സംസാരിക്കാൻ വാക്കുകൾ കിട്ടുന്നില്ല, ഒരാഴ്ച മുൻപും ഒന്നിച്ചുണ്ടായിരുന്നു; അസ്രാനിയുടെ വിയോഗത്തിൽ അക്ഷയ് കുമാർ
Tuesday, October 21, 2025 1:13 PM IST
അന്തരിച്ച ബോളിവുഡ് താരം ഗോവർധൻ അസ്രാനിയെ അനുസ്മരിച്ച് നടൻ അക്ഷയ് കുമാർ. അസ്രാനി മരിക്കുന്നതിന് ഒരാഴ്ച മുമ്പ് പോലും തന്റെ വരാനിരിക്കുന്ന ചിത്രമായ ‘ഹൈവാന്റെ’ ചിത്രീകരണത്തിനായി ഒരുമിച്ച് പ്രവർത്തിച്ചിരുന്നുവെന്നും ദുഃഖം കാരണം തനിക്ക് സംസാരിക്കാൻ വാക്കുകൾ കിട്ടുന്നില്ലെന്നും അക്ഷയ് കുമാർ പറഞ്ഞു.
""അസ്രാനി ജിയുടെ വിയോഗത്തിൽ എനിക്ക് വാക്കുകളിലൂടെ പ്രകടിപ്പിക്കാനാകാത്തത്ര ദുഃഖമുണ്ട്. ഒരാഴ്ച മുമ്പ് 'ഹൈവാന്റെ' സെറ്റിൽ വെച്ച് ഞങ്ങൾ ഊഷ്മളമായ സ്നേഹത്തോടെ കെട്ടിപ്പിടിച്ചതേയുള്ളൂ, വളരെ നല്ല മനുഷ്യനായിരുന്നു അദ്ദേഹം.
ഏറ്റവും മികച്ച കോമഡി ടൈമിംഗ് ആണ് അദ്ദേഹത്തിന്റെ പ്രത്യേകത. എന്റെ സിനിമകളായ ഹേരാ ഫേരി മുതൽ ഭാഗം ഭാഗ്, ദേ ദനാ ദാൻ, വെൽക്കം പുറത്തിറങ്ങാനിരിക്കുന്ന ഭൂത് ബംഗ്ലാ, ഹൈവാൻ വരെ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനും അദ്ദേഹത്തിൽ നിന്ന് പലതും പഠിക്കാനും എനിക്ക് സാധിച്ചു. നമ്മുടെ ഇൻഡസ്ട്രിക്ക് ഇതൊരു വലിയ നഷ്ടമാണ്.
ഞങ്ങൾക്ക് ചിരിക്കാൻ ലക്ഷക്കണക്കിന് കാരണങ്ങൾ നൽകിയതിന് അസ്രാണി സാർ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ഓം ശാന്തി''. അസ്രാനിയോടൊപ്പം ഒരു സ്കൂട്ടറിൽ ഇരിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് അക്ഷയ് കുമാർ കുറിച്ചു.
ഹേരാ ഫേരി, ഭൂൽ ഭുലയ്യ, ഖട്ടാ മീഠാ ഉൾപ്പെടെ നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പ്രിയദര്ശനാണ് ഹൈവാൻ സംവിധാനം ചെയ്യുന്നത്.
ദീർഘനാളത്തെ അസുഖത്തെ തുടർന്നാണ് തിങ്കളാഴ്ച ഗോവർധൻ അസ്രാണി അന്തരിച്ചത്. മുംബൈയിലെ സാന്താക്രൂസ് ശ്മശാനത്തിലായിരുന്നു അന്ത്യകർമങ്ങൾ നടന്നത്.
ജുഹുവിലെ ആരോഗ്യനിധി ഹോസ്പിറ്റലിൽ വച്ച് തിങ്കളാഴ്ച വൈകുന്നേരം മൂന്നിനാണ് അസ്രാണി അന്തരിച്ചതെന്ന് അദ്ദേഹത്തിന്റെ മാനേജർ ബാബൂഭായ് തീബ വാർത്താ ഏജൻസിയായ എഎൻഐയോട് സ്ഥിരീകരിച്ചു. ഭാര്യ മഞ്ജു അസ്രാണി. അസ്രാണിക്കും ഭാര്യയ്ക്കും മക്കളില്ല.