യുവത്വത്തിനു വേറിട്ടൊരു മാതൃകകാട്ടിയ കതിർമണ്ഡപത്തിലെ ലാളിത്യം
Thursday, December 16, 2021 5:50 PM IST
പൊന്നിൽ കുളിച്ച്, പട്ടിൽ പൊതിഞ്ഞുനിൽക്കുന്ന വധുവില്ല. മൂന്നു കൂട്ടം പായസത്തോടു കൂടിയ മൃഷ്ടാന്നഭോജനവുമില്ല. ആർഭാടങ്ങളൊന്നുമില്ലാതെ ഒരു വിവാഹം. പൊന്നിനെ പടിക്കുപുറത്താക്കി വേറിട്ട കാഴ്ചയൊരുക്കിയാണ് ഈ വിവാഹം നടന്നത്. കടന്പഴിപ്പുറമാണ് മഞ്ഞലോഹത്തിനെയും പരന്പരാഗത മാമൂലുകളേയും പടിക്കു പുറത്താക്കിയ വിവാഹത്തിനു വേദിയായത്.
ഒരുതരി പൊന്നുപോലുമണിയാതെ വധുവായ ഡോ. സ്നേഹ ദേവൻ കതിർമണ്ഡപത്തിലെത്തിയപ്പോൾ കാഴ്ചക്കാരൊന്നു ഞെട്ടി. കല്യാണപെണ്ണിന്റെ രൂപഭാവാദികൾ ഒന്നുമില്ലാതെയാണ് വധുവിന്റെ വരവ്. കൊട്ടും കുരവയും പൂത്താലവും അകന്പടിക്കാരുമില്ലാതെ പെണ്ണിനെ കണ്ടപ്പോൾ കല്യാണം കൂടാനെത്തിയവർ പരസ്പരം നോക്കി.
കല്യാണ വിരുന്നിനു ഭിന്നശേഷിക്കാരുടെ സംഗമം, പിന്നെ അവരുടെ കലാവിരുന്ന്. വിവാഹത്തിൽ പങ്കെടുത്ത കുടുംബങ്ങൾക്കു സമ്മാനമായി ഒരു വൃക്ഷത്തൈയും. പുല്ലുണ്ടശേരി ഒടാന്പുള്ളി വാസുദേവൻ- വൈജയന്തിമാല ദന്പതികളുടെ ഏകമകൾ ഡോ.സ്നേഹ ദേവനും പെരിങ്ങോട്ടുകുർശ്ശി നടുവത്തപാറ കബ്ലാംകോട് വീട്ടിൽ രാജന്റെയും പത്മിനിയുടെയും മകൻ പ്രജിത് കെ.രാജനും തമ്മിലുള്ള വിവാഹമാണു ലാളിത്യംകൊണ്ട് വ്യത്യസ്തമായത്.
വിമുക്തഭടൻകൂടിയായ വാസുദേവൻ അറിയപ്പെടുന്ന പാലിയേറ്റീവ് പ്രവർത്തകനാണ്. ദന്തഡോക്ടറായ സ്നേഹ തന്നെയാണ് ആഭരണം വേണ്ട എന്ന നിലപാടു സ്വീകരിച്ചത്. പ്രജിത്തും അദ്ദേഹത്തിന്റെ വീട്ടുകാരും അതിനു പിന്തുണ നൽകിയതോടെ എല്ലാം മംഗളമായി.
ഇന്ത്യൻ നേവിയിൽ ഓഫീസറായ പ്രജിത് ആൻഡമാനിലാണു ജോലി ചെയ്യുന്നത്. വീട്ടുമുറ്റത്തെ സ്റ്റേജിൽ ഭിന്നശേഷിക്കാരുടെ ഗാനമേള ട്രൂപ്പായ സമന്വയ ഒരുക്കിയ കലാവിരുന്നും നടന്നു. സ്നേഹവിരുന്നിനുശേഷം സമ്മാനങ്ങളും നൽകിയാണ് ഇവരെ യാത്രയാക്കിയത്.
കോവിഡ് കാലത്തിന്റെ ഇടവേളയ്ക്കുശേഷം വീണ്ടും ഒന്നിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ ആയിരുന്നു ട്രൂപ്പ് അംഗങ്ങൾ.
ചടങ്ങിൽ വാസുദേവൻ എഴുതിയ "ഓർമയിലെ കരിന്പനകൾ’ എന്ന പുസ്തക പ്രകാശനവും ഉണ്ടായി. റിട്ട.പ്രധാനാധ്യാപിക സാവിത്രിക്കു പുസ്തകം നൽകി വിടിബി കോളജ് പ്രിൻസിപ്പൽ ഡോ.ഇ.ജയൻ പ്രകാശനം നിർവഹിച്ചു.