എംഡിഎംഎയുമായി പിടിയിലായ സ്ത്രീ ഉൾപ്പെടെ നാലുപേർ റിമാൻഡിൽ
Tuesday, October 21, 2025 12:12 PM IST
പുതുപ്പള്ളി: മീനടത്തുനിന്നും എംഡിഎംഎയുമായി അറസ്റ്റിലായ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു പേരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കോട്ടയത്തെ ലോഡ്ജില്‍നിന്ന് ഒരു യുവാവിനെയും എംഡിഎംഎയുമായി തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.
മീനടം വെട്ടത്തുകവല ഇലക്കൊടിഞ്ഞി റോഡില്‍ പുത്തന്‍പുരപ്പടി സമീപം മഠത്തില്‍ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന വാകത്താനം ഇരവുചിറ കൊണ്ടോടിപ്പടി വെള്ളത്തടത്തില്‍ അമല്‍ദേവ് (37), ഇയാളുടെ ഭാര്യ ശരണ്യ രാജന് (35), ആലപ്പുഴ കഞ്ഞിക്കുഴി മൈതറ കുറ്റുവേലി പുകവലപ്പുരക്കല് രാഹുല്‍ രാജ് (33) എന്നിവരെ ഞായറാഴ്ച രാവിലെയും കോട്ടയം ടിബി റോഡ് ഭാഗത്തെ ലോഡ്ജ് മുറിയില്‍ വാടകയ്ക്കു താമസിക്കുന്ന ഇടുക്കി പാറത്തോട് ചേറ്റുപാറ സന്യാസിപ്പാറ തൊടുകയില്‍ അന്‍വര്‍ഷായെ(29)യെ തിങ്കളാഴ്ചയുമാണ് പിടികൂടിയത്.
മീനടത്തുനിന്നും 68.98 ഗ്രാം എംഡിഎംഎ ഇവരുടെ വീടിനുള്ളിലെ അലമാരയില്‍നിന്നും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
അന്‍വര്‍ഷാ താമസിച്ചിരുന്ന ലോഡ്ജില്‍നിന്നും 7.66 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. അന്വര്ഷായ്ക്കെതിരെ പത്തനംതിട്ട, പമ്പ, കരുനാഗപ്പള്ളി സ്റ്റേഷനിലും സമാനമായ കേസുകളുണ്ട്. നാലു പേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.