ബാങ്കിംഗ് വെല്ലുവിളിയിൽ
ബാങ്കിംഗ് വെല്ലുവിളിയിൽ
Tuesday, June 26, 2018 3:59 PM IST
ഇന്ത്യയിലെ ബാങ്ക് ദേശസാത്കരണത്തിന്‍റെ അന്പതാം വാർഷികം അടുത്തവർഷം ആഘോഷിക്കുവാൻ പോവുകയാണ്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി എടുത്ത ഏറ്റവും ശക്തമായ സാന്പത്തിക തീരുമാനമായിരുന്നു അത്. ബാങ്കുകൾ പണക്കാർക്കു മാത്രമേ വായ്പ നൽകുന്നുള്ളു; പാവപ്പെട്ടവർക്കും സാധാരണക്കാർക്കുമൊക്കെ ബാങ്കിംഗിന്‍റെ ഗുണഫലം ലഭിക്കണമെന്നായിരുന്നു ബാങ്ക് ദേശാസാത്കരണത്തിനു കാരണമായി പറഞ്ഞത്.
കാരണമെന്തുമാകട്ടെ, തുടർന്നുള്ള വർഷങ്ങളിൽ ബാങ്കിംഗിൽ വൻ വളർച്ചയാണുണ്ടായത്. 1969-ൽ 14 ബാങ്കുകളാണ് ദേശസാത്കരിച്ചത്. തുടർന്ന് ആറെണ്ണം കൂടി ദേശസാത്കരിച്ചു. പൊതുമേഖല ബാങ്കുകളുടെ എണ്ണം 1990 കളായപ്പോഴേയ്ക്കും 28-ലേക്ക് ഉയർന്നു.

ദേശാസാത്കരണത്തിന്‍റെ കാൽ നൂറ്റാണ്ടു പിന്നിട്ടപ്പോഴേയ്ക്കും പൊതുമേഖല ബാങ്കുകൾ ചെന്നെത്തപ്പെട്ടത് കിട്ടാക്കടത്തിന്‍റെ കുന്നിൻമുകളിലാണ്. ദേശാസാത്കരിക്കപ്പെട്ട 13 ബാങ്കുകളുടെ മൂലധനം പൂർണമായും ഇല്ലാതായി. ബാങ്കിംഗ് തന്നെ ഇല്ലാതാകുന്ന സ്ഥിതയിലേക്കെത്തി.

ഉദാരവത്കരണത്തിന്‍റെ നാളുകളായതിനാൽ ബാങ്കിംഗ് പരിഷ്കാരത്തിനായി നരംസിംഹം കമ്മിറ്റിയെ നിയമിച്ചു. പൊതുമേഖലയെ രക്ഷിക്കാൻ വൻതോതിലുള്ള പുനർമൂലധനവത്കരണവും നടത്തി. നരസിംഹം കമ്മിറ്റിയുടെ ശിപാർശകൾ നടപ്പിലാക്കിയതോടുകൂടി പൊതുമേഖല ബാങ്കുകൾ ഒരു വിധം കരപ്പറ്റി. പുതിയ സ്വകാര്യ ബാങ്കുകളും ഈ കാലയളവിൽ കടന്നുവന്നു.

