട്‌സ് വാച്ച് മാച്ചാവും.

വ്യക്തിത്വത്തിന്റെ അടയാളമായാണ് സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ ചെയിനോട് കൂടി വരുന്ന മെറ്റല്‍ വാച്ചുകള്‍ കണക്കാക്കുന്നത്. വെള്ളി, പിച്ചള, ഗോള്‍ഡ് കവറിങ്ങുകളില്‍ വരുന്ന ഇത്തരം വാച്ചുകള്‍ കോണ്‍ഫിഡന്‍സിന്റെ അടയാളം കൂടിയാണ്. എത്‌നിക് ഡ്രസ്സുകളുടെ കൂടെ നല്ലൊരു കോമ്പിനേഷനാണ് ഈ വാച്ചുകള്‍.

വിശേഷാവസരങ്ങളില്‍ താരം ബ്രേസ്‌ലെറ്റ് വാച്ചുകള്‍ തന്നെയാണ്. സ്വര്‍ണം, വെള്ളി നിറങ്ങളില്‍ ഇവ വിപണിയില്‍ ലഭ്യമാണ്. വളയോട് താത്പര്യം കൂടുതലുള്ളവര്‍ ഇഷ്ടപ്പെടുന്ന ഒന്നാണ് ബാംഗിള്‍ വാച്ചുകള്‍. കല്ലുകള്‍, മുത്തുകള്‍ എന്നിവ പിടിപ്പിച്ച ബാംഗിള്‍ വാച്ചുകള്‍ സാരിയുടെ കൂടെ ചേര്‍ന്നുപോകും.

ഷേപ്പിലുമുണ്ട് കാര്യം

ആര്‍ച്ച്, മഴവില്ല്, ജിയോമെട്രിക്ക്, നോണ്‍ സിട്രിക്കല്‍ എന്നീ ആകൃതികളില്‍ വാച്ചുകള്‍ ലഭ്യമാണ്. എങ്കിലും സമ ചതുരാകൃതിയിലുള്ളവയ്ക്കാണ് ഇന്നും ആവശ്യക്കാരേ റെയുള്ളത്.

ടൈറ്റന്‍, ഫാസ്റ്റ് ട്രാക്ക്, റോളക്‌സ്, സ്വാച്ച്, ടൈമെക്‌സ്, പ്യൂമ, ടോമി ഹില്‍ഫിഗര്‍, റാഡോ തുടങ്ങിയവയാണ് കൊതിപ്പിക്കുന്ന വാച്ചുകളുടെ ശേഖരവുമായി ആവശ്യക്കാരെ കാത്തിരിക്കുന്ന പ്രമുഖ ബ്രാന്‍ഡുകളില്‍ ചിലത്. എങ്കിലും മാറിമാറി ഉപയോഗിക്കാവുന്ന തരത്തിലുള്ള, മേല്‍ സൂചിപ്പിച്ച മോഡലുകളിലുള്ള എല്ലാത്തരം വാച്ചുകളും വഴിയോരക്കടകളില്‍ തുടങ്ങി ഓണ്‍ലൈന്‍ വ്യാപാര കേന്ദ്രങ്ങളില്‍ വരെ ലഭ്യവുമാണ്.

കീര്‍ത്തി കാര്‍മല്‍ ജേക്കബ്