ഒരു രൂപക്ക് അഞ്ച് വീട്; യുവാക്കളുടെ ഭാരതസന്ദർശനം തുടങ്ങി
Tuesday, February 8, 2022 4:15 PM IST
അഞ്ചു പാവപ്പെട്ട കുടുംബങ്ങൾക്ക് സ്വന്തം ഭവനമെന്ന സ്വപ്നം സാക്ഷാത്കാരിക്കാൻ രണ്ടു യുവാക്കൾ ഭാരത സന്ദർശനം തുടങ്ങി. വയനാട് അന്പലവയൽ സ്വദേശികളായ റനീഷും നിജിനും ആണ് ഒന്നരവർഷത്തെ സൈക്കിൾ യാത്രയ്ക്ക് തുടക്കമിട്ടത്.
യാത്രയ്ക്ക് രാഹുൽ ഗാന്ധി എംപിയടക്കമുള്ളവരുടെ അഭിനന്ദനം ലഭിച്ചതോടെ യാത്രാ ലക്ഷ്യം കൈവരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഈ യുവാക്കൾ.
"നിർധനർക്ക് വീടുകൾ പണിയുന്നതിനുള്ള ഫണ്ട് സ്വരൂപിക്കാനുള്ള നിങ്ങളുടെ മഹത്തായ ദൗത്യത്തെ ഞാൻ അഭിനന്ദിക്കുന്നു. ഈ ആവശ്യത്തിനായി നിങ്ങൾ ഒരു ക്രോസ് കണ്ട്രി സൈക്ലിംഗ് ടൂർ ആരംഭിക്കുന്പോൾ, നിങ്ങളുടെ യാത്ര മറ്റുള്ളവരിൽ ഒരു മാറ്റമുണ്ടാക്കാനുള്ള പ്രചോദനം ആകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, കഴിഞ്ഞ ഒരു മാസത്തിനിടെ നിങ്ങൾ ഒരു ലക്ഷത്തിലധികം രൂപ സമാഹരിച്ചു എന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി. നിങ്ങളുടെ ഉദ്യമം ആളുകളിലെ സഹജമായ നന്മയെ ആകർഷിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. നിങ്ങൾക്ക് സുരക്ഷിതവും സംതൃപ്തവുമായ യാത്ര ആശംസിക്കുന്നു’’ - രാഹുൽ ഗാന്ധി ആശംസാ സന്ദേശത്തിൽ പറഞ്ഞു. രാഹുൽ ഗാന്ധി എംപിയുടെ പ്രശംസാപത്രം കാസർഗോഡ് വച്ച് രാജ് മോഹൻ ഉണ്ണിത്താൻ എംപിയാണ് റനീഷിനും നിജിനും കൈമാറിയത്.
ഒന്നരവർഷത്തോളം ഭാരതം ചുറ്റി സഞ്ചരിച്ച് ഓരോരുത്തരിൽ നിന്നും ഒരു രൂപ സംഭാവനയായി വാങ്ങി ലക്ഷ്യം പൂർത്തീകരിക്കാൻ ഇറങ്ങിത്തിരിച്ച ചെറുപ്പക്കാർ മത്സരങ്ങളുടെ ലോകത്തെ യഥാർത്ഥ മനുഷ്യരാണെന്ന് തെളിയിച്ചിരിക്കുന്നതായി രാജ്മോഹൻ ഉണ്ണിത്താൻ എംപി അഭിപ്രായപ്പെട്ടു. കാരുണ്യ പ്രവർത്തനത്തെ വിലമതിക്കുന്നതായും ദേശീയോദ്ഗ്രഥന യാത്രയായി ഇത് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.