ഭാരതപര്യടനം പൂർത്തിയാക്കിയ അഖിലും കെൽവിനും വൻ സ്വീകരണം
Friday, October 22, 2021 3:17 PM IST
മൂവാറ്റുപുഴ: സൈക്കിളിൽ ഭാരത പര്യടനം നടത്തി തിരിച്ചെത്തിയ യുവാക്കൾക്ക് ഊരമന വൈഎംഎ ലൈബ്രറിയുടെയും ആക്കോസ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്വീകരണം നൽകി.
ഊരമന ശിവലി പിഷാരത്ത് അഖിൽ നവനീതൻ, തമ്മാനിമറ്റം കാട്ടുമറ്റത്തിൽ കെൽവിൻ കെന്നഡി എന്നീ യുവാക്കൾക്കാണ് വരവേൽപ്പ് നൽകിയത്.
55 ദിവസം നീണ്ടുനിന്ന ഭാരതപര്യടനത്തിൽ 4,500 കിലോ മീറ്റർ സൈക്കിളിൽ സഞ്ചരിച്ചാണ് ഈ യുവാക്കൾ രാജ്യം മുഴുവൻ ചുറ്റി സഞ്ചരിച്ചത്.
കോലഞ്ചേരിയിൽനിന്നാണ് യാത്ര ആരംഭിച്ചത്. കാഷ്മീരിലെ ലഡാക്കിൽ 17,982 അടി ഉയരമുള്ള ഖർദുംഗ് ലാ സന്ദർശിച്ചാണ് യുവാക്കൾ മടങ്ങിയത്. ഓരോ ദിവസവും പെട്രോൾ പന്പുകളിൽ താമസിച്ചാണ് യാത്രപുറപ്പെട്ടത്. ജമ്മുകാഷ്മീരിൽ എത്തിയപ്പോൾ ഇന്ത്യൻ സൈനികരുടെ എല്ലാവിധത്തിലുള്ള സഹായവും ലഭിച്ചതായി അഖിലും കെൽവിനും പറഞ്ഞു.

ലൈബ്രറി അങ്കണത്തിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടി അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്ത് മെമന്റോ നൽകി യുവാക്കളെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ജോർജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം മേഴ്സി എൽദോസ്, എബിൻ കോടിയാട്ട്, സുമിത് സുരേന്ദ്രൻ, അലൻ എന്നിവർ പ്രസംഗിച്ചു.