മാറുന്ന ധനകാര്യ സങ്കൽപ്പങ്ങൾ
മാറുന്ന ധനകാര്യ   സങ്കൽപ്പങ്ങൾ
Wednesday, February 19, 2020 5:14 PM IST
നാം പുതിയൊരു വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. 2020-ലേക്ക്. പക്ഷേ 2020-ന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പുതിയൊരു ദശകത്തിന്‍റെ തുടക്കവും കൂടിയാണ്. ഈ നൂറ്റാണ്ടിൽ ജനിച്ചവർ വരുമാനമുണ്ടാക്കിത്തുടങ്ങുന്ന ദശകം കൂടിയാണ്.

ലോകത്ത് കാര്യങ്ങളിൽ മാറ്റം വരുവാൻ ഒരു ദശകം പോലും വേണ്ട എന്ന സ്ഥിതിയാണ്. നിരവധി മാറ്റങ്ങൾ ഈ വർഷത്തിലും ഈ ദശകത്തിലും നാം കാണുവാൻ പോവുകയാണ്. ഇതുകൊണ്ടുതന്നെ ധനകാര്യമേഖലയിലും മാറ്റം പ്രതീക്ഷിക്കാം. എന്തൊക്കെയാണ് ഈ ദശകത്തിൽ പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ. ആ മാറ്റങ്ങളെ നേരിടാൻ നാം എങ്ങനെ തയാറെടുക്കണം. പരിശോധിക്കുകയാണ് ഇവിടെ.

കറൻസി മാറുകയാണ്

പതിനായിരക്കണക്കിനു വർഷങ്ങൾക്കു മുന്പ് ചെറിയ ഗോത്രങ്ങളായി താമസിച്ചിരുന്ന കാലത്ത് ബാർട്ടർ (ചരക്കിനു പകരം ചരക്കു നൽകുന്ന സന്പ്രദായം) സംവിധാനത്തിലൂടെയാണ് സാന്പത്തിക പ്രവർത്തനങ്ങൾ നടത്തിപ്പോന്നിരുന്നത്. ചരക്കും സേവനവും ഇത്തരത്തിൽ കൈമാറ്റം നടത്തിപ്പോന്നിരുന്നു. ഉദാഹരണത്തിന് ഒരാൾ നൽകുന്ന അരിക്കു പകരം അയാളുടെ വീട്ടിൽ മരപ്പണികൾ ചെയ്തുകൊടുക്കുന്നു.

ഗോത്രത്തിൽനിന്നു രാജ്യങ്ങളിലേക്കും രാജവാഴ്ചയിലേക്കും വളർന്നപ്പോൾ ആ രാജ്യങ്ങളിലെ രാജാക്കന്മാരുടെ നാണയങ്ങൾ കൈമാറ്റത്തിന് ഉപയോഗിച്ചു തുടങ്ങി. നിരവധി ആയിരം വർഷങ്ങൾ ഇത്തരത്തിൽ സാന്പത്തിക പ്രവർത്തനത്തിന് നാണയങ്ങൾ ഉപയോഗിച്ചു പോന്നു. സ്വർണം, വെള്ളി, ചെന്പ് തുടങ്ങി പല ലോഹങ്ങൾകൊണ്ടുള്ള നാണയങ്ങൾ ഈ കാലയളവിൽ സൃഷ്ടിക്കപ്പെട്ടു.

പതിനെട്ടാം നൂറ്റാണ്ടിൽ വ്യവസായ വിപ്ലവം ഉണ്ടായതോടെ രാജവാഴ്ചയ്ക്കു ഇളക്കംതട്ടിത്തുടങ്ങി. ജനാധിപത്യരാജ്യങ്ങൾ രൂപംകൊണ്ടുതുടങ്ങി. നാണയങ്ങളുടെ സ്ഥാനത്ത് പേപ്പർ കറൻസികൾ നിലവിൽ വന്നു. ഓരോ രാജ്യങ്ങളും സ്വന്തമായി കറൻസികൾ അച്ചടിച്ചുപോന്നു. ഇന്ത്യയ്ക്കു രൂപ, യുഎസിന് ഡോളർ, ജപ്പാന് യെൻ, യുകെയ്ക്ക് പൗണ്ട് ഇങ്ങനെ പോകുന്നു കറൻസികൾ.

