മാ​ലി​ന്യ​മാ​ണോ പ്ര​ശ്നം, ഇപ്പോ ശര്യാക്കിത്തരാ..
Sunday, November 3, 2024 4:18 AM IST
കു​മ​ളി: മാ​ലി​ന്യം എ​വി​ടെ​യും വ​ലി​യ വെ​ല്ലു​വി​ളി​ക​ളു​യ​ർ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​ത്തി​നു​ള്ള വ​ഴി​ക​ൾ നി​ർ​ദേ​ശി​ക്കു​ക​യാ​ണ് ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ്എ​സി​ലെ റി​യാ സ​ലീ​ഷും അ​ൽ​ഫോ​ൻ​സ് ജെ.​ പ​റ​യി​ട​വും. മാ​ലി​ന്യം നീ​ക്കു​ക മാ​ത്ര​മ​ല്ല അ​തി​ൽ മ​നു​ഷ്യ​ർ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യ വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന വി​ദ്യ​യും ഇ​വ​ർ ത​ങ്ങ​ൾ ത​യാ​റാ​ക്കി​യ സ്റ്റി​ൽ മോ​ഡ​ലി​ലൂ​ടെ വ​ര​ച്ചു കാ​ട്ടു​ന്നു.

വീ​ടു​ക​ൾ, ടൗ​ണു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽനി​ന്നു​ള്ള​തി​നു പു​റ​മേ ശു​ചി​മു​റി മാ​ലി​ന്യം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ സം​സ്ക​രി​ക്കാ​നു​ള്ള മാ​ർ​ഗ​മാ​ണ് ഇ​വ​ർ ജ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​തി​ലൂ​ടെ വെ​ള്ളം, ബ​യോ​ഗ്യാ​സ്, വൈ​ദ്യു​തി, ഗ്ലാ​സ്, ഫെ​ർ​ട്ടി​ലൈ​സ​ർ തു​ട​ങ്ങി വി​വി​ധോ​ദേശ്യ ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കാ​നും ക​ഴി​യും.

എ​ച്ച്എ​സ് വി​ഭാ​ഗം സ്റ്റി​ൽ മോ​ഡ​ലി​ൽ ഇ​വ​രു​ടെ മി​ക​ച്ച മാ​തൃ​ക ഒ​ന്നാംസ്ഥാ​നം നേ​ടു​ക​യും ചെ​യ്തു. റി​യ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യും അ​ൽ​ഫോ​ൻ​സ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​മാ​ണ്.