പരമ്പരാഗത സ്റ്റൈലില്‍ ടെമ്പിള്‍ ആര്‍ട്ട് മാലകള്‍
മുമ്പൊക്കെ ടെമ്പിള്‍ ജ്വല്ലറി അണിയാന്‍ നമ്മുടെ പെണ്‍കുട്ടികള്‍ക്കു മടിയായിരുന്നു. ഹൊ! രാജാക്കന്മാരും രാജ്ഞികളും അണിഞ്ഞിരുന്ന ടെമ്പിള്‍ ജ്വല്ലറി ഇട്ട് കാമ്പസില്‍ എത്തിയാല്‍ ഇവരെന്താ കഥകളിക്കു പോകുന്നോയെന്ന് ചോദിക്കാന്‍ ആളുണ്ടാകുമെന്ന പഴഞ്ചന്‍ സങ്കല്‍പത്തില്‍ നിന്ന് ഗാല്‍സ് ഏറെ ദൂരം പോയിരിക്കുന്നു. ഇന്ന് അവരുടെ ജ്വവല്‍ ബോക്‌സില്‍ ടെമ്പിള്‍ ജ്വല്ലറിയില്‍പ്പെട്ട ഒരു ആഭരണമെങ്കിലും ഉണ്ടാകും. മാലകള്‍ തന്നെയാണു പലരുടെയും ഫേവറിറ്റ്. മാങ്ങാ മാല, ചാരുലത മാല, ജിമുക്കി മാല... എന്നിങ്ങനെ പോകുന്നു ടെമ്പിള്‍ ജ്വല്ലറി ആഭരണങ്ങള്‍.

സ്റ്റോണ്‍ വര്‍ക്കു ചെയ്ത ലാച്ച, ഫങ്ഷന്‍വെയര്‍ ചുരിദാര്‍, കേരളസാരി, പട്ടുസാരി എന്നീ വസ്ത്രങ്ങള്‍ക്കൊപ്പം ടെമ്പിള്‍ ജ്വല്ലറി അണിഞ്ഞാല്‍ സൂപ്പര്‍ലുക്കാണ്. വിഗ്രഹങ്ങളില്‍ അണിഞ്ഞിരിക്കുന്ന ആഭരണങ്ങളോടു സമാനമായതാണ് ഇവ. നാഗര്‍കോവിലിലെ പാരമ്പര്യ കലാകാരന്മാര്‍ വെള്ളിയില്‍ സ്വര്‍ണം മുക്കിയാണ് ആഭരണങ്ങള്‍ നിര്‍മിക്കുന്നത്. ഇതില്‍ പച്ച, ചുവപ്പ്, വെള്ള നിറങ്ങളിലുള്ള കല്ലുകള്‍ വച്ചു പിടിപ്പിക്കുന്നു. ഈ കല്ലുകള്‍ക്ക് നിറം നഷ്ടമാകില്ലെന്ന പ്രത്യേകതയുമുണ്ട്. ആഭരണങ്ങള്‍ അല്‍പം കൂടി ആകര്‍ഷകമാക്കണമെങ്കില്‍ പേളുകളും വച്ചു പിടിപ്പിക്കാം. പോളിഷ് ചെയ്യാത്ത അണ്‍ക് സ്റ്റോണുകളാണ് ആഭരണ നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. തമിഴ് ബ്രാഹ്മണ പെണ്‍കുികള്‍ വിവാഹാവസരങ്ങളില്‍ ടെമ്പിള്‍ ജ്വല്ലറി അണിയാറുണ്ട്.


സീമ