വഞ്ചി തിരുനക്കരതന്നെ

ബാങ്കിംഗ് പരിഷ്കാരങ്ങളുടേയും ദേശസാത്കരണത്തിന്‍റെയും അടുത്ത 25 വർഷം പൂർത്തിയാകുന്നതോടെ പൊതുമേഖല ബാങ്കുകളുടെ സ്ഥിതി പണ്ടത്തേക്കാൾ ദുർബലമായ അവസ്ഥയിലേക്കു മാറി. ഇതിനിടയിൽ ബാങ്കുകളെ രക്ഷിക്കുവാൻ മോദി ഗവണ്‍മെന്‍റ് വൻതോതിലുള്ള പുനർമൂലധനവത്കരണം പ്രഖ്യാപിച്ചു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ യുപിഎ- രണ്ടും, മോദി ഗവണ്‍മെന്‍റും കൂടി പൊതുമേഖല ബാങ്കുകളുടെ പുനർമൂലധനവത്കരണത്തിനായി വകയിരുത്തിയത് 2.65 ലക്ഷം കോടി രൂപയാണ്. പല ബാങ്കുകൾക്കും നൽകിയ മൂലധനം അവരുടെ കിട്ടാക്കടത്തിന്‍റെ വകയിരുത്തലുകൾക്കുപോലും തികയില്ലെന്നായി. ദേനാ ബാങ്ക്, അലഹബാദ് ബാങ്ക് എന്നീ രണ്ടു ബാങ്കുകൾക്ക് വായ്പ നൽകുന്നതിനു റിസർവ് ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

വിശ്വാസ്യത നഷ്ടപ്പെടുന്ന പൊതുമേഖല ബാങ്കുകൾ

രാജ്യത്തെ വായ്പാ വിപണിയുടെ 70 ശതമാനത്തിലധികം കൈയാളുന്ന പൊതുമേഖല ബാങ്കുകളുടെ വിശ്വാസ്യത മാസങ്ങളായി താഴേയ്ക്കാണ്. ആസ്തി വളർച്ചയിലെ മുരടിപ്പ്,വൻ നഷ്ടം, മൂലധനശോഷണം തുടങ്ങിയവയെല്ലാം ഇതിനു കാരണമാകുന്നു. ഏറ്റവുമൊടുവിൽ, പ്രത്യേകിച്ചും നാലാം ക്വാർട്ടർ കണക്കുകൾ ഇവയുടെ വിശ്വാസ്യതയെ അതിന്‍റെ താഴെത്തട്ടിലെത്തിച്ചിരിക്കുകയാണ്.

2018-ന്‍റെ തുടക്കം മുതൽ പിഎസ് യു ബാങ്കുകളിൽനിന്നുള്ള ഞെട്ടിക്കൽ ആരംഭിച്ചതാണ്. ആദ്യത്തേത് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നു പുറത്തുവന്ന 11400 കോടി രൂപയുടെ തട്ടിപ്പാണ്. ജ്വല്ലറി ബിസിനസുകാരനായ നീരവ് മോദിക്കു പിഎൻബി വഴി നൽകിയ ലെറ്റർ ഓഫ് അണ്ടർടേക്കിംഗ് വഴിയായിരുന്നു ആ തട്ടിപ്പ് സംഭവിച്ചത്.

പിഎൻബി നാലാം ക്വാർട്ടറിൽ വരുത്തിയ നഷ്ടം13,417 കോടി രൂപയാണ്. ഒരു ബാങ്ക് ഇന്ത്യയിൽ ഒരു ക്വാർട്ടറിൽ വരുത്തിയ ഏറ്റവും ഉയർന്ന നഷ്ടമാണിത്.

താമസിയാത തന്നെ പുറത്തുവന്ന എസ്ബിഐയുടെ മൂന്നാം ക്വാർട്ടർ ഫലമാണ് അടുത്തതായി ഞെട്ടലുണ്ടാക്കിയത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ മൂന്നാം ക്വാർട്ടറിൽ 2416 കോടി രൂപ നഷ്ടം കാണിച്ചു. പത്തൊന്പതു വർഷത്തിൽ ആദ്യമായാണ് എസ്ബിഐ ഒരു ക്വാർട്ടറിൽ നഷ്ടം കാണിക്കുന്നത്. ഇതിന് ആക്കം കൂട്ടിക്കൊണ്ട് നാലാം ക്വാർട്ടറിൽ എസ്ബിഐയുടെ നഷ്ടം 7718 കോടി രൂപയായി ഉയർന്നു. ആദ്യ ക്വാർട്ടറുകളിൽ നേടിയ ലാഭം കാരണം 2017-18-ലെ ബാങ്കിന്‍റെ നഷ്ടം 6547 കോടി രൂപയിലേക്കു കുറഞ്ഞു. നാലാം ക്വാർട്ടറിൽ കിട്ടാക്കടത്തിനായി വകയിരുത്തേണ്ടി വന്നത് 28000 കോടി രൂപയിലധികമാണ്. മുൻവർഷമിതേ ക്വാർട്ടറിലിത് 11000 കോടി രൂപയായിരുന്നു.

