കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞടുപ്പിൽ 14,71,742 വോട്ടർമാർ. വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു.
വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, തിരുവന്പാടി, ഏറനാട്, നിലന്പൂർ, വണ്ടൂർ നിയോജക മണ്ഡലങ്ങളിലായി 14,71,742 വോട്ടർമാരാണുള്ളത്. 2004 സർവീസ് വോട്ടർമാരും ഭിന്നശേഷിക്കാരും 85 വയസിന് മുകളിൽ പ്രായമുള്ളവരുമായി 11,820 വോട്ടർമാരുമാണ് മണ്ഡലത്തിലുള്ളത്. 7,519 വോട്ടർമാരാണ് വീടുകളിൽ നിന്നുതന്നെ വോട്ട് ചെയ്യാൻ സന്നദ്ധതരായി ഇത്തവണയും മുന്നോട്ടുവന്നത്. ഏറ്റവും കൂടുതൽ സർവീസ് വോട്ടർമാരുള്ളത് സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിലാണ്. 458 പേരാണ് ഇവിടെ സർവീസ് വോട്ടർമാരായുള്ളത്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് വിപുലമായ സൗകര്യങ്ങളാണ് ഇത്തവണയും ഒരുക്കിയത്.
ജില്ലയിലെ മൂന്ന് അസംബ്ലി നിയോജക മണ്ഡലങ്ങളിലെയും പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നലെ രാവിലെ മുതൽ തുടങ്ങി. മാനന്തവാടി സെന്റ് പാട്രിക്സ് ഹയർസെക്കൻഡറി സ്കൂൾ, സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളജ്, കൽപ്പറ്റ എസ്കെഎംജെ ഹൈസ്കൂൾ, കൂടത്തായി സെന്റ് മേരീസ് എൽപി സ്കൂൾ, മഞ്ചേരി ചുളളക്കാട് ജിയുപി സ്കൂൾ, മൈലാടി അമൽ കോളജ് എന്നിവടങ്ങളിൽ നിന്നാണ് പോളിംഗ് സാമഗ്രികളുടെ വിതരണം നടന്നത്. കുറ്റമറ്റ രീതിയിലാണ് മുഴുവൻ സംവിധാനങ്ങളും ഇതിന്റെ ഭാഗമായി ക്രമീകരിച്ചത്. വിതരണ കേന്ദ്രങ്ങളിൽ നിന്നും പോളിംഗ് ഉദ്യോഗസ്ഥർക്ക് പോളിംഗ് സാമഗ്രികളുമായി ബൂത്തിലെത്താൻ പ്രത്യേക വാഹനങ്ങളും ഒരുക്കിയിരുന്നു.
തെരഞ്ഞെടുപ്പ് നിർവഹണത്തിനായി സുരക്ഷാ സംവിധാനങ്ങളും ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയുടെ നേതൃത്വത്തിൽ ജില്ലയിൽ വിന്യസിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ 04936 204210, 1950 ടോൾ ഫ്രീ നന്പറുകളിൽ അറിയിക്കാനുള്ള കണ്ട്രോൾ റുമും വിജിൽ ആപ്പും സജ്ജമാക്കിയിട്ടുണ്ട്. ഭിന്നശേഷി സൗഹൃദ, ഹരിത ബൂത്തുകളിലാണ് ഇത്തവണയും തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഹോം വോട്ടുകൾ
പെട്ടിയിലായി
കൽപ്പറ്റ: കാടും ഗ്രാമവഴികളും താണ്ടി ഹോം വോട്ടുകൾ പെട്ടിയിലാക്കി പോളിംഗ് ഉദ്യോഗസ്ഥർ. ഭിന്ന ശേഷിക്കാർക്കും 85 വയസിന് മുകളിലുള്ളവർക്കുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ ഹോം വോട്ടിംഗ് സംവിധാനമാണ് ഒട്ടേറെ മുതിർന്ന വോട്ടർമാർക്കും പ്രയോജനകരമായത്. പോളിംഗ് ബൂത്തുകളിലെ നീണ്ട നിരകളും കാത്തിരിപ്പും അവശതകളുമില്ലാതെ സ്വന്തം വീടുകളിൽ ഇരുന്ന് തന്നെ വോട്ട് ചെയ്യാമെന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹോം വോട്ടിംഗ് സംവിധാനത്തിന്റെ സവിശേഷതയായി മാറി. എന്നാൽ പോളിംഗ് ബൂത്തിലെത്തി തന്നെ വോട്ടു ചെയ്യണമെന്ന് നിർബന്ധമുള്ള ഈ പട്ടികയിലുള്ള വോട്ടർമാർക്കും അവസരം നിഷേധിക്കപ്പെടില്ല. ഇത്തരത്തിലുള്ളവർക്ക് പോളിംഗ് ദിവസം ബൂത്തുകളിലെത്തി സാധാരണ പോലെ വോട്ടുചെയ്യാം.
