തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലേക്കുള്ള കോവിഡ് വാക്സിൻ വിതരണം ആരംഭിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്സിനുകളാണ് എത്തിയത്. പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നുള്ള കോവിഷീൽഡ് വാക്സിനുകൾ വിമാനമാർഗമാണ് കൊച്ചിയിലും തിരുവനന്തപുരത്തും എത്തിച്ചത്.
കൊച്ചിയിലെത്തിച്ച 1,80,000 ഡോസ് വാക്സിനുകൾ എറണാകുളം റീജിയണൽ വാക്സിൻ സ്റ്റോറിലും 1,19,500 ഡോസ് വാക്സിനുകൾ കോഴിക്കോട് റീജിയണൽ വാക്സിൻ സ്റ്റോറിലും തിരുവനന്തപുരത്തെത്തിച്ച 1,34,000 ഡോസ് വാക്സിനുകൾ തിരുവനന്തപുരത്തെ റീജിയണൽ വാക്സിൻ സ്റ്റോറിലും എത്തിച്ചിട്ടുണ്ട്. കോഴിക്കോട് വന്ന വാക്സിനിൽ നിന്നും 1,100 ഡോസ് വാക്സിനുകൾ മാഹിക്കുള്ളതാണെന്നും മന്ത്രി വ്യക്തമാക്കി.
റീജിയണൽ സംഭരണ കേന്ദ്രങ്ങളിൽ വാക്സിൻ എത്തിയ ഉടൻ തന്നെ നടപടിക്രമങ്ങൾ പാലിച്ച് ജില്ലകളിലേക്ക് വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. റീജിയണൽ വാക്സിൻ സ്റ്റോറിൽ നിന്ന് അതാത് ജില്ലാ വാക്സിൻ സ്റ്റോറുകളിലാണ് എത്തിക്കുന്നത്. അവിടെ നിന്നാണ് ബന്ധപ്പെട്ട വാക്സിനേഷൻ കേന്ദ്രങ്ങളിൽ ആവശ്യാനുസരണം വാക്സിൻ എത്തിക്കുന്നത്.
തിരുവനന്തപുരം 64,020, കൊല്ലം 25,960, പത്തനംതിട്ട 21,030, ആലപ്പുഴ 22,460, കോട്ടയം 29,170, ഇടുക്കി 9,240, എറണാകുളം 73,000, തൃശൂർ 37,640, പാലക്കാട് 30,870, മലപ്പുറം 28,890, കോഴിക്കോട് 40,970, വയനാട് 9,590, കണ്ണൂർ 32,650, കാസർഗോഡ് 6,860 ഡോസ് വാക്സിനുകളാണ് ജില്ലകളിൽ വിതരണം ചെയ്യുന്നത്.
സംസ്ഥാനത്ത് ആദ്യഘട്ടമായി 133 കേന്ദ്രങ്ങളിലാണ് ശനിയാഴ്ച വാക്സിനേഷൻ നടക്കുന്നത്. എല്ലാ കേന്ദ്രങ്ങളിലും കോവിഡ് വാക്സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് സജ്ജമാക്കി വരുന്നത്. കോവിഡ് വാക്സിനേഷനായി ഇതുവരെ 3,68,866 പേരാണ് രജിസ്റ്റർ ചെയ്തത്. സർക്കാർ മേഖലയിലെ 1,73,253 പേരും സ്വകാര്യ മേഖലയിലെ 1,95,613 പേരുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.