ഇവ മാത്രമല്ല, നാലാം ക്വാർട്ടറിൽ ഫലം പുറത്തുവിട്ട ഭൂരിപക്ഷം പൊതുമേഖല ബാങ്കുകളും നഷ്ടക്കയത്തിലാണ്.

ബാങ്കിംഗ് മേഖലയ്ക്ക് ഏറ്റവും വലിയ ഞെട്ടൽ സമ്മാനിച്ചത് പിഎൻബിയി ൽനിന്നു പുറത്തുവന്ന തട്ടിപ്പാണ്. ഇതേത്തുടർന്ന് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിലകൾ തകർന്നു വീണു. നാലാം ക്വാർട്ടർ ഫലങ്ങളുടെ വരവുംകൂടിയായതോടെ വിലയിടിവിന് ആക്കം കൂടുകയും ചെയ്തു. പിഎൻബി ഒഹരി ജനുവരി 24-ന് 194 രൂപയുണ്ടായിരുന്നത് മേയ് 23-ന് 80 രൂപയിലേക്ക് ഇടിഞ്ഞു. മിക്ക പൊതുമേഖല സ്ഥാപനങ്ങളുടേയും സ്ഥിതി ഇതാണ്.

ബാങ്ക് പുനർമൂലധനവത്കരണ പദ്ധതിയനുസരിച്ച് പിഎൻബിക്ക് 2017-18-ൽ 5473 കോടി രൂപ ലഭിച്ചു. അതിനു തലേ മൂന്നു വർഷങ്ങളിലായി ഏതാണ്ട് ഇതേ തുകതന്നെ ഇത്തരത്തിൽ ബാങ്കിനു ലഭിച്ചിരുന്നു. ഇവയെല്ലാം കിട്ടാക്കടത്തിനു വകയിരുത്താനേ ഉപയോഗമായുള്ളു. വായ്പയ്ക്കും മറ്റു ബിസിനസ് പ്രവർത്തനങ്ങൾക്കും ഇതു ഉപയോഗിക്കുവാൻ കഴിഞ്ഞില്ല. പക്ഷേ, ഈ തുക ബാങ്കിനെ തകർച്ചയിൽനിന്നു പിടിച്ചു നിർത്താൻ സഹായിച്ചു. അസറ്റിന്‍റെ ഗുണമേന്മ കുറഞ്ഞതും (2018 മാർച്ചിൽ ബാങ്കിന്‍റെ ഗ്രോസ് എൻപിഎ 86620 കോടി രൂപയിലേക്ക് ഉയർന്നിരിക്കുകയാണ്) മൂലധന സ്ഥിതി മോശമായതും ബാങ്കിനെ റിസർവ് ബാങ്കിന്‍റെ പിസിഎ ( പ്രോംപ്ട് കറക്ടീവ് ആക്ഷൻ) ചട്ടക്കൂടിൽ എത്തിച്ചിരിക്കുകയാണ്. പിഎൻബിയുടെ ഡെപ്പോസിറ്റ് റേറ്റിംഗ് മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

പിസിഎ

വായ്പ നൽകുന്നതിനു നിയന്ത്രണം ഉൾപ്പെടെയുള്ള നടപടികളാണ് പിസിഎയിൽ വരുന്നത്. ബാങ്കുകൾക്ക് മൂന്നു തലത്തിലുള്ള റിസ്കുകളാണ് നിർവചിച്ചിട്ടുള്ളത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വായ്പ നൽകുന്നതിനും ഡെപ്പോസിറ്റ് സ്വീകരിക്കുന്നതിനും ശാഖാ വികസനത്തിനും മറ്റും നിയന്ത്രണം റിസർവ് ബാങ്ക് ഏർപ്പെടുത്തുന്നത്.

