കോളജിൽ ചരിത്രം കുറിച്ചു ത്രിമൂർത്തികൾ
Thursday, October 21, 2021 3:02 PM IST
മൂവാറ്റുപുഴ: വാഴക്കുളം വിശ്വജ്യോതി എൻജിനീയറിംഗ് കോളജിൽനിന്ന് സിവിൽ എൻജിനീയറിംഗിൽ വിജയം കൈവരിച്ച് പുറത്തിറങ്ങുന്ന ത്രിമൂർത്തികളായ ആനന്ദും ആദിത്യയും അരവിന്ദും ചരിത്രമാകുന്നു.
ഒറ്റപ്രസവത്തിൽ ജനിച്ച ഈ സഹോദരങ്ങൾ 2017-ലാണ് വിശ്വജ്യോതി കോളജിൽ സിവിൽ എൻജിനീയറിംഗിന് ഒരേ ക്ലാസിൽ പഠനം ആരംഭിച്ചത്. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും പ്രാഗത്ഭ്യം കാണിച്ച ഈ മുക്കൂട്ടു സംഘം നാലു വർഷം കോളജിലെ താരങ്ങൾ തന്നെയായിരുന്നു.
ഇപ്പോഴിതാ പഠനം പൂർത്തിയാക്കിയ മൂന്നു പേർക്കും കോളജിൽ വച്ചുതന്നെ പ്ലേസ്മെന്റും ലഭിച്ചു. ദുബായ് ആസ്ഥാനമായ "പവർഓണ് ബിൽഡിംഗ്' എന്ന സിവിൽ എൻജിനീയറിംഗ് കോണ്ട്രാക്ടിംഗ് കന്പനിയിൽ ആനന്ദ് കഴിഞ്ഞ ദിവസം ജോലിയിൽ പ്രവേശിച്ചു. എന്നാൽ ആദിത്യയും അരവിന്ദും ഉപരിപഠനം ലക്ഷ്യമാക്കി കാനഡയിലേക്ക് കുടിയേറുവാൻ തയാറെടുക്കുകയാണ്.
വാഴക്കുളം ഹരിത നിവാസിൽ റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥൻ കെ.വി. ഷാജിയുടെയും അധ്യാപികയായ മിനി ഷാജിയുടെയും മക്കളാണ് ഈ ത്രിമൂർത്തികൾ.
വിവാഹം കഴിഞ്ഞു നീണ്ട 10 വർഷത്തെ കാത്തിരിപ്പിനുശേഷമാണ് ഷാജി മിനി ദന്പതികൾക്ക് ഈ മക്കൾ ജനിച്ചത്.
കഴിഞ്ഞ ദിവസം കോളജിൽ നടന്ന ഹ്രസ്വമായ ചടങ്ങിൽ കോളജ് മാനേജരും ഡയറക്ടറും പ്രിൻസിപ്പലും ചേർന്ന് ഈ സഹോദരങ്ങൾക്ക് യാത്രയപ്പു നൽകി.