കെട്ടിക്കിടക്കുന്ന കേസുകൾ: പരിഹാരവും അവധിക്ക്
Tuesday, October 21, 2025 12:00 AM IST
രാജ്യത്ത് 5.34 കോടി കേസുകൾ തീർപ്പാകാതെ കെട്ടിക്കിടക്കുന്നു. കാരണങ്ങൾ അറിയാമെങ്കിലും, പരിഹാരം സർക്കാരും കോടതിയും ചേർന്ന് അവധിക്കു വച്ചിരിക്കുകയാണ്.
ഇതല്ലേ യാഥാർഥ്യം? ഒരു പകലത്രയും കോടതിവരാന്തയിൽ ഇരിക്കാനൊരിടമില്ലാതെ കാതു കൂർപ്പിച്ചു നിൽക്കുന്ന സ്ത്രീകളും വൃദ്ധരും രോഗികളും ഉൾപ്പെടെയുള്ള കക്ഷികളിൽ ഏറെ പേർക്കും ആകെ അറിയാനുള്ളത്, കേസിന്റെ അടുത്ത അവധി എന്നായിരിക്കുമെന്നു മാത്രമാണ്.
അഭയാർഥികളെപ്പോലെ നിൽക്കാനുള്ള അടുത്ത തീയതിയും കുറിച്ച് വീട്ടിലെത്തുന്പോൾ നഷ്ടമാകുന്നത് ഒരു ദിവസം മാത്രമല്ല, നീതിയെക്കുറിച്ചുള്ള ജനാധിപത്യ പ്രതീക്ഷകളുമാണ്. ജില്ലാ കോടതികളിൽ 8,82,578 സിവിൽ കേസുകളിലെ ഹർജികൾ തീർപ്പാകാതെ കിടക്കുന്നതിൽ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നു.
സെപ്റ്റംബർ 25ലെ മറ്റൊരു കണക്കനുസരിച്ച്, രാജ്യത്ത് 5.34 കോടി കേസുകൾ തീർപ്പാകാതെ കെട്ടിക്കിടക്കുന്നു. കാരണങ്ങൾ അറിയാമെങ്കിലും, പരിഹാരം സർക്കാരും കോടതിയും ചേർന്ന് അവധിക്കു വച്ചിരിക്കുകയാണ്.
ഹർജികൾ ആറു മാസത്തിനകം തീർപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഹൈക്കോടതികൾക്ക് സുപ്രീംകോടതി നിർദേശം നൽകിയിരിക്കേയാണ് കേസുകൾ വൈകുന്നത്. ഹൈക്കോടതികളിൽനിന്ന് ലഭിക്കുന്ന കണക്കുകൾ നിരാശപ്പെടുത്തിയെന്ന് ജസ്റ്റീസുമാരായ ജെ.ബി. പർദിവാലയും പങ്കജ് മിത്തലും അടങ്ങിയ ബെഞ്ച് കഴിഞ്ഞദിവസത്തെ ഉത്തരവിൽ നിരീക്ഷിച്ചു.
നേരത്തേ ഒരു കേസിൽ 2025 മാർച്ച് ആറിന് പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കിയോ എന്ന കാര്യം പരിശോധിക്കുകയായിരുന്നു സുപ്രീംകോടതി. ഏറ്റവും കൂടുതൽ ഹർജികൾ തീർപ്പാകാതെ കിടക്കുന്നത് ബോംബെ ഹൈക്കോടതിയിലാണ് - 3.41 ലക്ഷം ഹർജികൾ. മദ്രാസ് ഹൈക്കോടതിക്കു കീഴിൽ 86,148 ഹർജികളും കേരളത്തിൽ 82,997 ഹർജികളുമാണ് തീർപ്പുകൽപ്പിക്കാൻ കാത്തുകിടക്കുന്നത്.
കഴിഞ്ഞ ആറു മാസത്തിൽ 3,38,685 ഹർജികൾ തീർപ്പാക്കിയിട്ടുണ്ട്. എന്നാൽ, ഇപ്പോഴും തീർപ്പാകാതെ കിടക്കുന്ന ഹർജികളുടെ എണ്ണം അതിന്റെ ഇരട്ടിയിലധികമാണെന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കർണാടക ഹൈക്കോടതി കണക്കുപോലും കൊടുത്തിട്ടില്ല. നിലവിൽ രാജ്യത്ത് തീർപ്പാകാതെ കിടക്കുന്ന കേസുകൾ നാഷണൽ ജുഡീഷൽ ഡേറ്റാ ഗ്രിഡിന്റെ കണക്കിലുണ്ട്. 5.34 കോടി കേസുകൾ! ജില്ലാക്കോടതി വരെയുള്ള കീഴ്ക്കോടതികളിലാണ് 4.7 കോടി കേസുകളും. ഹൈക്കോടതികളിലുള്ളത് 63.8 ലക്ഷം. സുപ്രീംകോടതിയിൽ 88,251 കേസുകളുണ്ട്.