ചുരുക്കിപ്പറഞ്ഞാൽ ബാങ്കിന്‍റെ കാതൽ പ്രവർത്തനത്തിൽ നിയന്ത്രണം വരുകയാണ് പിസിഎയിലൂടെ. ഇത് ബാങ്കിന്‍റെ മുഖ്യ പ്രവർത്തനത്തിന്‍റെ താളം തെറ്റിക്കുകയില്ലേയെന്ന ചോദ്യം പലരും ഉയർത്തിക്കഴിഞ്ഞു. വായ്പയും ഡെപ്പോസിറ്റുമില്ലാതെ ബാങ്കുകൾക്ക് എങ്ങനെ മുന്നോട്ടു പോകാനും വളർച്ച നേടാനും സാധിക്കുമെന്നാണ് ഇവരുടെ ചോദ്യം. ഇതിനു കീഴിൽ വരുന്ന ബാങ്കുകളുടെ പ്രവർത്തനം മന്ദീഭവിക്കുകയും മത്സരിക്കാനാകാതെ തകരുകയും ചെയ്യുമെന്നും ഇവർ സംശയം ഉയർത്തുന്നു.

ബാങ്കുകളെ മികച്ച പ്രവർത്തനത്തിലേക്കു തിരിച്ചുകൊണ്ടു വരികയെന്ന ലക്ഷ്യത്തോടെയാണ് പിസിഎയ്ക്കു രൂപം നൽകിയിട്ടുള്ളതെന്നാണ് റിസർവ് ബാങ്ക് പറയുന്നത്. ഇതിനകം 11 പൊതുമേഖല ബാങ്കുകൾ പിസിഎയുടെ കീഴിൽ എത്തിയിട്ടുണ്ട്. ഇതിൽ രണ്ടു ബാങ്കുകൾക്ക് വായ്പ നൽകുന്നതിനും ഉയർന്ന പലിശയിൽ ഡെപ്പോസിറ്റ് സ്വീകരിക്കുന്നതിനും റിസർവ് ബാങ്ക് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഈ ബാങ്കുകളോടൊല്ലാം തിരിച്ചുവരവിനുള്ള പദ്ധതി സമർപ്പിക്കുവാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ബാങ്കുകൾ അവരുടെ കാതൽ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനും മറ്റു ബിസിനസുകളിൽനിന്നു പിന്മാറുവാനും പിസിഎ നിർദ്ദേശിക്കുന്നു.

നിഷ്ക്രിയ ആസ്തി കണക്കാക്കലിൽ മാറ്റം

നിഷ്ക്രിയ ആസ്തികൾ കണക്കാക്കുന്നതിൽ നിലവിലുള്ള മാർഗനിർദ്ദേശങ്ങളിൽ മാറ്റം വരുത്തിക്കൊണ്ട് റിസർവ് ബാങ്ക് പുറപ്പെടുവിച്ച ഉത്തരവ് നാലാം ക്വാർട്ടറിലെ ബാങ്കുകളുടെ കിട്ടാക്കടം വർധിക്കുന്നതിന് ഇടയാക്കി.

പുതിയ മാർഗനിർദ്ദേശമനുസരിച്ച് ഒരുദിവസത്തെ കുടിശിക വന്നാൽപോലും അതു പ്രശ്നവായ്പയായി കാണണം. നിഷ്ക്രിയ ആസ്തി നിർണയം കർശനമാക്കണം. അതു വന്നപ്പോൾ പെട്ടെന്ന് നിഷ്ക്രിയ ആസ്തി കൂടി. അതനുസരിച്ച് വരാവുന്ന നഷ്ടത്തിനു വകയിരുത്തൽ നടത്താൻ ബാങ്കുകൾ നിർബന്ധിതരായി.


