കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്ത ബാധിതരോടുള്ള അവഗണനയിലും പുനരധിവാസ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ വരുത്തുന്ന വീഴ്ചകളിലും പ്രതിഷേധിച്ച് 19ന് ആഹ്വാനം ചെയ്ത ഹർത്താൽ വിജയിപ്പിക്കണമെന്ന് യുഡിഎഫ് നേതാക്കളായ കെ.കെ. അഹമ്മദ് ഹാജി, പി.ടി. ഗോപാലക്കുറുപ്പ്, ടി. സിദ്ദിഖ് എംഎൽഎ, ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, എൻ.ഡി. അപ്പച്ചൻ, എം.സി. സെബാസ്റ്റ്യൻ, ജോസഫ് കളപ്പുര, പി.കെ. ജയലക്ഷ്മി, പ്രവീണ് തങ്കപ്പൻ, ടി. ഹംസ, സലിം മേമന, പി.പി. ആലി, പടയൻ മുഹമ്മദ്, എൻ.കെ. വർഗീസ്, ഒ.വി. അപ്പച്ചൻ, എ. പ്രഭാകരൻ, എൻ.കെ. റഷീദ്, ബൈജു ഐസക് എന്നിവർ ജനങ്ങളോട് അഭ്യർഥിച്ചു.
ഉരുൾപൊട്ടൽ ഇരകളോട് കേന്ദ്ര സർക്കാർ മനുഷ്യത്വരഹിത നിലപാടാണ് സ്വീകരിക്കുന്നത്. കേരളം സഹായം ചോദിക്കുന്പോൾ 2024-25ലെ ദുരന്ത പ്രതികരണ നിധിയിലേക്ക് 388 കോടി രൂപ നൽകിയത് ഉൾപ്പെടെ കണക്കുകളാണ് കേന്ദ്ര സർക്കാർ പറയുന്നത്. എല്ലാ വർഷവും കേരളം ഉൾപ്പെടെ സംസ്ഥാനങ്ങൾക്ക് സമാന രീതിയിൽ ഫണ്ട് ലഭിക്കാറുണ്ട്. ഇത് ഓരോ സംസ്ഥാനത്തിന്റെയും അവകാശമാണ്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സംസ്ഥാന സർക്കാരും കേന്ദ്രത്തോട് ആവശ്യപ്പെടുന്നത് പ്രത്യേക സാന്പത്തിക സഹായമാണ്.
ഉരുൾദുരന്തം എൽ 3 കാറ്റഗറിയിൽ ഉൾപ്പെടുത്തിയാൽ ഈ സഹായം ലഭിക്കും. എസ്ഡിആർഎഫ്, സിഎംഡിആർഎഫ് എന്നിവ അപര്യാപ്തമാണെങ്കിൽ അന്തർദേശീയ ഏജൻസികളെ സമീപിക്കാനാകും. നല്ല രീതിയിൽ ദുരന്ത ബാധിതരുടെ പുനരധിവാസം ഉറപ്പുവരുത്താനാവും. എന്നാൽ കേന്ദ്ര സർക്കാർ ചെയ്യുകയുമില്ല, ചെയ്യാൻ സമ്മതിക്കുകയുമില്ല എന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇതിനെ നിസംഗതയോടെ നോക്കിക്കാണാൻ യുഡിഎഫിന് സാധിക്കില്ല.
ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയാണുണ്ടാകുന്നത്. പുനരധിവാസം വൈകുകയാണ്. ഭൂമി ഏറ്റെടുക്കൽ നിയമക്കുരുക്കിലാണ്.
കാണാതായവർക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ചത് അനുചിതമാണ്. ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളണമെന്ന ആവശ്യത്തിൽ നടപടി ഉണ്ടാകുന്നില്ല. ഹർത്താൽ ദിനത്തിൽ രാവിലെ 10ന് മാനന്തവാടി, ബത്തേരി, കൽപ്പറ്റ എന്നിവിടങ്ങളിൽ യുഡിഎഫ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തുമെന്നും നേതാക്കൾ പറഞ്ഞു.