പക്ഷേ ഇന്ന് ലോകം വീണ്ടും ചുരുങ്ങിയിരിക്കുകയാണ്. ഈ ചുരുക്കത്തിന്‍റെ വേഗം വർഷം കഴിയുന്തോറും വർധിക്കുകയുമാണ്. നാലു ദിവസത്തെ ഹോങ്കോംഗ് ട്രിപ്പ് നടത്തുകയും മടങ്ങി വരുന്നതും അയൽക്കാരൻ അറിയുകയേയില്ല. അത് അത്രയ്ക്കു സാധാരണമായിരിക്കുന്നു.
ചുരുക്കിപ്പറഞ്ഞാൽ ലോകം ഇന്നൊരു വ്യാപാര കേന്ദ്രമായിരിക്കുകയാണ്. ഗോത്രങ്ങളും രാജവാഴ്ചയും രാജ്യങ്ങളും അപ്രസക്തമാകുകയാണ്. ലോകമെന്ന ബിസിനസ് സ്ഥലത്തെ കറൻസിയാണ് ഡിജിറ്റൽ എന്നത്. ഈ പുതിയ ദശകം അവസാനിക്കുന്നതോടെ ഡിജിറ്റൽ ലോകത്തിന്‍റെ കറൻസിയായി മാറാനുള്ള സാധ്യതയേറെയാണ്. അക്ഷരാർത്ഥത്തിൽതന്നെ കാഷ് ആവിയായിപ്പോകും. പല രാജ്യങ്ങളുമായി ബന്ധപ്പെടണമെങ്കിൽ ഡിജിറ്റൽ ആകേണ്ട സ്ഥിതിയും വിദൂരത്തല്ല.

കുടുംബഘടന ചെറുതാകുന്നു

എന്‍റെ മുത്തച്ഛന് ആറായിരുന്നു മക്കൾ. എന്‍റെ അച്ഛന് രണ്ടാണ് കുട്ടികൾ. എനിക്ക് ഒരു കുട്ടിയും. കൂടുംബത്തിന്‍റെ വലുപ്പം കുറയുകയാണ്. യുവജനങ്ങൾ താമസിച്ചു കല്യാണം കഴിക്കാൻ ഇഷ്ടപ്പെടുകയുമാണ്. മാത്രവുമല്ല, ഇവരിൽ മിക്കവരും ഒന്ന് അല്ലെങ്കിൽ രണ്ട് കുഞ്ഞുങ്ങളിൽ കൂടുതൽ ആഗ്രഹിക്കുന്നുമില്ല. മിക്കവരും ഒരു കുഞ്ഞിനെ മാത്രമാണ് ആഗ്രഹിക്കുന്നത്. ഈ ദിശാമാറ്റം നഗരങ്ങളിൽ വളരെ പ്രത്യക്ഷമായിട്ടുണ്ട്. വലിയൊരു കുടുംബത്തിനു കഴിയാൻ സാധിക്കാത്ത വിധം ജീവിതച്ചെലവും ജീവിത നിലവാരവും ഉയർന്നതാണ് ഈ മനംമാറ്റത്തിന്‍റെ പ്രധാന കാരണം. മിക്കവരും ചെറിയ കുടുംബമാണ് ആഗ്രഹിക്കുന്നത്.

എന്‍റെ മുത്തച്ഛന്‍റെ കുട്ടികൾ, മുതിർന്നപ്പോൾ താമസിക്കാൻ സ്വന്തം വീട് വാങ്ങി. ഈ ആവശ്യത്തിനായ നിക്ഷേപവും നടത്തി. എന്നാൽ എന്‍റെ കാര്യം വന്നപ്പോൾ അച്ഛനിൽനിന്നു വീടു പാരന്പര്യമായി ലഭിച്ചു.

അതുകൊണ്ടുതന്നെ വീട് എന്നത് എന്‍റെ മുൻഗണനയായിരുന്നില്ല. എന്‍റെ മകൾ മുതിർന്ന വിവാഹം കഴിയുന്പോൾ എന്‍റെ ഭാഗത്തുനിന്നും അവളുടെ ഭർതൃവീട്ടിൽനിന്നും വീടു ലഭിക്കും. ഇത്തരത്തിൽ രണ്ടോ മൂന്നോ അവളുടെ കൈവശം വന്നു ചേരും. തീർച്ചയായും മറ്റൊരു വീടിനായി അവൾ നിക്ഷേപം നടത്തുകയില്ല.

റിയൽ എസ്റ്റേറ്റിന്‍റെ വലുപ്പം കുറയുന്നു

മുകളിൽ പറഞ്ഞ സിദ്ധാന്തത്തെ ഒന്നു കൂടി വികസിപ്പിച്ചു നോക്കാം. എന്‍റെ മുത്തച്ഛന് ഹവേലിയിൽ ഏക്കറു കണക്കിനു സ്ഥലമുണ്ടായിരുന്നു. എന്നാൽ എന്‍റെ അച്ഛന് ഒരു ബംഗ്ലാവും ചതുരശ്രയാർഡ് സ്ഥലത്താണ് താമസിക്കുന്നത്. ഞാനാകട്ടെ ചതുരശ്രയടിയിലാണ് താമസം. അതും നിലകളുള്ള ഫ്ളാറ്റിൽ. ചുരുക്കത്തിൽ ഭൂമിയുടെ ഉപഭോഗം കുറയുകയാണ്. കൂടുതലായി ഭൂമി ഉണ്ടാകുന്നില്ല എന്നതിനാൽ ആകാശത്തേക്ക് അതിരുകളില്ലാതെ വീടുകൾ വളരുകയാണ്.