മാത്രവുമല്ല, കടം പുനർക്രമീകരിക്കുന്ന പദ്ധതിയുംപ്രശ്ന വായ്പകൾ പുനർക്രമീകരിക്കുന്ന പദ്ധതിയും ജോയിന്‍റ് ലെൻഡേഴ്സ് ഫോറവും പ്രശ്ന വായ്പകൾക്കു പരിഹാരം കണ്ടുപിടിക്കുവാനുള്ള ഇൻസ്റ്റിറ്റ്യൂഷണൽ സംവിധാനം തുടങ്ങിയ നിലവിലുണ്ടായിരുന്ന വായ്പാ പ്രശ്ന പരിഹാര സംവിധാനങ്ങളെല്ലാം റിസർവ് ബാങ്ക് പിൻവലിക്കുകയും ചെയ്തിട്ടുണ്ട്.
ഇതും ബാങ്കുകളുടെ കിട്ടാക്കടങ്ങൾ വർധിപ്പിക്കുന്നതിനു കാരണമായിട്ടുണ്ട്.
കടം പുനർക്രമീകരണ പദ്ധതി റിസർവ് ബാങ്ക് പിൻവലിക്കുന്പോൾ 2.8 ലക്ഷം കോടി രൂപയുടെ വായ്പയാണ് കിട്ടാക്കടമായി മാറിയത്. അതായത് നാലാം ക്വാർട്ടറിൽ എല്ലാ ബാങ്കുകൾക്കും കൂടുതൽ തുക കിട്ടാക്കടത്തിനായി വകയിരുത്തേണ്ടി വന്നു.

ഇതുകൊണ്ടുതന്നെ പുനർമൂലധന പദ്ധതിക്കായി നീക്കി വയ്ക്കുമെന്നു ഗവൺമെന്‍റു പ്രഖ്യാപിച്ചിരിക്കുന്ന തുക അപര്യാപ്തമാണെന്നു പൊതുവേ വിലയിരുത്തപ്പെടുന്നു.
പാപ്പർ നിയമം സഹായിക്കുമോ?

പൊതുമേഖല ബാങ്കുകളെ ഇന്നത്തെ അവസ്ഥയിൽനിന്നു രക്ഷപ്പെടുത്തുവാൻ പാപ്പർ നിയമം ( ഇൻസോൾവൻസി ആൻഡ് ബാങ്കറപ്റ്റ്സി കോഡ്- ഐബിസി) സഹായിക്കുമോ? ഇപ്പോഴത്തെ നിലയിൽ വളരെയധികം സമയമെടുക്കും. ഒരു കേസ് ഐബിസിയിൽ എത്തിയാൽതന്നെ അതു സെറ്റിൽ ചെയ്യാൻ 270 ദിവസമുണ്ട്. അതിനുശേഷമേ ആസ്തി വിൽപന തുടങ്ങിയ നടപടിക്രമങ്ങൾ ആരംഭിക്കുകയുള്ളു.

2014 ഏപ്രിൽ ഒന്നു മുതൽ 2017 ഡിസംബർ 31 വരെ നാലു വർഷക്കാലത്ത് പൊതുമേഖല ബാങ്കുകൾ ഏതാണ്ട് 2,72,558 കോടി രൂപ എഴുതിത്തള്ളി. ഇത് ഈ ബാങ്കുകളുടെ ലാഭത്തെ ബാധിക്കുകയും ചെയ്തു. ബാങ്കുകൾ ഓരോ വർഷവും ഗവണ്‍മെന്‍റിനു നൽകുമായിരുന്ന ലാഭവീതത്തിലും ഗണ്യമായ ഇടിവുണ്ടായി. ഈ നാലുവർഷത്തിനിടയിൽ ബാങ്കുകൾക്ക് ഇതിൽനിന്നു തിരിച്ചു പിടിക്കുവാൻ സാധിച്ചത് 29343 കോടി രൂപ മാത്രമാണ്. അതായത് എഴുതിത്തള്ളിയതിന്‍റെ 10.8 ശതമാനം മാത്രം.