കേരള ഹൈക്കോടതിയിൽ മാത്രം വിധി കാത്തിരിക്കുന്നത് രണ്ടര ലക്ഷത്തോളം കേസുകളാണ്. ഇതിൽ പത്തുമുതൽ മുപ്പതു വർഷം വരെ പഴക്കമുള്ള കേസുകളുണ്ട്. ജില്ലാ കോടതികളിലും കീഴ്കോടതികളിലും തീർപ്പാകാതെ കിടക്കുന്നത് 18.05 ലക്ഷം കേസുകളാണ്. ജഡ്ജിമാരുടെയും അഭിഭാഷകരുടെയും അഭാവം, കുറ്റവാളികളുടെ മുങ്ങൽ, സാക്ഷികളില്ലാത്തത്, വിവിധ കോടതികളിലെ സ്റ്റേകൾ, രേഖകളുടെ അഭാവം, തുടർച്ചയായ അപ്പീലുകൾ തുടങ്ങിയവയാണ് കാരണങ്ങൾ.
നിസാര കാരണത്തിനുപോലും കേസുകൾ മാറ്റിവയ്ക്കുന്നത് പലപ്പോഴും നിർവികാരമായൊരു ഉദ്യോഗസ്ഥ മനോഭാവമായി മാറി. സുപ്രീംകോടതി ഇതിനെതിരേ നൽകിയിട്ടുള്ള നിർദേശങ്ങൾക്കു വലിയ വിലയൊന്നും കീഴ്കോടതികളിൽ ലഭിച്ചിട്ടില്ല. ജഡ്ജിമാരുടെ ഒഴിവുകൾ സമയബന്ധിതമായി നികത്തപ്പെടാത്തത് വലിയ പ്രതിസന്ധിയാണ്. അതേസമയം, ഏറെ ചർച്ച ചെയ്യപ്പെടാത്ത കാര്യമാണ് കോടതികളുടെ അവധിദിനങ്ങൾ. ഇത്രയേറെ കേസുകൾ കെട്ടിക്കിടക്കുന്പോഴും മധ്യവേനൽ അവധിയുൾപ്പെടെ കോടതികളുടെ പ്രവൃത്തിദിനങ്ങൾ ഏകദേശം 200 മുതൽ 250 വരെ മാത്രമാണ്.
ഇപ്പോൾ മധ്യവേനലവധിയുടെ പേര് ‘ഭാഗിക പ്രവൃത്തിദിനങ്ങൾ’ എന്നാണ്. മുതിർന്ന ജഡ്ജിമാർ ഈ സമയത്ത് വാദം കേൾക്കുന്നതു പതിവില്ലെങ്കിലും ചരിത്രത്തിൽ ആദ്യമായി ഇപ്പോഴത്തെ ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ് അവധിക്കാല ബെഞ്ചിനു നേതൃത്വം നൽകി. മുന്പ്, രണ്ട് അവധിക്കാല ബെഞ്ചുകള് മാത്രമുണ്ടായിരുന്നിടത്ത് ഇത്തവണ 21 ബെഞ്ചുകൾ ചീഫ് ജസ്റ്റീസ് നാമനിര്ദേശം ചെയ്തതും ആശ്വാസകരമാണ്.
സമാനമല്ലെങ്കിലും, സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഇതിലുമധികം ഫയലുകൾകൂടി കണക്കിലെടുത്താൽ ഈ രാജ്യത്തെ ജനങ്ങളിൽ വലിയൊരു വിഭാഗം വിധിക്കപ്പെടാത്തൊരു തടവുശിക്ഷ അനുഭവിക്കുകയാണ്. കോടതിയുടെയും സർക്കാർ ഓഫീസുകളുടെയും വരാന്തയിൽ വിഷാദരോഗികളെപ്പോലെ ജനങ്ങൾക്കു കയറിയിറങ്ങേണ്ടിവരുന്നത്, ജനാധിപത്യത്തിന്റെ രണ്ടു തൂണുകളായ സർക്കാരിന്റെയും കോടതിയുടെയും ബലക്ഷയമാണ്. ഇതിനെതിരേ ഒരുത്തരവും പുറപ്പെടുവിക്കാനാകാത്ത പൗരന്മാർ ആ തൂണുകൾക്കു ചുവട്ടിൽ നിസഹായരായി നിന്നു ഹാജർ പറയുന്നു. ഇനിയും നിങ്ങൾ അവധിക്കു വയ്ക്കുകയാണോ?