മനു പി.മാത്യുവിനു പാര ആംപ്യൂറ്റി ഫുട്ബോൾ ദേശീയ ടീമിലേക്കു സെലക്ഷൻ
Saturday, January 8, 2022 10:01 AM IST
ഇറാനിലെ കിഷ് ഐലന്റിൽ നടക്കുന്ന വെസ്റ്റ് ഏഷ്യൻ ആംപ്യൂറ്റി ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ മാറ്റുരയ്ക്കാൻ അട്ടപ്പാടി അഗളി സ്വദേശിക്കും അവസരം.
അഗളി പുന്നക്കോട്ടിൽ വീട്ടിൽ പിജെ മത്തച്ചൻ- ഷൈനി ദന്പതികളുടെ മകനാണ് 23 കാരനായ മനു പി മാത്യു. പാര ആംപ്യൂറ്റി ഫുട്ബോൾ അസോസിയേഷൻ ഇന്ത്യയുടെ കീഴിൽ തൃശൂരിൽ ഫെബ്രുവരി 15 നാണ് ഇന്ത്യൻ ടീമിന്റെ പരിശീലനം ആരംഭിക്കുക.
മാർച്ച് 5 മുതൽ 9 വരെ ഇറാനിൽ ലോകകപ്പിനുള്ള യോഗ്യത മത്സരത്തിൽ ഇന്ത്യൻ ടീം പങ്കെടുക്കും. മികച്ച ഫുട്ബോളറായ മനു പി മാത്യുവിന് 2019ൽ മലേഷ്യയിൽ നടത്താനിരുന്ന ഇൻവിറ്റേഷണൽ ടൂർണമെന്റിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്നുവെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ അവസരം വിനിയോഗിക്കാനായില്ല.
ഇറാനിൽ നടക്കുന്ന ചാന്പ്യൻഷിപ്പിൽ പങ്കെടുക്കാൻ 1,59,500 രൂപ സ്വന്തമായി കണ്ടെത്തണമെന്നതാണ് മനുവിനെ അലട്ടുന്ന ഇപ്പോഴത്തെ ഏക പ്രശ്നം.
തുക കണ്ടെത്തുവാൻ സ്പോണ്സർമാരെ കണ്ടെത്തുകയോ സർക്കാർ സഹായം ലഭ്യമാക്കുന്നതിന് മത്സരാർത്ഥികൾ സ്വയം പരിശ്രമിക്കുക യോ വേണമെന്നാണ് ഇന്ത്യയിലെ പാര ആംപ്യൂറ്റ് ഫുട്ബോൾ അസോസിയേഷൻ നിർദ്ദേശിക്കുന്നത്.
പാലക്കാട് വിക്ടോറിയ കോളേജിൽ എംകോം പൂർത്തിയാക്കി ഫലപ്രഖ്യാപനം കാത്തിരിക്കുകയാണ് മനു.
ഒൻപതാം ക്ലാസ് വിദ്യാർഥിയായ ബിനു പി മാത്യു ഏക സഹോദരനാണ്. മത്സരത്തിന് ബൂട്ടണിയിക്കാൻ ഏതെങ്കിലും സ്പോണ്സർമാർ എത്തുമെന്നുള്ള ശുഭപ്രതീക്ഷയിലാണ് മനുവും കുടുംബവും.