മാത്രവുമല്ല, മോദി സർക്കാരിന്‍റെ നാലു വർഷത്തെ ഭരണത്തിൻ കീഴിൽ കിട്ടാക്കടത്തിന്‍റെ അളവു ഗണ്യമായി വർധിച്ചിരിക്കുകയാണ്. നാലു വർഷക്കാലത്ത്. 2014 ഏപ്രിൽ പൊതുമേഖല ബാങ്കുകളുടെ ഗ്രോസ് എൻപിഎ 2.19 ലക്ഷം കോടി രൂപയായിരുന്നത് 2017 ഡിസംബർ 31-ന് 7.83 ലക്ഷം കോടി രൂപയായി ഉയർന്നിരിക്കുന്നു. ഈ കാലയളവിൽ ബാങ്കുകളുടെ ലാഭം ഗണ്യമായി കുറഞ്ഞിരിക്കുന്നുവെന്നതാണ് ഏറ്റവും ആശങ്കാജനകമായ സംഗതി. ഡിസംബറിൽ അവസാനിച്ച ക്വാർട്ടറിൽ ബാങ്കിംഗ് മേഖലയുടെ മൊത്തം നഷ്ടം 7255 കോടി രൂപയാണ്. മോദി അധികാരത്തിൽ എത്തിയ 2014-ലെ ഡിസംബർ ക്വാർട്ടറിലെ അറ്റാദായം 20174 കോടി രൂപയായിരുന്നു. നാലാം ക്വാർട്ടറിലെ കണക്കുകൾ വരാനിരിക്കുന്നതേയുള്ളു. നഷ്ടം ഇതിലും കൂടാനാണ് സാധ്യത.

പൊതുമേഖല ബാങ്കുകളുടെ വിപണി മൂല്യം 2014 മേയ് 26-ലെ 7.26 ലക്ഷം കോടി രൂപയിൽനിന്നു 2018 മേയ് 21-ന് 4.29 ലക്ഷം കോടി രൂപയായി ഇടിഞ്ഞിരിക്കുന്നു. അതേസമയം സ്വകാര്യ ബാങ്കുകളുടെ വിപണി മൂല്യം ഈ കാലയളവിൽ 6.5 ലക്ഷം കോടി രൂപയിൽനിന്നു 14.2 ലക്ഷം കോടി രൂപയായി ഉയർന്നു. കോട്ടക് ബാങ്ക് എസ്ബിഐയുടെ വിപണി മൂല്യത്തിനു മുകളിൽ എത്തിയിരിക്കുകയാണ്.

ഐബിസി വഴി ഭൂഷൻ സ്റ്റീലിന്‍റെ കാര്യത്തിൽ 63 ശതമാനം തിരിച്ചു പിടിക്കുവാൻ ബാങ്കുകൾക്കു കഴിഞ്ഞിട്ടുണ്ട്. ഇതേ നിരക്കു നിലനിർത്താൻ കഴിയുമോയെന്നതാണ് പ്രശ്നം. ഇനിയും ഐബിസിയുടെ മുന്പിൽ 1.69 ലക്ഷം കോടി രൂപയുടെ കേസുകൾ കൂടി കിടക്കുകയാണ്. ഭൂഷൻ സ്റ്റീലിനെപ്പോലെ ഇവയിൽ പലതിനും കോണ്‍ക്രീറ്റായ ആസ്തിയുണ്ടോയെന്നതും കണ്ടറിയേണ്ടിയിരിക്കുന്നു!

പൊതുമേഖല ബാങ്കുകളുടെ കിട്ടാക്കടത്തിൽ 80 ശതമാനവും വൻകിട കന്പനികൾക്കു നൽകിയിട്ടുള്ളതാണ്. ഇതു തിരിച്ചു പിടിക്കുക വളരെ പ്രയാസകരമാണെന്ന ചിത്രമാണ് നാലു വർഷത്തെ എഴുതിത്തള്ളലും തിരിച്ചുപിടിക്കലും നൽകുന്നത്. ഈടായി വച്ചിട്ടുള്ള ആസ്തി വിറ്റു തുക കണ്ടെത്തുക തന്നെ ബാങ്കുകളെ സംബന്ധിച്ചിടത്തോളം പ്രയാസകരമായ സംഗതിയായിരിക്കും.

