""സുഗതകുമാരി ടീച്ചറിന്റെ വീട്ടിൽ ഏത് വിശിഷ്ട വ്യക്തികൾ വന്നാലും ടീച്ചർ എന്നെക്കൊണ്ട് കാവാലക്കളം ചൊല്ലിക്കുമായിരുന്നു. സൂര്യ ഫെസ്റ്റിവലിൽ ഞാൻ ഈ കവിത ചൊല്ലുന്നത് ടീച്ചർ കേട്ടിരുന്നു. കവിത ഇഷ്ടപ്പെട്ടതുകൊണ്ടു തന്നെ പിന്നീട് ഞാൻ ടീച്ചറിനെ കാണുവാൻ വീട്ടിൽ ചെല്ലുന്പോൾ എല്ലാം കവിത ചൊല്ലിക്കും. "സുമേഷേ ഇത് ഹൃയത്തിൽ നിന്നും വന്ന കവിതയാണ് 'എന്നാണ് ടീച്ചർ പറഞ്ഞത്.
കാവാലം സാറുമായി എനിക്ക് നല്ല അടുപ്പമുണ്ടായിരുന്നു. എന്റെ ഒപ്പം നാട്ടിൽ വരുമായിരുന്നു. മഹാകവി വള്ളത്തോളിന്റെ ശബ്ദം കാവാലം സാർ അനുകരിച്ച് കേൾപ്പിക്കുന്നത് മറക്കാൻ സാധിക്കില്ല. വള്ളത്തോളിന്റെ വീട്ടിൽ കാവാലം താമസിച്ചിട്ടുണ്ടല്ലോ. ഒരു എഴുത്തുകാരന് എത്രത്തോളം എളിമയാകാം എന്നതിന്റെ അടയാളമായി ഞാൻ കാവാലം സാറിനെ കാണുന്നു.''
സുമേഷ് കൃഷ്ണൻ എംഎ വിദ്യാർഥിയായിരുന്ന കാലം മുതൽ തുടങ്ങുന്നു കവി ഡി.വിനയചന്ദ്രനുമായുള്ള സുമേഷിന്റെ ഗാഢബന്ധം.
""പല വൈകുന്നേരങ്ങളിലും ഞാൻ വിനയചന്ദ്രൻ സാറിന്റെ വീട്ടിൽ പോയിരുന്നു. സാർ ചിലപ്പോൾ ഭാരതീയ കാവ്യശാസ്ത്രത്തെ കുറിച്ച് സംസാരിക്കും. ചിലപ്പോൾ പാശ്ചാത്യ സാഹിത്യമായിരിക്കും വിഷയം. എത്രയോ പുസ്തകങ്ങൾ വായിക്കുന്ന അനുഭവമാണ് ഉണ്ടാകുന്നത്. യാത്ര പറയുന്ന സമയത്ത് വണ്ടിക്കൂലിക്ക് എന്ന് പറഞ്ഞ് സാർ അന്പത് രൂപ നൽകും. മാത്രമല്ല പ്രഭാഷണത്തിനു പോകുന്പോൾ വണ്ടിക്കൂലി വാങ്ങണം എന്നും ഉപദേശിക്കും. കവിക്ക് ആരും ഫ്രീയായി ചായ തരില്ല എന്നാണ് സാർ പറയുക.''
സുമേഷ് കൃഷ്ണൻ പ്രഥമ ഒഎൻവി യുവ പ്രതിഭാ പുരസ്കാരം, വൈലോപ്പിള്ളി പുരസ്കാരം, തോന്നയ്ക്കൽ ആശാൻ സ്മാരകത്തിന്റെ കുമാരകവി പുരസ്കാരം, പുനലൂർ ബാലൻ പുരസ്കാരം, കടത്തനാട് മാധവി അമ്മ പുരസ്കാരം എന്നിവ ഉൾപ്പെടെ 12 പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ് യുവകവി എൻ.എസ്.സുമേഷ്കൃഷ്ണൻ. കൊൽക്കത്തയിൽ നടന്ന സാഹിത്യ സദസിൽ വച്ച് ഭാരതീയ ഭാഷാ പരിഷത്തിന്റെ യുവപരുരസ്കാരം ഇക്കഴിഞ്ഞ ദിവസം അദ്ദേഹം ഏറ്റുവാങ്ങി.
രുദ്രാക്ഷരം, ചന്ദ്രകാന്തം, എന്റെയും നിങ്ങളുടേയും മഴകൾ ഉൾപ്പെടെ പതിനൊന്നോളം പുസ്തകങ്ങൾ. കഴിഞ്ഞ 20 വർഷങ്ങളായി ആയിരത്തി അഞ്ഞൂറിലധികം വേദികളിൽ പ്രസംഗിച്ചിട്ടുണ്ട്. ഇപ്പോൾ കോതമംഗലം തൃക്കാരിയൂർ ഡിബിഎച്ച്എസിൽ മലയാളം അധ്യാപകനാണ്.
റിപ്പോർട്ട് -
എസ്. മഞ്ജുളാദേവി