ചെറിയ വിസ്തീർണത്തിൽ വൻ കെട്ടിടങ്ങൾ നിർമിക്കാൻ സഹായിക്കുന്ന തരത്തിലുള്ള സാങ്കേതിക വിദ്യകളും ഡിസൈൻ സങ്കേതങ്ങളും ധാരാളമായി സൃഷ്ടിക്കപ്പെടുന്നുണ്ട്.

നികുതി വെട്ടിപ്പ് പ്രയാസകരമാകും

സാങ്കേതിക വിദ്യയുടെ വളർച്ച ധനകാര്യ മേഖലയെ ദിവസം ചെല്ലുന്തോറും സുതാര്യവും ശുദ്ധവുമാക്കി മാറ്റുകയാണ്. അതുകൊണ്ടുതന്നെ ഭൗതികാസ്തിയിൽ എത്തിച്ചേരുന്ന കാഷിന്‍റെ സൃഷ്ടി ഗണ്യമായി ഭാവിയിൽ കുറയാനാണ് സാധ്യത.

സന്പാദ്യം ധനകാര്യ ഉപകരണങ്ങളിലാകും

മറ്റേതൊരു ആസ്തിയേക്കാളും ധനകാര്യ ആസ്തികളോടുള്ള ആളുകളുടെ പ്രിയം കഴിഞ്ഞ രണ്ടുവർഷമായി വർധിച്ചുവരികയാണ്. ഈ ട്രെൻഡ് വരും വർഷങ്ങളിൽ കൂടുതൽ ശക്തമാകാനാണ് സാധ്യത. ധനകാര്യ ആസ്തികൾ കൈകാര്യ ചെയ്യാനുള്ള എളുപ്പം, സൗകര്യം, പെട്ടെന്നു പണമാക്കി മറ്റാൻ കഴിയുന്നത്, റിട്ടേണ്‍ തുടങ്ങിയവയെല്ലാം ഇതിനു കാരണമാണ്.
ഇതിനു പുറമേ സർക്കാരും ധനകാര്യ ആസ്തികളെ പ്രോത്സാഹിപ്പിക്കുന്ന നപടികളാണ് സ്വീകരിക്കുന്നത്. മാത്രവുമല്ല എല്ലാത്തരം ആളുകൾക്കും തെരഞ്ഞെടുക്കാവുന്ന വിധത്തിൽ വളരെ വൈവിധ്യമാർന്ന ധനകാര്യ ആസ്തികളും ലഭ്യമാണ്. മ്യൂച്വൽ ഫണ്ട്, എൻപിഎസ്, ഇടിഎഫ്, പിഎംഎസ്, ബാങ്ക് ഡിപ്പോസിറ്റ്, പിപിഎഫ്, ഗോൾഡ് ബോണ്ട്, ഗവണ്‍മെന്‍റ് ബോണ്ടുകൾ, ഓഹരി തുടങ്ങിയവ ഇവയിൽ ഉൾപ്പെടുന്നു. ഇവയിൽത്തന്നെ വപിണിയുമായി ബന്ധപ്പെട്ടുള്ളവയും അല്ലാത്തവയുമുണ്ട്. ഉയർന്ന റിട്ടേണ്‍ ലക്ഷ്യമിടുന്നവർ വിപണിയുമായി ബന്ധപ്പെട്ട ധനകാര്യ ആസ്തികൾ തെരഞ്ഞെടുക്കുകയും ചെയ്യുന്നു.