സ്വകാര്യമേഖല ബാങ്കുകൾക്കും എൻപിഎ പ്രശ്നങ്ങളുണ്ട്. പക്ഷേ അവർ നിശ്ചിത ലെവലിൽ മുകളിൽപ്പോകാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുന്നു. രണ്ടു ശതമാനം എൻപിഎ ബാങ്കിംഗ് ബിസിനസിൽ സാധാരണമാണ്. അതു പൊതുമേഖല ബാങ്കുകളിലേതുപോലെ പത്തും പന്ത്രണ്ടും ശതമാനത്തിലേക്ക് ഉയരുന്പോഴാണ് പ്രശ്നങ്ങളാകുന്നത്.

വളരുന്ന സന്പദ്ഘടനയിൽ ബാങ്കുകളുടെ സ്ഥാനം വളരെ വലുതാണ്. മികച്ച ബാങ്കിംഗ് ഇല്ലെങ്കിൽ സന്പദ്ഘടനയുടെ വളർച്ചയുടെ വേഗം കുറയും. 2030-ഓടെ ഇന്ത്യൻ സന്പദ്ഘടനയുടെ വലുപ്പം ഇപ്പോഴത്തെ 2.4 ലക്ഷം കോടി ഡോളറിൽനിന്നു 7 ലക്ഷം കോടി ഡോളറായി വളരുമെന്നാണ് വിലയിരുത്തുന്നത്. ബാങ്കിംഗ് മേഖലയുടെ വളർച്ച എത്രയായിരിക്കുമെന്നു ഇതിൽനിന്നു ഉൗഹിക്കാവുന്നതേയുള്ളു.

രാജ്യത്തിന്‍റെ വളർച്ചയിൽ വരും വർഷങ്ങളിൽ പൊതുമേഖല ബാങ്കുകളുടെ പങ്ക് ഉറപ്പാക്കുവാനുള്ള നടപടികൾക്ക് ഗവണ്‍മെന്‍റ് മുൻകൈ എടുക്കേണ്ടിയിരിക്കുന്നു. മോദി ഗവണ്‍മെന്‍റ് അധികാരത്തിൽ എത്തിയപ്പോൾ സ്വയംഭരണമുൾപ്പെടെയുള്ള പരിഷ്കാരങ്ങൾ പ്രഖ്യാപിരുന്നുവെങ്കിലും പാപ്പർ നിയമം ഒഴികെ ഒന്നും സംഭവിച്ചില്ല. പുതിയ നിയമമെന്ന നിലയിൽ വളരെയധികം തിരുത്തലുകൾക്കും മാറ്റങ്ങൾക്കും വിധേയമാകാനുള്ളതാണ്. വർക്ക് ഇൻ പ്രോഗ്രസ്’ എന്നാണ് ഈ നിയമത്തെ ഗവണ്‍മെന്‍റ് തന്നെ വിശേഷിപ്പിച്ചിട്ടുള്ളത്. നിയമനം, ബാങ്ക് ബോർഡ് ബ്യൂറോ, ശാക്തീകരണം, മൂലധനവത്കരണം, സ്വയംഭരണം, ഉത്തരവാദിത്വ ചട്ടക്കൂട് തുടങ്ങിയ പലതും സർക്കാർ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അതൊന്നും ഒരിടത്തുമെത്തിയിട്ടില്ല.