സിപിഐ-എംഎൽ
കൽപ്പറ്റ: ജൂലൈ 30ന് വയനാട്ടിലുണ്ടായ രാജ്യത്തെ ആകെ ഞെട്ടിച്ച ദുരന്തത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞു ദേശീയ ദുരന്തമായി മുണ്ടക്കൈ, ചൂരൽമല ദുരന്തത്തെ പ്രഖ്യാപിക്കണമെന്നും അടിയന്തരമായി കേന്ദ്ര സഹായം ലഭ്യമാക്കണമെന്നും ജനങ്ങൾ ഒരേ ശബ്ദത്തിൽ ആവശ്യപ്പെട്ടതാണ്.
എന്നാൽ സംഘപരിവാർ താത്പര്യങ്ങൾക്ക് വിധേയപ്പെടാൻ വിസമ്മതിക്കുന്ന ജനങ്ങൾക്ക് നേരെയുള്ള പ്രതികാരമനോഭാവം മൂലം കേരളത്തിന് കേന്ദ്ര സഹായം നൽകില്ലെന്നും ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്നും അറിയിച്ച് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി കേരളത്തിന് കത്ത് നൽകിയിരിക്കയാണ്.
ദുരന്ത സഹായം കേന്ദ്ര സർക്കാരിന്റെ ഔദാര്യമല്ലെന്നും നികുതി ദായകരായ ഒരു സമൂഹത്തിന്റെ അവകാശമാണന്നും തിരിച്ചറിഞ്ഞ് ജനങ്ങൾക്ക് നേരെയുള്ള ഇത്തരം വെല്ലുവിളികളെ ചെറുക്കേണ്ടതുണ്ട്.ചെറുത്തു നിൽപ്പുകളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 19ന് നടക്കുന്ന ജില്ലാ ഹർത്താൽ വിജയിപ്പിക്കണമെന്നും സിപിഐ- എംഎൽ റെഡ് സ്റ്റാർ ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാരിന്റെ ഈ സമീപനം ദുരന്ത ബാധിതരോടുള്ള അവഗണന മാത്രമല്ല, കേരള ജനതയോടുള്ള വെല്ലുവിളി കൂടിയാണ്. മോഡി സർക്കാരിന്റെ കേരളത്തോടുള്ള അവഗണന നിരന്തരം ആവർത്തിച്ചു കൊണ്ടിരിക്കയാണ്.
2019നു മൂന്നാറിൽ 78 പേർ മരണമടഞ്ഞ പെട്ടിമുടി ദുരന്തത്തിൽ കേന്ദ്ര സർക്കാർ ദുരന്തബാധിതർക്ക് രണ്ട് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചിരുന്നെങ്കിലും അഞ്ച് വർഷങ്ങൾ പിന്നിട്ടിട്ടും ഒരു പൈസ പോലും നൽകാൻ ഇതുവരെയും തയാറായിട്ടില്ല.
ആർഎസ്എസ് നയിക്കുന്ന മോദി സർക്കാർ കേരള ജനതയോട് കാണിക്കുന്ന ഹീനമായ ഇത്തരം നടപടികൾക്കെതിരേ കേരള ജനത ശക്തമായി രംഗത്തിറങ്ങേണ്ടതുണ്ട്. അതോടൊപ്പം സംസ്ഥാനത്തിന് അവകാശപ്പെട്ട നികുതി വിഹിതം കൂടി കവർന്നെടുത്ത് കേരളത്തെ സാന്പത്തിക പ്രതിസന്ധിയിലാക്കിയ ജിഎസ്ടി അടക്കമുള്ള സാമ്രാജ്യത്വാനുകൂല തീവ്ര വലതുപക്ഷ നയങ്ങൾ നടപ്പാക്കുന്നതിൽ മോദി സർക്കാരിന് പിണറായി സർക്കാരിൽ നിന്നു ലഭിക്കുന്ന പിന്തുണയുടെകൂടി പിൻബലത്തിലാണ് കേന്ദ്രസർക്കാർ വൈരനിര്യാതന ബുദ്ധിയോടെ കേരള ജനതയെ വരിഞ്ഞു മുറുക്കാൻ ശ്രമിക്കുന്നതെന്ന വസ്തുതയും തിരിച്ചറിയണമെന്നും സിപിഐ- എംഎൽ റെഡ് സ്റ്റാർ ആവശ്യപ്പെട്ടു.