പത്തനംതിട്ട: കെഎസ്യു നേതൃത്വത്തിൽ ഇന്നലെ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിലേക്കു നടത്തിയ മാർച്ചിനിടെ സംഘർഷം. പോലീസ് വലയം ഭേദിച്ച് പ്രവർത്തകർ പോസ്റ്റ് ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. നേതാക്കൾ ഇടപെട്ട് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കി.
നീറ്റ്, നെറ്റ് ചോദ്യങ്ങൾ ചോർന്നതിൽ പ്രതിഷേധിച്ചാണ് കെഎസ്യു മാർച്ച് നടത്തിയത്. രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ മോദി സർക്കാർ കച്ചവടം ചെയ്തതായി മാർച്ച് ഉദ്ഘാടനം ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറന്പിൽ പറഞ്ഞു.
രാജ്യത്തെ പ്രധാനപ്പെട്ട മത്സരപരീക്ഷകളുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും വിദ്യാർഥികളുടെ ഭാവിയെ ഇല്ലായ്മ ചെയ്യുന്ന പ്രവൃത്തികൾക്ക് നേതൃത്വം കൊടുത്ത മോദി സർക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിൾ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടിമാരായ നിതിൻ മണക്കാട്ടുമണ്ണിൽ, രാഹുൽ കൈതയ്ക്കൽ, സംസ്ഥാന കൺവീനർമാരായ തൗഫീക്ക് രാജൻ, ഫെന്നി നൈനാൻ, ലിനറ്റ് മെറിൻ, മുൻ ജില്ലാ പ്രസിഡന്റുമായ എ.സുരേഷ്കുമാർ, അൻസർ മുഹമ്മദ്,
സാമുവേൽ കിഴക്കുപുറം, ജില്ലാ ഭാരവാഹികളായ ബി.കെ. തഥാഗത്ത്, മുഹമ്മദ് സാദിഖ്, അനന്ത ഗോപൻ തോപ്പിൽ, ക്രിസ്റ്റോ വർഗീസ് മാത്യു, അസ്ലം കെ. അനൂപ്, മെബിൻ നിരവേൽ,റോഷൻ റോയി തോമസ്,ജോൺ കിഴക്കേതിൽ, എലൈൻ മറിയം മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.