ബീഫ് ബിരിയാണി രംഗം, ആഭ്യന്തര ശത്രുക്കൾ എന്ന വാക്ക്; സെൻസർ ബോർഡ് കട്ട് പറഞ്ഞ "ഹാൽ' സിനിമ കാണാൻ ഹൈക്കോടതി
Tuesday, October 21, 2025 2:51 PM IST
ഇരുപതോളം മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പ്രദര്‍ശനാനുമതി നൽകില്ലെന്നു കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് നിർദേശിച്ച ഷെയ്ൻ നിഗം ചിത്രം ‘ഹാൽ’ ഹൈക്കോടതി ശനിയാഴ്ച കാണും. പടമുകളിലുള്ള സ്വകാര്യ സ്റ്റുഡിയോയിൽ വൈകിട്ട് ഏഴിന് ജസ്റ്റിസ് വി.ജി. അരുൺ സിനിമ കാണും.
ഹര്‍ജിക്കാരുടെയും എതിർ കക്ഷികളുടെയും അഭിഭാഷകരും ജസ്റ്റിസ് അരുണിനൊപ്പം സിനിമ കാണും. ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി.
ഷെയ്ൻ നിഗം നായകനായ ബിഗ് ബജറ്റ് സിനിമയിൽനിന്ന് 20 ഓളം ഭാഗങ്ങൾ നീക്കം ചെയ്യണമെന്നും ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകാമെന്നുമാണ് സെൻസർ ബോർഡ് നിർദേശിച്ചിരിക്കുന്നത്. തുടർന്ന് നിർമാതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സെൻസർ ബോർഡ് തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ച നിർമാതാവ് ജൂബി തോമസ്, സംവിധായകൻ മുഹമ്മദ് റഫീക് (വീര) എന്നിവരാണു സിനിമ കാണണമെന്ന ആവശ്യവും മുന്നോട്ടുവച്ചത്.
തുടർന്ന് ഈ ആവശ്യം ജസ്റ്റിസ് അരുണ്‍ അംഗീകരിക്കുകയായിരുന്നു. ചലച്ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന ധ്വജപ്രണാമം, സംഘം കാവലുണ്ട്, ആഭ്യന്തര ശത്രുക്കൾ, ഗണപതിവട്ടം അടക്കമുള്ള പദപ്രയോഗങ്ങൾ ഒഴിവാക്കണമെന്നും ചിത്രത്തിൽ നിന്ന് ബീഫ് ബിരിയാണി കഴിക്കുന്ന രംഗം നീക്കം ചെയ്യണമെന്നുമായിരുന്നു സെൻസർ ബോർഡിന്റെ നിർദേശങ്ങളിൽ ചിലത്.
മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞാൽ ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ് നൽകാമെന്നും ബോർഡ് വ്യക്തമാക്കിയിരുന്നു. എന്നാൽ ചിത്രത്തിൽ അക്രമദൃശ്യങ്ങളോ നഗ്നത പ്രദർശിപ്പിക്കലോ ഒന്നുമില്ലെന്ന് ഹർജിക്കാർ പറയുന്നു.
നേരത്തേ കത്തോലിക്ക കോൺഗ്രസിനെയും കേസിൽ കക്ഷി ചേരാൻ കോടതി അനുവദിച്ചിരുന്നു. സിനിമയുടെ ഉള്ളടക്കം മതസൗഹാർദത്തിനു ഭീഷണിയാണെന്നും ക്രൈസ്തവ സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്താൻ സാധ്യതയുണ്ടെന്നുമാണ് കേസിൽ കക്ഷി ചേരുന്നതിനു കാരണമായി പറഞ്ഞിരുന്നത്.