അരവിന്ദന്റെ മുടി ഇനി അർബുദ രോഗികൾക്ക്
Tuesday, November 2, 2021 10:39 AM IST
അരവിന്ദ് നീട്ടിവളർത്തിയ മുടി ഇനി കാൻസർ രോഗികൾക്ക്. ചായ്പ്പൻകുഴി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് അരവിന്ദ്. കോവിഡ് കാലത്ത് സ്കൂളിൽ പോകാനാകാഞ്ഞതും ബാർബർഷോപ്പു തുറക്കാതെ വന്നതുമാണ് അരവിന്ദനെ മുടി നീട്ടി വളർത്താൻ പ്രേരിപ്പിച്ചതിനൊരു കാരണം.
എസ്പിസി പ്രവർത്തനങ്ങൾക്കിടയിൽ പല ആശ്രയഭവനുകളിലും സഹായങ്ങളുമായി പോയിട്ടുണ്ട്. അവിടങ്ങളിലെ കാഴ്ചകൾ മനസിൽ മായാതെ നിന്നപ്പോഴാണു തന്റെ നീണ്ടു വളർന്ന മുടി അർബുദ രോഗികൾക്കു സംഭാവന ചെയ്യണമെന്നു അരവിന്ദ് തീരുമാനിച്ചത്.
ചാലക്കുടി ഫോറസ്റ്റ് മൊബൈൽ സ്ക്വാഡിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസറായ അച്ഛൻ രവീന്ദ്രനും അമ്മ ജലജയും അനുജൻ ഹരിഗോവിന്ദും എല്ലാ പ്രോത്സാഹനവുമായി കൂടെ നിന്നു.
തൃശൂർ അമല ആശുപത്രിയിൽ അന്വേഷിച്ചപ്പോൾ 30 സെന്റിമീറ്റർ നീളം വേണമെന്നാണ് അറിഞ്ഞത്. ഇപ്പോൾ 30 സെന്റിമീറ്ററിൽ കൂടുതൽ നീളമായി. ഇതോടെ അച്ഛനും അമ്മയും അനുജനും ചേർന്നു മുടി കൃത്യതയോടെ മുറിച്ചെടുക്കുകയായിരുന്നു. ഇതു ഭദ്രമായി അമലയിലേക്കു പാഴ്സലായി അയയ്ക്കും.