പാലക്കാട്: കേരളത്തിലെ ഉത്സവ- പെരുന്നാൾ ആഘോഷങ്ങളിലെ പരമ്പരാഗത വെടിക്കെട്ടും ആന എഴുന്നള്ളിപ്പും സംരക്ഷിക്കണമെന്നു വി.കെ. ഗ്രീകണ്ഠൻ എംപി ആവശ്യപ്പെട്ടു. കേരള ഫെസ്റ്റിവൽ കോ - ഓർഡിനേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽനടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ ഉത്സവാഘോഷ കമ്മിറ്റികളും പെരുന്നാൾ കമ്മിറ്റികളും പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തു.
പരമ്പരാഗത വെടിക്കെട്ടുകൾ സംരക്ഷിക്കാൻ നിയമഭേദഗതികൾ കൊണ്ടുവരിക, നിർദിഷ്ട ഫയർപാർക്ക് ഉടൻ ആരംഭിക്കുക, പെസോ നിയമത്തിൽ പരമ്പരാഗത വെടിക്കെട്ടുകൾ നിലനിർത്തുന്നതിനാവശ്യമായ ഇളവുകൾ അനുവദിക്കുക, വെടിക്കെട്ടുപുര സ്ഥാപിക്കുന്നതിനു തണ്ണീർതട നിയമത്തിൽ ള്ളവുകൾ അനുവദിക്കുക. ആനഎഴുന്നള്ളിപ്പുകൾ സംരക്ഷിക്കുക, 2012 ലെ നാട്ടാന പരിപാലന ചട്ടം നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സംഗമം.
ജില്ലാ പ്രസിഡന്റ് ശിവദാസ് ഒറ്റപ്പാലം അധ്യക്ഷത വഹിച്ചു. മനിശ്ശേരി കിളിക്കാവ് ട്രസ്റ്റ് വൈസ് പ്രസിഡന്റ് എൻ. കൃഷ്ണൻകുട്ടിനായർ, സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്. രവീന്ദ്രനാഥ്, വത്സൻ ചമ്പക്കര, ഫെസ്റ്റിവൽ കോ-ഓർഡിനേഷൻ കമ്മിറ്റി ജില്ലാ ഭാരവാഹികളായ എൻ. സോമൻ, സി. ബാലഗോപാൽ, ഹരിദാസ് മച്ചിങ്ങൽ, ഡോ. പൊന്നു മണി, ജില്ലയിലെ വിവിധ ക്ഷേത്രത്തിലെ ഭാരവാഹികളായ അച്ചുതൻ കൊന്നഞ്ചേരിക്കാവ്, അച്ചുതൻകുട്ടി കൊറ്റാൻകുളങ്ങര, ഗിരീഷ് കാട്ടുശ്ശേരി, കരുണാകരൻ ചിനക്കത്തൂർകാവ്, ഭാസ്ക്കരൻ വായില്യംകുന്ന്, മധു മണ്ണാർക്കാട്, രാമൻ ചിനക്കത്തൂർ എന്നിവർ പ്രസംഗിച്ചു.