കൽപ്പറ്റ: വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി കാത്തലിക് റിലീഫ് സർവീസിന്റെ സാന്പത്തിക സഹായത്തോടെ ജില്ലയിലെ ദുരിതബാധിതർക്കുവേണ്ടി ജീവനോപാധി പദ്ധതികൾ നടപ്പാക്കി വരികയാണ്. പശു വളർത്തൽ, പോത്ത് വളർത്തൽ, ആട് വളർത്തൽ, കോഴി വളർത്തൽ, തയ്യൽ, കറി പൗഡർ നിർമാണ യൂണിറ്റ്, കരകൗശല നിർമാണ യൂണിറ്റ്, ഹോളോബ്രിക്സ് നിർമാണ യൂണിറ്റ്, കുമ്മട്ടികൾ, മണ്പാത്രം നിർമാണ യൂണിറ്റ്, കൂണ് കൃഷി എന്നിവയാണ് പ്രധാനമായും നടപ്പാക്കുന്ന പദ്ധതികൾ.
ഇതിൽ പോത്തുവളർത്തൽ, പശു വളർത്തൽ എന്നിവ നടപ്പാക്കുന്ന 45 കുടുംബങ്ങൾക്ക് വേണ്ടിയുള്ള പരിശീലന പരിപാടി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ ഉദ്ഘാടനം ചെയ്തു.
മാനന്തവാടി വെറ്ററിനറി ആശുപത്രി സർജൻ ഡോ. ഫഹ്മിദാ ആഷർ ക്ലാസെടുത്തു.
പങ്കെടുത്തവർക്കുള്ള സംശയ നിവാരണം ഡോക്ടർ നൽകി. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ പി.എ. ജോസ് പദ്ധതി വിശദീകരണം നൽകി.
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ പാലന്പറന്പിൽ അധ്യക്ഷത വഹിച്ചു.
കോഓഡിനേറ്റർ ചിഞ്ചു മരിയ പീറ്റർ, ഫീൽഡ് സൂപ്പർവൈസർമാരായ ആലീസ്, സിസിൽ, ബിൻസി, വർഗീസ്, ജിനി, ഷിനു, ഷീന ആന്റണി എന്നിവർ നേതൃത്വം നൽകി.