ഷീബ വിരൽതൊടുന്പോൾ ചുവരുകളിൽ ജീവൻതുടിക്കും..!
Saturday, February 25, 2023 5:20 PM IST
അമ്പലപ്പുഴ: ചുവരുകളില് ചായം ചാലിച്ച് ചിത്രം വരച്ച് ജീവിതമെഴുതുകയാണ് ഷീബ. കഞ്ഞിക്കുഴി പഞ്ചായത്ത് നാലാം വാർഡിൽ ലക്ഷ്മിനിവാസിൽ ജോഷിയുടെ ഭാര്യയാണ് ചായക്കൂട്ടിലൂടെ ജീവിത മാർഗം തേടുന്നത്. മുഹമ്മ, കഞ്ഞിക്കുഴി, മാരാരിക്കുളം തുടങ്ങിയയിടങ്ങളിൽ ഷീബയുടെ നിറക്കൂട്ട് പതിയാത്ത ചുവരുകൾ കുറവാണ്. ഷീബയോടെപ്പം ജാേഷിയും മക്കളായ സ്വാതിലക്ഷ്മിയും ശ്രുതി ലക്ഷ്മിയും ഉണ്ടാവും.
സ്കൂൾ അവധി ദിവസങ്ങളിൽ മാത്രമാണ് മക്കളെയും കൂട്ടുന്നത്. ചാരമംഗലം ഡി.ബി എച്ച്എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് സ്വാതിലക്ഷ്മി. ഇതേ സ്കൂളിലെ ഒന്നാം ക്ലാസിൽ പഠിക്കുകയാണ് ശ്രുതി ലക്ഷ്മി.
മറ്റ് ജില്ലകളിലും ചുവരുകളിൽ ചിത്രങ്ങൾ വരയ്ക്കാൻ പോകാറുണ്ട്. പാലക്കാട് ജില്ലയിൽ പത്തോളം അങ്കണവാടികൾ സ്മാർട്ടാക്കിയതിനു പിന്നിൽ ഷീബയുടെ ജീവൻതുടിക്കുന്ന ചിത്രങ്ങൾക്കും പങ്കുണ്ട്. അവിടെ ദിവസങ്ങളോളം കുടുംബസമേതം താമസിച്ചാണ് ചുവരുകൾക്ക് ജീവൻ നൽകിയത്.
വേനൽ കടുത്തതോടെ കുടിവെള്ളം പാഴാക്കരുതെന്ന ബോധവത്ക്കരണമാണവുമായണ് ഷീബ അമ്പലപ്പുഴയിൽ എത്തിയത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം തകഴിയിൽ ചുവർചിത്രങ്ങൾ വരച്ചിരുന്നു. ബോധവത്കരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച അമ്പലപ്പുഴയിലും ഷീബ എത്തി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ശിശുവിഹാറിന്റെ മതിലിലും മെഡിക്കൽകോളേജ് ആശുപത്രിയുടെ സമീപത്തും ചുവരുകളിൽ കുടിവെള്ളത്തിനായി കേഴുന്നവരുടെ ദയനീയമുഖം ഷീബയുടെ കരവിരുതിൽ പതിഞ്ഞു.
ജൽജീവൻ പദ്ധതിയുടെ ഭാഗമായി വെള്ളം പാഴാക്കരുതെന്ന ആശയവുമായി ഷീബയും ഭർത്താവ് ജോഷിയും എത്തിയത്. പെയിന്റിംഗ് ജോലികളാണ് ജോഷി ചെയ്യുന്നത്. ചുവരുകൾ വെള്ളപൂശി അനുയോജ്യമായ നിറങ്ങൾ പകർന്നുകഴിഞ്ഞാൽ അടുത്ത ഊഴം ഷീബയുടേതാണ്.
പേനയും പെൻസിലും ഉപയോഗിച്ച് ചിത്രം വരച്ചിരുന്ന ഷീബ കോവിഡ് കാലത്താണ് ചുവരിലെ ചിത്രംവരയിലേ ക്ക് എത്തുന്നത്. വീടിനുള്ളിൽ കഴിച്ചുകൂട്ടുന്നതിനിടെ നേരംപോക്കിനായി തുടങ്ങിവെച്ചതാണ്. അതു പിന്നീട് ഇവരുടെ ജീവിതത്തിന് നിറം പകരുകയായിരുന്നു.