സന്ധ്യ-സംസ്ഥാനത്തെ ആദ്യ സ്രാങ്ക് വനിത
Wednesday, February 8, 2023 3:58 PM IST
സംസ്ഥാന പോർട്ട് ഡിപ്പാർട്ട്മെമെന്റ് നടത്തിയ കേരള ഇൻലാന്റ് വെസൽ സ്രാങ്ക് ലൈസൻസ് കരസ്ഥമാക്കി ആദ്യ സ്രാങ്ക് വനിത എന്ന ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുയാണ് പെരുമ്പളം തുരുത്തേൽ വീട്ടിൽ എസ്. സന്ധ്യ. ജീവിതത്തിലെ വലിയ സ്വപ്നം നേടിയെടുത്ത സന്ധ്യയ്ക്ക് താൽക്കാലികമായി ഹൈക്കോടതിയിൽ ലഭിച്ച ജോലി പോകുമല്ലോ എന്ന സങ്കടമാണ് ഇപ്പോഴുള്ളത്.
ലാസ്ക്കർ ലൈസൻസോടു കൂടി രണ്ടു വർഷം ബോട്ടിൽ ജോലി ചെയ്തിട്ടുള്ളവരെയാണ് സ്രാങ്ക് ലൈസൻസിന് പരിഗണിക്കുന്നത്. അഞ്ചു ദിവസത്തെ ക്ലാസിന് ശേഷം ബോട്ടിൽ നടത്തുന്ന ട്രയൽ വിജയകരമായി പൂർത്തിയാക്കിയവർക്കാണ് ലൈസൻസ് നൽകുന്നത്. വിഴിഞ്ഞം,തിരുവനന്തപുരം, കൊല്ലം തുടങ്ങിയ പോർട്ടുകളിൽ പരീക്ഷകൾ നടത്തുന്നുണ്ടെങ്കിലും 2022 നവംബറിൽ ആലപ്പുഴ പുന്നമട ഫിനിഷിംഗ് പോയിന്റിൽ നടത്തിയ പരീക്ഷയിലാണ് സന്ധ്യ വിജയം കരസ്ഥമാക്കിയത്.
നിലവിൽ യാത്രാബോട്ടുകളും മത്സ്യ ബന്ധന ബോട്ടുകളും ഓടിക്കുന്ന സന്ധ്യയ്ക്ക് വാട്ടർ മെട്രോയിൽ ജോലി ചെയ്യാനാണ് കൂടുതൽ ഇഷ്ടം. ജീവിതലക്ഷ്യത്തിന് പിന്തുണ നൽകിയത് എഫ്സിഐയിൽ ലോഡിംഗ് തൊഴിലാളിയായ ഭർത്താവ് മണിയും മക്കളായ ഹരി പ്രിയയും ഹരി ലക്ഷ്മിയുമാണ്.