കുമിളയാകുന്ന വാടക വരുമാനം

ഗാരന്‍റി റിട്ടേണ്‍ കിട്ടുന്ന ആസ്തികളിലാണ് ഇന്ത്യക്കാരിൽ ബഹുഭൂരിപക്ഷവും നിക്ഷേപം നടത്തുന്നത്. നടത്താൻ ആഗ്രഹിക്കുന്നതും. പിപിഎഫ്, ബാങ്ക് ഡിപ്പോസിറ്റ്, ബോണ്ടുകൾ തുടങ്ങി ഇത്തരത്തിലുള്ള നിരവധി ഉപകരണങ്ങൾ വിപണിയിലുണ്ടുതാനും.
വാടക വരുമാനത്തെ ഗാരന്‍റീഡ് റിട്ടേണ്‍ ആയി പല ഇന്ത്യക്കാരും കാണുന്നു. അതിനായി നിക്ഷേപം നടത്തുകയും ചെയ്യുന്നു. ഗാർഹിക മേഖലയിൽ വാടക കുറയുന്പോൾ വാണിജ്യാടിസ്ഥാനത്തിലുള്ള കെട്ടിടങ്ങളിൽ നിക്ഷേപം നടത്തുന്നവരുടെ എണ്ണം കൂടുന്നുണ്ട്. ഇത് വാണിജ്യ കെട്ടിടങ്ങളുടെ ലഭ്യത വർധിപ്പിക്കും. ഇതിനൊപ്പം ആവശ്യം വർധിക്കാനുള്ള സാധ്യത കാണുന്നില്ല. ഈ അധിക ലഭ്യത വാടക കുറയുന്നതിലേക്കു നയിക്കുമെന്നാണ് എന്‍റെ വിശ്വാസം. ഇതു പല ഉടമകളേയും പ്രശ്നത്തിലാക്കുകയും വിൽക്കാൻ കഴിയാത്ത പ്രോപ്പർട്ടികളുടെ ഉടമകളാക്കി മാറ്റുകയും ചെയ്യുമെന്നാണ് എന്‍റെ വിലയിരുത്തൽ.
വായ്പ എടുത്ത് ഇത്തരം വാണിജ്യ കെട്ടിടങ്ങൾ നിർമിക്കുന്നവരാണ് ഈ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ പ്രശ്നത്തിലാകുക. വാടക താഴേയ്ക്കു പോകുന്പോൾ ഇഎംഐ അവരെ മുറിവേൽപ്പിച്ചു തുടങ്ങും.

റിട്ടേണ്‍ ഉയർന്നതാവില്ല

ഇന്ത്യ വികസ്വര രാജ്യത്തിൽനിന്നും വികസിത രാജ്യത്തിലേക്കുള്ള പരിണാമത്തിലാണ്. പണപ്പെരുപ്പം പതിയെ താഴുകയാണ്. അതിനനുസരിച്ച് പലിശയും. കുറഞ്ഞ പലിശ സംവിധാനത്തിൽ ഉയർന്ന റിട്ടേണ്‍ കിട്ടാനുള്ള സാധ്യതയും കുറയുന്നു.

നിക്ഷേപത്തിന് ഉയർന്ന റിട്ടേണ്‍ ലഭിക്കുന്നതുകൊണ്ട് സന്പത്ത് സൃഷ്ടിക്കപ്പെടണമെന്നില്ല. കൂടുതൽ സന്പാദ്യമാണ് സന്പത്ത് സൃഷ്ടിക്കുന്നത്. അതേസമയം കുറഞ്ഞ റിട്ടേണ്‍, കുറഞ്ഞ പണപ്പെരുപ്പവുമായി താരതമ്യപ്പെടുത്തുന്പോൾ മോശമായി കരുതേണ്ടതുമില്ല.

പ്രധാന കാര്യം ഇത്

2010-ലേക്ക് അല്ല, 2030-ലേക്കാണ് നാം യാത്ര ചെയ്യുന്നതെന്നതാണ് പ്രധാന കാര്യം. അതിനാൽ മാറ്റങ്ങൾ അനിവാര്യമാണ്. ആ മാറ്റങ്ങൾ ഉൾക്കൊണ്ട് വിജയിയായി മാറുകയെന്നതാണ് നമുക്കു മുന്നിലുള്ളത്.

പ്രചോദിത എഴുത്തുകാരനായ വില്യം ആർതർ വാർഡിന്‍റെ ഒരു വാചകം ഇവിടെ ഉദ്ധരിക്കുകയാണ്: അശുഭദർശി കാറ്റിനെക്കുറിച്ചു പരാതി പറഞ്ഞുകൊണ്ടിരിക്കും; ശുഭാപ്ത വിശ്വാസി ഇതു മാറുമെന്നു പ്രതീക്ഷിക്കുന്നു; പ്രായോഗികവാദി കപ്പൽപ്പായിൽ ക്രമീകരണം വരുത്തുന്നു.

(ജയപ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന വെൽത്ത് മാനേജ്മെന്‍റ് സ്ഥാപനമായ എസ്എൽഎ ഫിനാൻഷ്യൽ സൊലൂഷൻസിന്‍റെ സ്ഥാപകൻ ആശിഷ് മൊഡാനി ഇക്കണോമിക് ടൈംസിൽ എഴുതിയ ലേഖനത്തിന്‍റെ പ്രസക്ത ഭാഗങ്ങളാണ് ഈ ലേഖനത്തിൽ നൽകിയിട്ടുള്ളത്.)

ആശിഷ് മൊഡാനി