ബൂത്ത് ലെവൽ ഓഫീസർമാർ ഈ പട്ടികയിലുള്ളവരുടെ വീടുകളിലെത്തി ഹോം വോട്ടിംഗിനുള്ള ഫോറം പൂരിപ്പിച്ച് വാങ്ങുകയായിരുന്നു ആദ്യ നടപടി. ഇങ്ങനെ അപേക്ഷ നൽകിയവർക്ക് പിന്നീട് പോളിംഗ് ബൂത്തിലെത്തി വോട്ടുചെയ്യാൻ കഴിയില്ല. 12 ഡി ഫോറത്തിൽ അപേക്ഷ നൽകിയ മുതിർന്ന 5050 വോട്ടർമാരെയാണ് വയനാട് മണ്ഡലത്തിൽ ഹോം വോട്ടിംഗ് പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതിൽ 4860 വോട്ടർമാർ ഈ സംവിധാനം പ്രയോജനപ്പെടുത്തി. 2408 ഭിന്നശേഷി വോട്ടർമാരാണ് വീടുകളിൽ നിന്നുള്ള വോട്ടിംഗ് സൗകര്യത്തിനായി അപേക്ഷ നൽകിയത്. ഇതിൽ 2330 പേർ വോട്ടുചെയ്തു. വയനാട് ലോക്സഭാ മണ്ഡലത്തിൽ ആകെ 7458 ഹോം വോട്ടിംഗ് അപേക്ഷകളിൽ 7190 പേരാണ് വോട്ടവകാശം വിനിയോഗിച്ചത്.
സ്ഥാനാർഥികളുടെ വിവരങ്ങൾ ചിത്രം സഹിതം രേഖപ്പെടുത്തിയ ബാലറ്റ് പേപ്പറിൽ വോട്ടർമാർ പേന കൊണ്ട് ടിക്ക് ചെയ്ത് വോട്ട് അടയാളപ്പെടുത്തി ബാലറ്റ് പെട്ടിയിൽ നിക്ഷേപിക്കുന്ന രീതിയാണ് ഹോം വോട്ടിംഗിൽ അവലംബിച്ചത്. 96.4 ശതമാനം ഹോം വോട്ടുകൾ നിശ്ചിത സമയ പരിധിക്കുളളിൽ പെട്ടിയിലാക്കാൻ കഴിഞ്ഞതും കുറ്റമറ്റ ക്രമീകരണങ്ങളുടെ വിജയമായി. പോളിംഗ് ഓഫീസർമാർ തുടങ്ങി ബൂത്ത് ലെവൽ ഓഫീസർമാർ വരെയുള്ള 89 ടീമുകളാണ് ജില്ലയിൽ ഹോം വോട്ടിംഗിന് നേതൃത്വം നൽകിയത്. സുൽത്താൻ ബത്തേരിയിൽ 29 ടീമുകളും കൽപ്പറ്റ, മാനന്തവാടി നിയോജകമണ്ഡലങ്ങളിൽ 30 വീതം ടീമുകളെയുമാണ് ഹോം വോട്ടിംഗിനായി വിന്യസിച്ചത്.
ചൂരൽമലയിൽ രണ്ട്
ബൂത്തുകൾ
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ 10, 12 വാർഡുകളിലെ വോട്ടർമാർക്കായി രണ്ട് ബൂത്തുകൾ. പ്രദേശത്തും 11-ാം വാർഡിൽ ഉൾപ്പെട്ടവർക്കായി മേപ്പാടി സ്കൂളിലും പ്രത്യേക പോളിംഗ് ബൂത്ത് ഏർപ്പെടുത്തി. ദുരന്തമേഖലയിൽ നിന്നു വിവിധ താത്കാലിക പുനരധിവാസ മേഖലയിൽ താമസിക്കുന്നവർക്കായി വോട്ടെടുപ്പ് കേന്ദ്രങ്ങളിലെത്താൻ പ്രത്യേക സൗജന്യ വാഹന സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്.
ജില്ലയിൽ അതീവ സുരക്ഷാസന്നാഹം
കൽപ്പറ്റ: ലോക്സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ അതീവ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയതായി ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി അറിയിച്ചു. അന്തർ സംസ്ഥാന സേനയും അന്തർ ജില്ലാ സേനയും തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ജില്ലയിലെത്തി. കൂടാതെ സംസ്ഥാന, ജില്ലാ അതിർത്തികളിലും പ്രത്യേക പോലീസ് പരിശോധന നടക്കുന്നുണ്ട്. സ്ട്രോംഗ് റൂമിനടക്കം പ്രത്യേക സുരക്ഷയൊരുക്കും. എൻസിസി, എസ്പിസി തുടങ്ങി 2700 പോലീസ് അധിക സേനയും ജില്ലയിലുണ്ടാകും. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയിൽ ഡ്രൈഡേയും പ്രഖ്യാപിച്ചിട്ടുണ്ട്.
ബൂത്തുകളിൽ ക്യാമറ
നിരീക്ഷണവലയം
കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ മുഴുവൻ പോളിംഗ് ബൂത്തുകളും കാമറ നിരീക്ഷണ വലയത്തിലായിരിക്കും. വോട്ടെടുപ്പ് പ്രക്രിയ തുടങ്ങുന്നത് മുതൽ പൂർത്തിയാകുന്നതുവരെയുള്ള വോട്ട് ചെയ്യൽ ഒഴികെയുള്ള മുഴുവൻ നടപടികളും കളക്ടറേറ്റിൽ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക കണ്ട്രോൾ റൂമിൽ തത്സമയം നിരീക്ഷിക്കാൻ കഴിയും.
കള്ളവോട്ട് ഉൾപ്പെടെയുള്ള അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും സുതാര്യവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും വേണ്ടിയാണ് വിപുലമായ സംവിധാനങ്ങൾ ഒരുങ്ങിയത്.