കടുത്തുരുത്തി: കാണക്കാരി റെയില്‍വേ ക്രോസില്‍ മേല്‍പാലം നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മേല്‍പാലം യാഥാര്‍ഥ്യമായാല്‍ കടുത്തുരുത്തി, കോതനല്ലൂര്‍, കുറുപ്പന്തറ, കുറവിലങ്ങാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍നിന്നു മെഡിക്കല്‍ കോളജിലേക്ക് വരുന്ന വാഹനങ്ങള്‍ റെയില്‍വേ ക്രോസില്‍ കാത്തുകിടക്കുന്നത് ഒഴിവാകും.
മേല്‍പാലം നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ജോര്‍ജ് മരങ്ങോലി കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യനു നിവേദനം നല്കി. തലയോലപ്പറമ്പ്, കടുത്തുരുത്തി, കുറവിലങ്ങാട്, കുറുപ്പന്തറ, കോതനല്ലൂര്‍ തുടങ്ങിയ മേഖലകളില്‍നിന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്താനുള്ള എളുപ്പമാര്‍ഗമാണ് കാണക്കാരി - അതിരമ്പുഴ റോഡ്. നാലു കിലോമീറ്ററോളം ദൂരം കുറവുണ്ടെന്നതിനാല്‍ നിരവധി വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്. കൂടാതെ ഏറ്റുമാനൂര്‍ ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുമാകും.
എന്നാല്‍, ട്രെയിനുകള്‍ കടന്നുപോകുന്ന സമയം റെയില്‍വേ ക്രോസ് അടച്ചിടുന്നത് യാത്രക്കാര്‍ക്ക് സമയനഷ്ടമുണ്ടാക്കുന്നു. ചില സമയങ്ങളില്‍ ഗേറ്റ് തകരാറിലാകുമ്പോഴാണ് വാഹനയാത്രക്കാര്‍ വെട്ടിലാകുന്നത്. റെയില്‍വേ ക്രോസ് അടച്ചിടുമ്പോള്‍ റോഡില്‍ റെയില്‍വേ ക്രോസിന് ഇരുവശവും വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെടും.
ഇതുവഴി ആംബുലന്‍സുകള്‍ അധികം വരാറില്ലെങ്കിലും വരുന്നവ കുരുക്കില്പ്പെടുന്ന സംഭവങ്ങളുണ്ടാകാറുണ്ടെന്നു പ്രദേശവാസിയും ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവുമായ ജോര്‍ജ് മരങ്ങോലി പറഞ്ഞു.
കുരുക്കില്പ്പെടുന്ന ആംബുലന്‍സുകള്‍ തിരികെ പോകേണ്ടി വരുമ്പോള്‍ ഏറെ സമയമാണ് നഷ്ടമാകുന്നത്. ഇതു രോഗിയുടെ ജീവന് അപകടപ്പെടാനുള്ള സാധ്യതയുമുണ്ടാക്കുന്നു. ഇവിടെ മേല്‍പ്പാലം നിര്‍മിക്കാനായാല്‍ കടുത്തുരുത്തി, തലയോലപ്പറമ്പ്, കുറവിലങ്ങാട്, കോതനല്ലൂര്‍, കുറുപ്പന്തറ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നെല്ലാം ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് അതിവേഗം കോട്ടയം മെഡിക്കല്‍ കോളജിലെത്താനാകും.
ഈ പ്രദേശങ്ങളില്‍ നിന്നും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി, മാന്നാനം, കോട്ടയം, കുമരകം തുടങ്ങിയ സ്ഥലങ്ങളിലേക്കു പോകുന്നവര്‍ക്കും മേല്‍പാലം ഉണ്ടാകുന്നത് ഗുണം ചെയ്യും.