റെഡ് സല്യൂട്ട്
Monday, April 28, 2025 1:55 AM IST
ലിവര്‍പൂള്‍: ഇംഗ്ലീഷ് ഫുട്ബോള്‍ പ്രേമികള്‍ക്കു റെഡ്സിന്റെ റെഡ് സല്യൂട്ട്. 2024-25 സീസണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ലിവര്‍പൂള്‍ എഫ്സി സ്വന്തമാക്കി. നാലു മത്സരങ്ങള്‍ ബാക്കിനില്‍ക്കേയാണ് ദ റെഡ്സ് എന്നറിയപ്പെടുന്ന ലിവര്‍പൂള്‍ കിരീടം ഉറപ്പാക്കിയത്. 34-ാം റൗണ്ട് പോരാട്ടത്തില്‍ സ്വന്തം തട്ടകമായ ആന്ഫീല്ഡില്വച്ച് ലിവര്‍പൂള്‍ 5-1നു ടോട്ടന്‍ഹാം ഹോട്ട്സ്പുറിനെ തരിപ്പണമാക്കി ചാന്പ്യൻപട്ടമണിഞ്ഞു.
12-ാം മിനിറ്റില്‍ ഡൊമിനിക് സോളങ്കെയുടെ ഗോളില്‍ പിന്നിലായശേഷമാണ് ചെമ്പടയുടെ ആധികാരിക തിരിച്ചുവരവ് ജയം. 16-ാം മിനിറ്റില്‍ ലൂയിസ് ഡിയസിന്റെ സമനില ഗോള്‍.
പിന്നീട് അങ്ങോട്ട് ചെമ്പടയുടെ കലിതുള്ളലായിരുന്നു ആന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ ലോകം കണ്ടത്. 24-ാം മിനിറ്റില്‍ അലക്സിസ് മക്അല്ലിസ്റ്റര്‍, 34-ാം മിനിറ്റില്‍ കോഡി ഗാക്പൊ, 63-ാം മിനിറ്റില്‍ സൂപ്പര്‍ താരം മുഹമ്മദ് സല... 69-ാം മിനിറ്റില്‍ ഉഡോഗിയുടെ സെല്‍ഫ് ഗോളുമെത്തി.
ട്വന്റി-20, ആർനെ സ്ലോട്ട്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് (ഇപിഎല്‍) കിരീടം ലിവര്‍പൂള്‍ എഫ്സി സ്വന്തമാക്കുന്നത് ഇതു രണ്ടാം തവണ. 2019-20 സീസണില്‍ ആയിരുന്നു ആദ്യ പ്രീമിയര്‍ ലീഗ് കിരീട നേട്ടം. എന്നാല്‍, ഇംഗ്ലീഷ് ഒന്നാം ഡിവിഷന് കിരീടത്തില്‍ ചെമ്പട മുത്തമിടുന്നത് ഇത് 20-ാം തവണ. ഒന്നാം ഡിവിഷന് കിരീടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ (20 കിരീടം) റിക്കാര്‍ഡിന് ഒപ്പവും ചെന്പട എത്തി.
34 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ലിവര്‍പൂളിന് 82 പോയിന്റായി. ആദ്യ സീസണില്‍ത്തന്നെ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കുന്ന അഞ്ചാമത് പരിശീലകന് എന്ന നേട്ടം ലിവർപൂൾ മാനേജർ ആർനെ സ്ലോട്ട് സ്വന്തമാക്കി.