അട്ടപ്പാടിയുടെ അഭിമാനമായി അനു പ്രശോഭിനി
Wednesday, November 17, 2021 1:39 PM IST
അനു പ്രശോഭിനി അട്ടപ്പാടിയുടെ അഭിമാന താരം. തൃശൂരിൽ നടന്ന മിസ് കേരള ഫിറ്റ്നസ് ഫാഷൻ ഓഡിഷൻ റൗണ്ടിലൂടെ ഫൈനൽ റൗണ്ടിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഈ പതിനേഴുകാരി. ഡിസംബർ അവസാന വാരമാണ് ഫൈനൽ.
പട്ടികവർഗ വിഭാഗത്തിൽ നിന്നും മിസ് കേരള ഫിറ്റ്നസ് ഫാഷനിൽ പങ്കെടുക്കുന്ന സംസ്ഥാനത്തെ ആദ്യ വ്യക്തി എന്ന ബഹുമതി ഇതോടെ അനു പ്രശോഭിനിക്ക് സ്വന്തമായി.
പാലക്കാട് മോയൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിനിയാണ് അനു പ്രശോഭിനി. അഭിനയ രംഗത്തും ഇതിനകം മികവ് തെളിയിച്ചു ഈ കൊച്ചുമിടുക്കി. പട്ടികവർഗക്കാർ മാത്രം അഭിനേതാക്കളായ പ്രിയനന്ദനന്റെ "ധബാരി കുരുവി' എന്ന ചിത്രത്തിൽ മുഖ്യവേഷമിടുന്നതും അനു പ്രശോഭിനിയാണ്.
അട്ടപ്പാടിയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച "അയ്യപ്പനും കോശിയും' എന്ന ചിത്രത്തിൽ അനുവിന്റെ പിതാവ് പഴനിസ്വാമി അഭിനയിച്ചിട്ടുണ്ട്.
മണ്ണാർക്കാട് വനംവകുപ്പ് ജീവനക്കാരനാണ് പളനിസ്വാമി. മാതാവ് ശോഭ എസ്ടി പ്രമോട്ടർ ആണ്. സഹോദരൻ ആദിത്യൻ ആനക്കട്ടി ബഥനി സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാർഥിയാണ്.