ഇന്ത്യക്ക് 21 റണ്‍സ് ജയം
Saturday, September 20, 2025 1:47 AM IST
അബുദാബി: മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണ് അർധസെഞ്ചുറി നേടിയ ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യക്ക് 21 റണ്‍സ് ജയം.
ഗ്രൂപ്പ് എയിൽ തങ്ങളുടെ അവസാന മത്സരത്തിൽ ഒമാന്‍ എതിരേയാണ് ഇന്ത്യ 21 റണ്‍സ് ജയം സ്വന്തമാക്കിയത്. സ്കോർ: ഇന്ത്യ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 188. ഒമാൻ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 167. സഞ്ജുവാണ് പ്ലെയർ ഓഫ് ദ മാച്ച്.
മൂന്നാം നന്പറിൽ സഞ്ജു
അഭിഷേക് ശർമ - ശുഭ്മാൻ ഗിൽ ഓപ്പണിംഗ് കൂട്ടുകെട്ടിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. രണ്ടാം ഓവറിന്റെ മൂന്നാം പന്തിൽ ഗിൽ (എട്ട് പന്തിൽ അഞ്ച്) ക്ലീൻ ബൗൾഡ്. ഫൈസൽ ഷായ്ക്ക് ആയിരുന്നു വിക്കറ്റ്. മൂന്നാം നന്പറായി ക്രീസിൽ എത്തിയത് സഞ്ജു സാംസണ്.
സഞ്ജുവും അഭിഷേക് ശർമയും തമ്മിലുള്ള കൂട്ടുകെട്ട് 72 റണ്‍സ് വരെ നീണ്ടു. എട്ടാം ഓവറിന്റെ ആദ്യ പന്തിൽ അഭിഷേക് പുറത്ത്. 15 പന്തിൽ രണ്ട് സിക്സും അഞ്ച് ഫോറും അടക്കം 38 റണ്‍സ് നേടിയശേഷമാണ് അഭിഷേക് മടങ്ങിയത്.
34 പന്തിൽ 66 റണ്‍സ് രണ്ടാം വിക്കറ്റിൽ സഞ്ജുവും അഭിഷേകും ചേർന്നു സ്വന്തമാക്കി. നേരിട്ട 41-ാം പന്തിൽ അർധസെഞ്ചുറി തികച്ച സഞ്ജു 45 പന്തിൽ 56 റണ്‍സ് നേടി. മൂന്നു സിക്സും മൂന്നു ഫോറും അടക്കമാണിത്. സഞ്ജുവിന്റെ മൂന്നാം രാജ്യാന്തര ട്വന്റി-20 അർധസെഞ്ചുറിയാണിത്.
തുടർന്ന് ക്രീസിൽ എത്തിയ ഹാർദിക് പാണ്ഡ്യക്ക് (ഒരു പന്തിൽ ഒന്ന്) ഒന്നും ചെയ്യാൻ സാധിച്ചില്ല. അഞ്ചാം നന്പറായി ക്രീസിൽ എത്തിയ അക്സർ പട്ടേൽ സ്കോർ ഉയർത്തി. 13 പന്തിൽ ഒരു സിക്സും മൂന്നു ഫോറും അടക്കം 26 റണ്‍സ് അക്സർ പട്ടേൽ സ്വന്തമാക്കി.
ശിവം ദുബെ (എട്ട് പന്തിൽ അഞ്ച്) വേഗം മടങ്ങിയെങ്കിലും ഏഴാമനായി ക്രീസിൽ എത്തിയ തിലക് വർമ തകർത്ത് അടിച്ചു. 18 പന്തിൽ രണ്ട് സിക്സും ഒരു ഫോറും അടക്കം 29 റണ്‍സ് നേടിയ തിലകിന്റെ ഇന്നിംഗ്സ് ഇന്ത്യൻ സ്കോർ 170 കടത്തി. എട്ട് പന്തിൽ 13 റണ്‍സുമായി ഹർഷിത് റാണ പുറത്താകാതെ നിന്നു.
ഓ... മാൻ
ഇന്ത്യയുടെ വന്പ് കണ്ട് ഒമാൻ ഭയന്നില്ല. ആദ്യ വിക്കറ്റിൽ ക്യാപ്റ്റൻ ജതീന്ദർ സിംഗും (33 പന്തിൽ 32) അമിർ കലീമും (46 പന്തിൽ 64) ചേർന്ന് 8.1 ഓവറിൽ 56 റണ്‍സ് നേടിയശേഷമാണ് പിരിഞ്ഞത്. ജതീന്ദർ സിംഗിനെ കുൽദീപ് യാദവ് ബൗൾഡാക്കി ഈ കൂട്ടുകെട്ട് പൊളിച്ചു. മൂന്നാം നന്പറിൽ ക്രീസിൽ എത്തിയ ഹമ്മദ് മിർസയും മികച്ച ബാറ്റിംഗ് കെട്ടഴിച്ചു.
33 പന്തിൽ രണ്ട് സിക്സും അഞ്ച് ഫോറും അടക്കം 51 റണ്‍സ് മിർസയുടെ ബാറ്റിൽനിന്ന് പിറന്നു. രണ്ട് സിക്സും ഏഴ് ഫോറും അടക്കം 64 റണ്‍സ് നേടിയ കലീമാണ് ഇന്ത്യൻ ബൗളർമാരെ ശിക്ഷിച്ചത്. ഈ മൂന്നു ബാറ്റർമാരും പുറത്തായതോടെ ഒമാന്റെ പോരാട്ടം അവസാനിച്ചു. ഒടുവിൽ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 167 റണ്‍സ് എന്ന നിലയിൽ ഒമാൻ മുട്ടുമടക്കി.