മുട്ടത്തോടിൽ ലോകാത്ഭുതങ്ങൾ തീർത്ത് ജാൻസി
Monday, December 13, 2021 4:58 PM IST
ഒരുമുട്ടത്തോടിൽ 28 മിനിറ്റുകൊണ്ട് ലോകാത്ഭുതങ്ങൾ തീർത്ത് റിക്കാർഡ് ബുക്കിൽ ഇടം നേടിയിരിക്കുകയാണ് എൻജിനിയറിംഗ് ബിരുദധാരിണിയായ ജാൻസി.
മംഗലം വിശുദ്ധ മാക്സ്മില്യൻ കോൾബെ ഇടവകയിലെ ചാരങ്കാട്ട് ജോയിയുടേയും മിനിയുടേയും മകളായ ജാൻസി, സിഡി മാർക്കർ കൊണ്ട് മുട്ടത്തോടിൽ ലോകാത്ഭുതങ്ങളെ പുനരാവിഷ്കരിച്ച് മറ്റൊരു അദ്ഭുതം സൃഷ്ടിച്ചത്.
മുട്ടത്തോടിൽ പലരീതിയിലുള്ള പ്രവർത്തനം നടത്തി റിക്കാർഡ് ബുക്കിൽ ഇടംപിടിച്ചവർ വേറെയുമുണ്ടെങ്കിലും കുറഞ്ഞ സമയത്തിനുള്ളിൽ ഇത്തരമൊരു വൈദഗ്ധ്യം നേടിയവർ ആരുമില്ലെന്നു വേണം പറയാം.
ഇന്ത്യാ ബുക്ക് ഓഫ് റിക്കാർഡ്സിലും ഏഷ്യ ബുക്ക് ഓഫ് റിക്കാർഡ്സിലുമാണ് ഈ പ്രകടനം ഇടം പിടിച്ചത്. ചിത്രം വരയ്ക്കുമായിരുന്നെങ്കിലും കലയിൽ അതിവിദഗ്ധയൊന്നുമല്ലെന്നാണ് ജാൻസിയുടെ തന്നെ വിലയിരുത്തൽ.
എൻജിനിയറിംഗ് പഠനത്തിനുശേഷം ജോലി തേടിക്കൊണ്ടിരുന്ന ഇടവേളയിലാണ് ഇത്തരമൊരു ആഗ്രഹം ഉണ്ടായതും ഇത്തരം വീഡിയോകൾ കൂടുതലായി കണ്ടതും. പരിശീലനത്തിനു ശേഷം ഒരുദിനം മുട്ടത്തോടിൽ വരച്ചത് സ്വയം വീഡിയോ എടുത്ത് ഇന്ത്യബുക്ക് ഓഫ് റിക്കാർഡ്സിനു അയച്ചു കൊടുക്കുകയായിരുന്നു. ദിവസങ്ങൾക്കുള്ളിൽ അംഗീകാരവുമെത്തി. പിന്നാലെ ഏഷ്യൻ ബുക്ക് ഓഫ് റിക്കാർഡ്സിന്റെ അംഗീകാരവുമെത്തി.
വീട്ടുകാരുടേയും ബന്ധുക്കളുടേയും പിന്തുണയും ജാൻസിക്ക് പ്രചോദനമായി. ബിസിനസ് രംഗത്താണ് ജാൻസിയുടെ പിതാവ്. അമ്മ വീട്ടമ്മയും. ഏകസഹോദരൻ സി.ജെ. ജോജി വിദേശത്തും ജോലി ചെയ്യുന്നു.