പാലക്കാട്: നെല്ലുസംഭരണം വൈകുന്നതു ഉൾപ്പെടെയുള്ള കർഷക പ്രശ്നങ്ങൾ ഉയർത്തി പാലക്കാട്ട് യുഡിഎഫ്, എന്‍ഡിഎ സ്ഥാനാർഥികളുടെ പ്രചാരണം.
ഇന്നലെ രാവിലെ 7.30ന് യുഡിഎഫിന്റെ നേതൃത്വത്തിൽ കണ്ണാടിയിൽ നിന്നാരംഭിച്ച കർഷകരക്ഷാ ട്രാക്ടർ മാർച്ച് മുൻ കെപിസിസി പ്രസിഡന്റ് കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു.
നെല്ലിന്റെ സംഭരണം പാളിയതടക്കം കർഷകരുടെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. രാവിലെ 10.30ന് ബിജെപിയുടെ നേതൃത്വത്തിലും കർഷക വിഷയങ്ങൾ ഉന്നയിച്ചുള്ള ട്രാക്ടർ മാർച്ച് നടത്തി. കണ്ണാടി പാത്തിക്കലിൽ നിന്നാരംഭിച്ച മാർച്ച് നടൻ കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു.
ജനകീയ വിഷയങ്ങൾ ഉയർത്താൻ ആദ്യമേ ശ്രമിക്കുന്നുണ്ടെങ്കിലും ബോധപൂർവം വിവാദമുണ്ടാക്കാനായിരുന്നു സിപിഎമ്മിന്റെ താൽപര്യമെന്നു യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തില്‍ മാർച്ചിനിടെ കുറ്റപ്പെടുത്തി. നെൽ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സമഗ്ര കാർഷിക പാക്കേജ് പ്രഖ്യാപിക്കണമെന്നു ട്രാക്ടർ റാലി ഫ്ളാഗ് ഓഫ് ചെയ്ത കെ. മുരളീധരൻ ആവശ്യപ്പെട്ടു. എംപിമാരായ ഷാഫി പറമ്പിൽ, വി.കെ. ശ്രീകണ്ഠൻ എന്നിവരും കർഷക കോൺഗ്രസ് സംഘടിപ്പിച്ച ട്രാക്ടർ റാലിയിൽ പങ്കെടുത്തു. 120 ട്രാക്ടറുകൾ കർഷക മാർച്ചിൽ പങ്കെടുത്തു. കണ്ണാടി, മാത്തൂർ, പിരായിരി പഞ്ചായത്തുകളുടെ കടന്നുപോയ മാർച്ച് കൊടുന്തിരപ്പുള്ളിയിൽ സമാപിച്ചു.
കാർഷിക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഇഖ്ബാൽ, എഐസിസി ജനറൽ സെക്രട്ടറി പി.വി. മോഹൻ, ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ, നേതാക്കളായ അബ്ദുൽ മുത്തലിബ്, ബാബുരാജ്, പി. ബാലഗോപാൽ, പി.വി. രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
കണ്ണാടി പാത്തിക്കലില്‍ നിന്നാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ ട്രാക്ടര്‍ റാലി തുടങ്ങിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനും യാത്രയുടെ ഭാഗമായി. ട്രാക്ടർ റാലി പിരായിരി അയ്യപ്പന്‍ക്കാവില്‍ സമാപിച്ചു.
എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍, ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, സംസ്ഥാന ട്രഷറര്‍ അഡ്വ.ഇ. കൃഷ്ണദാസ്, സംസ്ഥാന വക്താവ് അഡ്വ.ടി.പി. സിന്ധുമോള്‍, ശങ്കു ടി. ദാസ്, ബിജെപി ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ്, കര്‍ഷകമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ഷാജി രാഘവന്, വൈസ് പ്രസിഡന്റ് എം.വി. രാമചന്ദ്രന്, ജില്ലാ അധ്യക്ഷന്‍ കെ. വേണു, ജില്ലാ ജനറൽ സെക്രട്ടറിമാരായ ആര്. രമേശ്, കെ.സി. സുരേഷ്, മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സിനി മനോജ്, ഭാരവാഹികളായ എസ്. ചന്ദ്രശേഖരന്, എ. പ്രഭാകരന് തുടങ്ങിയവർ പങ്കെടുത്തു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. സരിന് പാലക്കാട് നഗരസഭാപരിധി കേന്ദ്രീകരിച്ചുള്ള പ്രചരണ പരിപാടികളിലാണ് പങ്കെടുത്തത്.