കിട്ടാക്കടം: സ്വകാര്യ ബാങ്കുകളും വിയർക്കുന്നു

രാജ്യത്തെ ബാങ്കുകളിൽനിന്നുള്ള ഏറ്റവും വലിയ വാർത്തയിപ്പോൾ കിട്ടാക്കടങ്ങളാണ്. പ്രത്യേകിച്ചും പൊതുമേഖല ബാങ്കുകളിൽനിന്നുള്ള വാർത്തകൾ. മൂലധനം മെച്ചപ്പെടുത്താൻ ഗവണ്‍മെന്‍റ് നൽകിയ തുകയെല്ലാം കിട്ടാക്കടത്തിനുവേണ്ടി വകയിരുത്തൽ നടത്തേണ്ട സ്ഥിതിയിലാണ് പല പൊതുമേഖല ബാങ്കുകളും. പൊതുമേഖല ബാങ്കുകൾ മാത്രമല്ല, സ്വകാര്യ ബാങ്കുകളും ഇപ്പോൾ കിട്ടാക്കടത്തിന്‍റെ ഉയർച്ചയിൽ കണ്ണുതള്ളുകയാണ്. നാലു വർഷത്തിനുള്ളിൽ സ്വകാര്യ ബാങ്കുകളുടെ കിട്ടാക്കടത്തിലുണ്ടായ വർധന 450 ശതമാനത്തോളമാണ്. അതായത് 2013-14-ലെ 19800 കോടി രൂപയിൽനിന്ന് 2017-18-ൽ 109076 കോടി രൂപയിലേക്ക് ഉയർന്നിരിക്കുയാണ്.

ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, കോട്ടക് മഹീന്ദ്ര, ഡിസിബി, ഫെഡറൽ ബാങ്ക്, യെസ് ബാങ്ക്, ഇൻഡസ് ഇൻഡ്, ആർബിഎൽ, എയു സ്മോൾ ഫിനാൻസ് തുടങ്ങിയവയുടെയെല്ലാം കിട്ടാക്കടം വർധിക്കുകയായിരുന്നു. ഐസിഐസിഐ ബാങ്കിന്‍റെ കിട്ടാക്കടം 2013-14-ൽ 10506 കോടി യായിരുന്നത് 2017-18-ൽ 54-63 കോടി രൂപയായി ഉയർന്നു. അതേപോലെ ആക്സിസ് ബാങ്കിന്‍റേത് 3146 കോടി രൂപയിൽനന്ന് 34249 കോടി രൂപയായി.

തലവന്മാരില്ലാതെ പൊതുമേഖല ബാങ്കുകൾ

പണ്ടേ ദുർബല, ഇപ്പോൾ ഗർഭിണി എന്ന നിലയാണ് പല പൊതുമേഖല ബാങ്കുകളുടേയും സ്ഥിതി. പൊതുമേഖല ബാങ്കുകൾ എല്ലാം തന്നെ കിട്ടാക്കടത്തിൽ വലയുക മാത്രമല്ല, സമീപകാലത്തെ ഏറ്റവും ഉയർന്ന നഷ്ടം കാണിക്കുകയും ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തിലും തലവന്മാരില്ലാതെ ദിശയറിയാതെ നീങ്ങുന്ന 12 ബാങ്കുകളുമുണ്ട്.

ദേനാബാങ്ക്, ആന്ധ്രാ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവ വർഷാദ്യം മുതൽ തലവന്മാരില്ലാതെ നീങ്ങുകയാണ്. അലഹബാദ് ബാങ്കിന്‍റെ സിഇഒയുടെ അധികാരം എടുത്തു കളഞ്ഞിരിക്കുകയാണ്. ബാങ്ക് ഓഫ് ബറോഡ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ സിഇഒമാർ കാലാവധി പൂർത്തിയാക്കിയിരിക്കുകയാണ്. കനറാ ബാങ്ക്, ഇന്ത്യൻ ബാങ്ക്, സിൻഡിക്കറ്റ് ബാങ്ക്, യുബിഐ, യുകോ ബാങ്ക് എന്നീ ബാങ്കുകളുടെ തലവന്മാരുടെ കാലാവധി അവസാനിച്ചിരിക്കുകയാണ്. ഇവയിലെല്ലാം നിയമനം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുയാണ്.